മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇന്നത്തെ വാര്‍ത്താസമ്മേളനം- പൂർണരൂപം വായിക്കാം
കോവിഡ്-19 കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുകയാണ്. 206 ലോക രാജ്യങ്ങളില്‍ രോഗബാധ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
9,32,166 പേര്‍ക്ക് ഇതുവരെ ലോകത്താകെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത്. 46,746 മരണം സംഭവിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത് അമേരിക്കന്‍ ഐക്യനാടുകളിലാണ്. അവിടെ 1,87,302 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3846 പേര്‍ മരിച്ചു. ഇറ്റലിയില്‍ 1,10,574 പേര്‍ക്കാണ് രോഗം ബാധിച്ചത്. മരണസംഖ്യ 13,157.
ഈ രോഗവ്യാപനത്തിന്‍റെ ഗൗരവം മനസ്സിലാക്കാന്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് സ്റ്റേറ്റിന്‍റെ അവസ്ഥ ശ്രദ്ധിച്ചാല്‍ മതി. അവിടെ മാര്‍ച്ച് ഒന്നിനാണ് ആദ്യം കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ അവിടെ 92,381 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നു. 2219 പേര്‍ അവിടെ മാത്രം മരിച്ചു. 1.94 കോടിയാണ് ന്യൂയോര്‍ക്കിലെ ജനസംഖ്യ.
കഴിഞ്ഞദിവസം ന്യൂയോര്‍ക്ക് ഗവര്‍ണര്‍ പറഞ്ഞത് 16,000 ന്യൂയോര്‍ക്കുകാര്‍ കൊറോണ ബാധിച്ച് മരിക്കാന്‍ പോകുന്നു എന്നാണ്. ന്യൂയോര്‍ക്കില്‍ മാത്രമല്ല, വികസനം കൊണ്ടും സമ്പന്നത കൊണ്ടും ഉയരങ്ങളില്‍ നില്‍ക്കുന്ന പല നാടുകളിലും ഇത് ബാധിച്ചിരിക്കുകയാണ്. ആ പശ്ചാത്തലത്തില്‍ വേണം കേരളം കോവിഡ് 19നെ പ്രതിരോധിക്കാന്‍ നടത്തുന്ന ഒറ്റക്കെട്ടായ സമരത്തെ കാണാന്‍.
കേരളത്തില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് ജനുവരി 30നാണ് (വുഹാനില്‍ നിന്നുള്ളത്). ഇതുവരെ ഇവിടെയുള്ള 295 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പോസിറ്റീവായവരുള്‍പ്പെടെ ഇതുവരെ രോഗബാധയുണ്ടായ 206 പേര്‍ വിദേശത്തുനിന്നു വന്ന മലയാളികളാണ്. ഏഴുപേര്‍ വിദേശികള്‍. രോഗികളുമായി സമ്പര്‍ക്കംമൂലം വൈറസ് ബാധിച്ചവര്‍ 78. ഇതിനുപുറമെ ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ നിസാമുദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തി നിരീക്ഷണത്തിലുള്ളവരാണ്. ഒരാള്‍ ഗുജറാത്തില്‍നിന്ന് എത്തിയതാണ്.
ഈ സ്ഥിതിവിവരകണക്കുകള്‍ തെളിയിക്കുന്നത് വലിയതോതില്‍ രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ നമുക്ക് കഴിയുന്നു എന്നുതന്നെയാണ്. നമ്മുടെ ഒറ്റക്കെട്ടായ പരിശ്രമത്തിന്‍റെ ഫലമായിട്ടാണ് ഇതു സംഭവിക്കുന്നത്. രോഗവ്യാപനം ഉണ്ടാകാതിരിക്കുക, വൈറസ് ബാധിച്ചവരെ ചികിത്സിച്ച് ഭേദമാക്കുക, പുതിയ വ്യാപനസാധ്യതകള്‍ അടയ്ക്കുക. ഇതാണ് നമ്മുടെ നയം.
സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കാസര്‍കോട് ജില്ലയില്‍ ഏഴുപേര്‍, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ വീതം. ഇതുവരെ 295 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 251 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.
