ജില്ലയില്‍ പരാതി രഹിത റീസര്‍വേയ്ക്കു തുടക്കം
കാസര്‍കോട്: ജില്ലയില്‍ ഹൊസ്ദുര്‍ഗ് താലൂക്കിലെ ഉദുമ, പളളിക്കര-1, പള്ളിക്കര-2, കീക്കാന്‍, ചിത്താരി, അജാനൂര്‍, ഹൊസ്ദുര്‍ഗ്, ചെറുവത്തൂര്‍, പിലിക്കോട്, മാണിയാട്ട് എന്നീ 10 വില്ലേജുകളില്‍ പരാതി രഹിത റീസര്‍വേ പ്രവര്‍ത്തനം തുടങ്ങി. 2002ല്‍ ജില്ലയില്‍ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലായി 12 വില്ലേജുകളില്‍ മാത്രം റീസര്‍വേ പൂര്‍ത്തിയാക്കി റവന്യൂ ഭരണത്തിനു കൈമാറിയിരുന്നു. പരിമിതമായ ജീവനക്കാരെ മാത്രം ഉപയോഗിച്ചാണ് ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയിട്ടുളളത്. ഇതോടൊപ്പം ജില്ലയിലെ മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കുളള ഭൂമി ഏറ്റെടുക്കുന്ന ജോലികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാനായിട്ടുണ്ട്.
2012ല്‍ സര്‍ക്കാര്‍ ഭൂമിയില്‍ മാത്രമായി നിജപ്പെടുത്തിയ റീസര്‍വേ പ്രവര്‍ത്തനം പുനഃസ്ഥാപിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണു ജില്ലയില്‍ പ്രാഥമിക ഘട്ടത്തില്‍ കൃത്യമായ ആക്ഷന്‍ പ്ലാനോടും സമയബന്ധിതമായും നിര്‍ദിഷ്ട വില്ലേജുകളില്‍ റീസര്‍വേ നടത്തുന്നത്.
റീസര്‍വേ സമയത്ത് ആധാരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കു കാണിച്ചുകൊടുത്ത് സ്ഥലത്തിന്റെ കൈവശാതിര്‍ത്തി കൃത്യമായി ചൂണ്ടിക്കാട്ടി അതിര്‍ത്തി തര്‍ക്കങ്ങള്‍ ഒഴിവാക്കാം. റീസര്‍വേയില്‍ ശരിയായ പേരുവിവരങ്ങള്‍ ചേര്‍ത്ത് റിക്കാര്‍ഡുകള്‍ തയാറായില്ലായെങ്കില്‍ ഭാവിയില്‍ ഭൂമിസംബന്ധമായ ഇടപാടുകള്‍ക്ക് ബുദ്ധിമുട്ടായിരിക്കുമെന്ന് അസി. ഡയറക്ടര്‍ പറഞ്ഞു. ഇത്തവണ റീസര്‍വേ പ്രവര്‍ത്തനങ്ങളില്‍ പരാതിരഹിത റീസര്‍വേ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ ഓരോ വില്ലേജിലെയും ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍, വായനശാലകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങി എല്ലാവരുടേയും പൂര്‍ണ സഹകരണത്തോടെയാണു നടത്തുക. ഇതിനായി ജില്ലാതലത്തിലും പ്രാദേശികതലത്തിലും മോണിറ്ററിങ് കമ്മിറ്റികള്‍ രൂപീകരിക്കും.
ഓരോ ഭൂവുടമസ്ഥരുടെയും കൈവശഭൂമിയുടെ അതിര്‍ത്തികള്‍ വ്യക്തമായി ഉണ്ടായിരിക്കണം.
ആധാരം, പട്ടയം, പട്ടയസ്‌കെച്ച് തുടങ്ങി ഭൂമിയുടെ പ്രമാണങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണം. റീസര്‍വേ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായവിവരങ്ങള്‍ നല്‍കണം. ഭൂമിയുടെ അതിര്‍ത്തിയില്‍ സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നതിന് സഹകരിക്കുകയും അതിര്‍ത്തികളിലെ കാടുകള്‍ വെട്ടിത്തെളിക്കുകയും വേണം.
നിലവില്‍ ഉപയോഗിച്ചുവരുന്ന റവന്യൂ റിക്കാര്‍ഡുകള്‍ 1920 കാലഘട്ടത്തില്‍ തയാറാക്കിയവയാണ്. ഈ റിക്കാര്‍ഡുകളില്‍ നാളതീകരണ ജോലികളും പോക്കുവരവും യഥാസമയം നടക്കാതിരുന്നതിനാല്‍ കൈവശങ്ങളിലുണ്ടായ മാറ്റങ്ങള്‍ റവന്യൂ റിക്കാര്‍ഡുകളില്‍ വന്നിട്ടില്ല. റീസര്‍വേ നടക്കുന്നതിലൂടെ സുഗമമായ റവന്യൂ ഭരണത്തിനും സര്‍ക്കാര്‍ ഭൂമിയുടെ സംരക്ഷണത്തിനും സഹായകമാകും.
ഓരോ കൈവശത്തിനും തണ്ടപ്പേരും സര്‍വേ നമ്പരും സബ്ഡിവിഷന്‍ നമ്പരും വിസ്തീര്‍ണവും ലഭിക്കുകയും ഓരോ കൈവശക്കാരനും ആവശ്യമായ ഫീസ് അടച്ചാല്‍ ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കുകയും ചെയ്യും. സര്‍ക്കാര്‍ ഭൂമിയുടെ അളവുകള്‍ കൃത്യമായി നിലനിര്‍ത്തുന്നതിനാല്‍ കൈയേറ്റങ്ങള്‍ കണ്ടെത്താന്‍ സാധിക്കും.
426 സര്‍വേയര്‍, ഡ്രാഫ്റ്റ്‌സ്മാന്‍, 10 സൂപ്രണ്ട്, മൂന്ന് അസി.ഡയറക്ടര്‍മാര്‍ കോ-ഓര്‍ഡിനേറ്ററായി ഒരു ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിങ്ങനെയാണ് സര്‍വേ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."