ജില്ലയെ വിറപ്പിച്ച് ഡെങ്കിപ്പനി
നീലേശ്വരം: ഈ വര്‍ഷം മലയോര മേഖലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരുന്ന ഡെങ്കിപ്പനി ജില്ലയില്‍ പടര്‍ന്നു പിടിക്കാന്‍ തുടങ്ങി. ഇന്നലെ മാത്രം 14 കേസുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നു റിപ്പോര്‍ട്ട് ചെയ്തത്. 66 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി സംശയിക്കുന്നുമുണ്ട്.
ദേലമ്പാടി പഞ്ചായത്തിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ നാലുപേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്. മൊഗ്രാല്‍-പുത്തൂര്‍ (2), ചെങ്കള (2), എന്‍മകജെ, മധൂര്‍, കുമ്പഡാജെ, ഈസ്റ്റ് എളേരി, മഞ്ചേശ്വരം, കോടോം-ബേളൂര്‍ (ഒന്നു വീതം) എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തുകളില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ കണക്ക്. അതേ സമയം, ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും ഡെങ്കിപ്പനി ബാധിതരാണെന്നു സംശയിക്കപ്പെടുന്ന രോഗികളുണ്ട്.
ആദ്യഘട്ടത്തില്‍ മലയോര പഞ്ചായത്തുകളായ ഈസ്റ്റ് എളേരി, ബളാല്‍, കിനാനൂര്‍-കരിന്തളം, കോടോം-ബേളൂര്‍ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതു ജില്ല മുഴുവന്‍ വ്യാപിച്ചിരിക്കുകയാണ്. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെയായി 119 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു. 761 ആണ് ഡെങ്കിപ്പനി ബാധിതര്‍ എന്നു സംശയമുള്ളവരുടെ എണ്ണം. മൂന്നു പേര്‍ ഇതുവരെയായി ഡെങ്കിപ്പനി ബാധിച്ചു മരിച്ചു. ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ കണക്കുകളാണിത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയവരുടെ എണ്ണവും ഇതില്‍പെടും.
അതേ സമയം മംഗളൂരുവില്‍ ചികിത്സയ്ക്കു പോകുന്നവര്‍ ഇതിനു പുറമേയുണ്ട്. അവരുടെ കൃത്യമായ കണക്കുകള്‍ ലഭ്യവുമല്ല.
മലയോര പഞ്ചായത്തുകളില്‍ പനി ബാധിതര്‍ കുറഞ്ഞെങ്കിലും മറ്റു പഞ്ചായത്തുകളില്‍ വ്യാപകമായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ആരോഗ്യപ്രവര്‍ത്തകരുടേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കാര്യക്ഷമമായ ഇടപെടലാണ് മലയോര മേഖലയില്‍ പനി ബാധിതരുടെ എണ്ണം കുറയാന്‍ കാരണം.
ഇതര പഞ്ചായത്തുകളിലും അവലോകന യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് ഡെങ്കിപ്പനിക്കെതിരേ ജാഗ്രത പാലിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."