ഇന്ന് അറിയിക്കാനുള്ള ആശ്വാസകരമായ ഒരു കാര്യം ചികിത്സയിലായിരുന്ന 14 പേര്‍ക്കു കൂടി രോഗം ഭേദമായി എന്നതാണ്. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന അഞ്ചുപേര്‍, കാസര്‍കോട് മൂന്നുപേര്‍, ഇടുക്കിയില്‍ രണ്ടുപേര്‍, കോഴിക്കോട് രണ്ടുപേര്‍ (ഇതില്‍ ഒരാള്‍ കാസര്‍കോട്ടുകാരനാണ്), പത്തനംതിട്ട ഒരാള്‍, കോട്ടയം ഒരാള്‍ എന്നിങ്ങനെയാണ് രോഗം ഭേദമായവര്‍. കോവിഡ് ബാധിതരെ ചികിത്സിക്കുമ്പോള്‍ വൈറസ് ബാധിച്ച നഴ്സാണ് ഇന്ന് രോഗമുക്തി നേടിയ ഒരാള്‍ എന്നത് കൂടുതല്‍ ആശ്വാസകരമായ ഒരു വിവരമാണ്. കോട്ടയത്തുതന്നെ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ രോഗം ഭേദമായി ഡിസ്ചാര്‍ജ് ചെയ്ത് ഇന്ന് വീട്ടിലേക്കു പോയി. നമ്മുടെ ആരോഗ്യസംവിധാനത്തിന്‍റെയും ആരോഗ്യപ്രവര്‍ത്തകരുടെയും മികവാണ് ഈ നേട്ടത്തിനിടയാക്കിയത്. ആരോഗ്യ പ്രവര്‍ത്തകരെ കലവറയില്ലാതെ വീണ്ടും വീണ്ടും അഭിനന്ദിക്കുകയാണ്.
സംസ്ഥാനത്ത് 1,69,997 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,69,291 പേര്‍ വീടുകളിലും 706 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 154 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9139 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 8126 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
ടെസ്റ്റിങ് കൂടുതല്‍ വിപുലവും വ്യാപകവുമാക്കാനാണ് തീരുമാനം. ഇപ്പോള്‍ നാലോ അഞ്ചോ തരം രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകളാണ് എടുക്കുന്നത്. ഒന്നോ രണ്ടോ ലക്ഷണമുണ്ടെങ്കില്‍ തന്നെ സാമ്പിള്‍ എടുക്കുകയും പരിശോധിക്കുകയും ചെയ്യും. റാപ്പിഡ് ടെസ്റ്റ് സംവിധാനമടക്കം പരിശോധനയ്ക്ക് ഉപയോഗിക്കും. സാധനങ്ങളുമായുള്ള ലോറികളുടെ വരവില്‍ ചെറിയ കുറവ് കാണുന്നുണ്ട്. സാധനവില ചിലയിടങ്ങളില്‍ വര്‍ധിക്കുന്നതായും പച്ചക്കറി ക്ഷാമം ഉണ്ടാകുന്നതായും വിവരം വരുന്നുണ്ട്. ഈ വിഷയങ്ങളിലെ ഇടപെടല്‍ കൂടുതല്‍ ഫലപ്രദമാക്കും. കൂടുതല്‍ പച്ചക്കറി ഇവിടെത്തന്നെ സംഭരിക്കണം എന്നാണ് കണ്ടിട്ടുള്ളത്.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച സംസ്ഥാനത്തിന്‍റെ നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിന് മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന്‍റെ നേതൃത്വത്തില്‍ 17 അംഗ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ഇന്നലെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍ദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇത് രൂപീകരിച്ചത്.
അംഗങ്ങള്‍: അടൂര്‍ ഗോപാലകൃഷ്ണന്‍, മാമ്മന്‍ മാത്യു, എം വി ശ്രേയാംസ്കുമാര്‍, ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍, അരുണ സുന്ദര്‍രാജ്, ജേക്കബ് പുന്നൂസ്, അഡ്വ. ബി രാമന്‍പിള്ള, രാജീവ് സദാനന്ദന്‍, ഡോ. ബി ഇക്ബാല്‍, ഡോ. എം വി പിള്ള, ഡോ. ഫസല്‍ ഗഫൂര്‍, മുരളി തുമ്മാരുകുടി, ഡോ. മൃദുല്‍ ഈപ്പന്‍, ഡോ. പി എ കുമാര്‍, ഡോ. ഖദീജാ മുംതാസ്, ഇരുദയ രാജന്‍,
ബാങ്കിലെ തിരക്ക്: ജന്‍ധന്‍ യോജന പദ്ധതി പ്രകാരം 500 രൂപ വീതം ബാങ്കുകളില്‍ എത്തിയത് എടുക്കാന്‍ അടുത്ത മൂന്നു ദിവസങ്ങളില്‍ തിരക്ക് ഉണ്ടാകാതിരിക്കാന്‍ ബാങ്കുകളും പൊലീസും ശ്രദ്ധിക്കണം.
