ഒഹായോയിലെ നിശാക്ലബിലും ലാസ്‌വേഗാസിലെ ഇരുനില ബസിലും വെടിവയ്പ്പ്: രണ്ടു മരണം
ഒഹായോ: ഒഹായോയിലെ കാമിയോ നിശാക്ലബിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.14 പേര്‍ക്ക് പരുക്കേറ്റു. രണ്ടുപേരാണ് വെടിവയ്പ് നടത്തിയതെന്ന് പൊലിസ് പറഞ്ഞു.
ഒഹായോയിലെ സിന്‍സിന്നാറ്റിയിലാണ് ആക്രമണം നടന്ന നിശാക്ലബ്. അക്രമികള്‍ക്ക് ഭീകരബന്ധമുണ്ടോയെന്ന് വ്യക്തമല്ലെന്ന് പൊലിസ് പറഞ്ഞു.
നിരവധി പേര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ടെന്ന് സിന്‍സിന്നാറ്റി അസിസ്റ്റന്റ് പൊലിസ് മേധാവി പോള്‍ നുഡിന്‍ഗേറ്റ് പറഞ്ഞു.
പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.100 ലേറെ പേരാണ് വെടിവയ്പ് നടക്കുമ്പോള്‍ ക്ലബിലുണ്ടായിരുന്നത്. നേരത്തെയും ക്ലബില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പൊലിസ് വക്താവ് പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് ഫ്‌ളോറിഡ ഒര്‍ലാന്‍ഡോയിലെ നിശാക്ലബിലും വെടിവയ്പുണ്ടായിരുന്നു.
49പേരാണ് ഈ സംഭവത്തില്‍ കൊല്ലപ്പെട്ടത്. ഉമര്‍ മതീന്‍ എന്നയാളാണ് ആക്രമണം നടത്തിയത്.
ലാസ്‌വേഗാസില്‍ അക്രമി അറസ്റ്റില്‍
ലാസ്‌വേഗാസ്: യു.എസിലെ ലാസ്‌വേഗാസില്‍ ഇരുനില ബസിനു നേരെയുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബസില്‍ കയറിയ തോക്കുധാരി മണിക്കൂറുകളോളം യാത്രക്കാരെ ബന്ദികളാക്കി. ശനിയാഴ്ച രാവിലെ11 നാണ് സംഭവം. ലാസ്‌വേഗാസിലെ ബൊളിവാര്‍ഡിലെത്തിയപ്പോഴാണ് ബസില്‍ തോക്കുധാരി ഇരച്ചുകയറിയത്. കോസ്‌മോ പൊളിറ്റന്‍ ഹോട്ടലില്‍ ബസ് നിര്‍ത്തിയതായിരുന്നു.
ബസില്‍ കയറിയ അക്രമി യാത്രക്കാര്‍ക്ക് നേരെ വെടിവച്ചെന്ന് യാത്രക്കാര്‍ പറഞ്ഞു. ആര്‍ക്കും ബസില്‍ നിന്ന് പുറത്തിറങ്ങാനായില്ല. പരുക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളാണ് മരിച്ചത്. പൊലിസിന്റെ കവചിത വാഹനം ബസ് വളഞ്ഞാണ് ബന്ദികളെ രക്ഷപ്പെടുത്തിയത്.
തിരക്കേറിയ റോഡ് അടച്ചാണ് പൊലിസ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 50 കാരനായയാളാണ് വെടിവച്ചതെന്ന് പൊലിസ് പറയുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തു. ഉച്ചയ്ക്ക് ശേഷം 3.30 നാണ് ബന്ദിനാടകം അവസാനിച്ചത്. പിടിയിലായ ആളാണോ പ്രതിയെന്ന് ഉറപ്പായിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. ഭീകരബന്ധമുണ്ടോയെന്നും പൊലിസ് സ്ഥിരീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."