ബാങ്ക് ഉദ്യോഗസ്ഥര്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്നു എന്നുള്ളത് പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. ശമ്പളം, പെന്‍ഷന്‍, കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എന്നിവയൊക്കെ വിതരണം ചെയ്യുന്നത് തിരക്കൊഴിവാക്കുന്ന രീതിയില്‍ ക്രമീകരിക്കാന്‍ വലിയ ഒരളവില്‍ അവര്‍ക്കു കഴിയുന്നുണ്ട്. ആ ജാഗ്രത കൂടുതല്‍ ശക്തമാക്കണമെന്ന് ബാങ്ക് അധികൃതരോടും എസ്എല്‍ബിസിയോട് പൊതുവെയും അഭ്യര്‍ത്ഥിക്കുന്നു.
198 റേഷന്‍ കടകളില്‍ ലീഗല്‍ മെട്രോളജി വിഭാഗം പരിശോധന നടത്തി. വിതരണത്തില്‍ പ്രശ്നങ്ങളുള്ളതായി 17 കേസുകള്‍ കണ്ടെത്തി. മറ്റ് ക്രമക്കേടുകള്‍ രണ്ടിടത്താണ് കണ്ടെത്തിയത്. ആകെ 19 കേസുകളിലായി 12,000 രൂപ പിഴ ചുമത്തി.
കൊറോണ പ്രതിരോധ പ്രവര്‍ത്തനം സജീവമാകുമ്പോള്‍ മറ്റ് അസുഖങ്ങള്‍ ചികിത്സിക്കപ്പെടാതെ പോകരുത്. നാട്ടിന്‍പുറങ്ങളില്‍ ക്ലിനിക്കുകള്‍ തുറക്കുന്നില്ല എന്നും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നില്ല എന്നും പരാതികള്‍ ഉയരുന്നുണ്ട്. അക്കാര്യത്തില്‍ ചികിത്സിക്കേണ്ട രോഗങ്ങള്‍ക്ക് അത് ലഭിക്കാന്‍ ആവശ്യമായ ക്രമീകരണം എല്ലാ തലത്തിലും വേണ്ടതുണ്ട്.
മാസ്ക്
മാസ്ക് ധരിക്കുക എന്നത് ഇന്നത്തെ ഘട്ടത്തില്‍ പൊതുവെ എല്ലാവരും സ്വീകരിക്കേണ്ട ഒരു നടപടിയാണ്. എന്നാല്‍ ഇതില്‍ ആശയക്കുഴപ്പം വന്നതായിട്ട് കാണുന്നു. ഇക്കാര്യത്തില്‍ കൃത്യമായ ബോധവല്‍ക്കരണം നമ്മുടെ സമൂഹത്തില്‍ ഉണ്ടാകേണ്ടതുണ്ട്. നമ്മുടെ ഒരു രീതി, ആശുപത്രിയ്ക്കത്തുള്ളവര്‍ മാസ്ക് ധരിക്കുക എന്നുള്ളതായിരുന്നു. ഈ രോഗവ്യാപന ഘട്ടത്തില്‍ മാസ്ക് ധരിക്കുന്ന രീതി കുറച്ചു കൂടി പ്രചാരത്തില്‍ വന്നിട്ടുണ്ട്. ചില രാജ്യങ്ങളില്‍ വ്യാപകമായി മാസ്ക് ധരിക്കുന്നു. ഇതൊരു സംസ്കാരത്തിന്‍റെ ഭാഗമാണ്. മാസ്ക് ധരിക്കുന്നത് അവരവര്‍ക്ക് രോഗം വരുന്നത് തടയാനാണ് എന്നു മാത്രം കാണേണ്ടതില്ല. മറ്റുള്ളവര്‍ക്ക് രോഗം പടരാതിരിക്കാന്‍, തന്നിലുള്ള ഏതെങ്കിലും രോഗാണുക്കള്‍ മറ്റുള്ളവരിലേക്ക് എത്താതിരിക്കാന്‍ ഉള്ള കരുതലിന്‍റെ ഭാഗമായിട്ടു കൂടിയാണ്.
ഇപ്പോള്‍ ആരോഗ്യരംഗത്തെ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് മാസ്ക് വ്യാപകമായി ധരിക്കണമെന്നുള്ളതാണ്. എന്നാല്‍ ഈ വിഷയത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കണം.
നമ്മുടെ സംസ്ഥാനത്ത് വെറ്റില, താമര, സ്ട്രോബറി തുടങ്ങി വേഗം നശിച്ചുപോകുന്ന വിളകള്‍ കൃഷി ചെയ്യുന്നവര്‍ പ്രതിസന്ധിയിലാണ്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കും.
മായം കലര്‍ന്ന മീന്‍ വില്‍പന വ്യാപകമാകുന്നതായി പരാതിയുണ്ട്. ഈ വിഷയത്തില്‍ ഗൗരവമായി ഇടപെടാന്‍ നിര്‍ദേശം നല്‍കി.
കരള്‍ മാറ്റി വെച്ചവര്‍ക്ക് മരുന്ന് ലഭ്യമാക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍, പൊലീസ്, ഫയര്‍ഫോഴ്സ് സംവിധാനങ്ങള്‍ എന്നിവയിലൂടെ നടപടിയെടുക്കും.
മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി ഇതര സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി കടല്‍ വഴി തിരിച്ചെത്തുന്നവരുടെ സുരക്ഷാപരിശോധന ഉറപ്പാക്കണം. ആരും ഇതില്‍നിന്ന് ഒഴിവാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
ലോക്ക്ഡൗണിനെത്തുടര്‍ന്ന് തീരപ്രദേശത്ത് പട്ടിണിയും കഷ്ടപ്പാടും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സാമൂഹിക അടുക്കള
സാമൂഹിക അടുക്കളകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അതില്‍ അനാവശ്യ ഇടപെടല്‍ വരുന്നു എന്നാണ് ഇപ്പോഴും കാണാന്‍ കഴിയുന്നത്. ഇത് പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. കിച്ചണില്‍ ആവശ്യമായ ആളുകള്‍ എത്രയാണോ, അവിടെ നിയോഗിക്കപ്പെട്ട ആളുകള്‍ എത്രയാണോ അവര്‍ മാത്രമേ ഉണ്ടാവേണ്ടതുള്ളൂ. ആവര്‍ത്തിച്ച് നേരത്തെ വ്യക്തമാക്കിയതുപോലെ അവിടെ നിന്ന് ആര്‍ക്കൊക്കെയാണോ സൗജന്യമായി ഭക്ഷണം നല്‍കേണ്ടത് ആ ആളുടെയും കുടുംബത്തിന്‍റെയും പേര് മുന്‍കൂട്ടി തന്നെ തീരുമാനിച്ചിരിക്കണം. ഏതെങ്കിലും പ്രത്യേക താല്പര്യം വെച്ച് ഇതിലൂടെ കുറെ ആളുകള്‍ക്ക് ഭക്ഷണം കൊടുത്തുകളയാം എന്ന് ആരും ചിന്തിക്കാന്‍ പാടില്ല. ആരും പട്ടിണി കിടക്കാന്‍ പാടില്ല എന്നതാണ് നമ്മുടെ നയം. സാധാരണ നിലയ്ക്ക് ഭക്ഷണത്തിന് വിഷമം ഇല്ലാത്തവര്‍ക്ക് കമ്യൂണിറ്റി കിച്ചണില്‍ നിന്ന് ഭക്ഷണം എത്തിച്ചുകൊടുക്കേണ്ട ആവശ്യം വരുന്നില്ല. എന്നാല്‍ സ്വന്തമായി പാചകം ചെയ്യാന്‍ പറ്റാത്തവരെ സഹായിക്കേണ്ടി വരും. തന്‍റെ ഇഷ്ടക്കാര്‍ക്കെല്ലാം ഇതിലൂടെ ഭക്ഷണം കൊടുത്തുകളയാം എന്ന് ഏതെങ്കിലും ഒരു പ്രത്യേക സ്ഥാനത്തിരിക്കുന്നു എന്നതിന്‍റെ പേരില്‍ ആരെങ്കിലും ശ്രമം നടത്തിയാല്‍ അത് അംഗീകരിക്കാന്‍ പറ്റില്ല. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അത് ഗൗരവമായി തദ്ദേശസ്വയംഭരണ വകുപ്പ് മോണിറ്റര്‍ ചെയ്യണമെന്നും തീരുമാനിച്ചിട്ടുണ്ട്.
സാധനത്തിന്‍റെയും ഫണ്ടിന്‍റെയും ദൗര്‍ലഭ്യം മൂലം കോട്ടയത്ത് കമ്യൂണിറ്റി കിച്ചന്‍ പൂട്ടുന്നതായി വാര്‍ത്ത വന്നു. കോട്ടയം നഗരസഭയുടെ തനത് ഫണ്ട് തീര്‍ന്നതുപോയതു കൊണ്ട് കമ്യൂണിറ്റി കിച്ചന്‍ നിര്‍ത്തി എന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണ്. മാര്‍ച്ച് 31-ന്‍റെ കണക്ക് നോക്കുമ്പോള്‍ അഞ്ചുകോടിയില്‍പരം രൂപ തനത് ഫണ്ട് അവിടെ ഉണ്ട്. കമ്യൂണിറ്റി കിച്ചന്‍ നടത്തുകയെന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഒരു പ്രധാന ധര്‍മമാണ്. അവരുടെ ചുമതലയാണത്. അതുമായി ബന്ധപ്പെട്ട് ഫണ്ടിന്‍റെ ദൗര്‍ലഭ്യം ഒരു തരത്തിലും ഉണ്ടാകില്ല. ഫണ്ട് ചെലവഴിക്കാനുള്ള അനുമതിയുണ്ട്. ഒരു തടസ്സവും അക്കാര്യത്തിലില്ല. ഒറ്റ കാര്യമേ ശ്രദ്ധിക്കേണ്ടതുള്ളൂ. അര്‍ഹതപ്പെട്ടവര്‍ക്കു മാത്രമേ ഭക്ഷണം കൊടുക്കാന്‍ പറ്റൂ. ഓരോ സ്ഥലത്തും തങ്ങള്‍ക്ക് താല്‍പര്യമുള്ളിടത്തൊക്കെ കമ്മ്യൂണിറ്റി കിച്ചന്‍ തുടങ്ങിക്കളയാം എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം അനുവദിക്കേണ്ടതില്ല. അങ്ങനെയുള്ള പ്രശ്നങ്ങള്‍ വരുന്നു എന്ന് കേള്‍ക്കുന്നു. ഈ ഘട്ടത്തില്‍ ഒഴിവാക്കേണ്ടതാണത്.
ഇന്ന് 3,01,255 പേര്‍ക്കാണ് ഇന്ന് ഭക്ഷണം നല്‍കിയത്. ഇത് കഴിഞ്ഞ ദിവസത്തേക്കാള്‍ കൂടുതലാണ്. വിതരണം കൃത്യമായി അര്‍ഹതയുള്ളവര്‍ക്ക് മാത്രമാണ് എന്നുറപ്പുവരുത്താന്‍ തുടര്‍ച്ചയായ ശ്രദ്ധ വേണം.
കെഎസ്ആര്‍ടിസി ബസുകളിലെ ഡ്രൈവര്‍മാരെ ഇന്നത്തെ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കലക്ടര്‍മാര്‍ക്ക് ആവശ്യാനുസരണം ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.
മാലിന്യശേഖരണത്തിലും സംസ്കരണത്തിലും ശ്രദ്ധ വേണം. ക്യാമ്പുകളിലും മറ്റും മാലിന്യം കുമിഞ്ഞുകൂടുന്ന സ്ഥിതിയുണ്ടാകരുത്.
ഒരുകോടി വൃക്ഷതൈകള്‍ നടാനുള്ള തീരുമാനം നേരത്തേ എടുത്തിരുന്നു. അതിനുള്ള സ്ഥലം കണ്ടെത്തുന്നത് അടക്കമുള്ള ഒരുക്കങ്ങള്‍ ഇപ്പോള്‍ത്തന്നെ വേണം എന്നാണ് കണ്ടിട്ടുള്ളത്.
നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ എല്ലാവരുടെയും സാമ്പിള്‍ പരിശോധിക്കും.
കുടിവെള്ളത്തിന് ക്ഷാമമുണ്ടാകരുത്. ക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ വെള്ളം നല്‍കണം. ഇക്കാര്യത്തില്‍ ജലവിഭവ തദ്ദേശസ്ഥാപന വകുപ്പുകള്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം. പൊലീസിന് കിന്‍ലേ കമ്പനി ഒരുലക്ഷം കുപ്പിവെള്ളം സംഭാവന നല്‍കിയിട്ടുണ്ട്. അത് നല്ല കാര്യമാണ്. അത്തരം മുന്‍കൈകള്‍ പ്രോത്സാഹിക്കപ്പെടണം.
സംസ്ഥാനത്തെ 997 നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴി മരുന്നുകള്‍ ആവശ്യക്കാര്‍ക്ക് വീടുകളില്‍ എത്തിക്കാമെന്ന് കണ്‍സ്യൂമര്‍ ഫെഡ് അറിയിച്ചിട്ടുണ്ട്. ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും അവശ്യ സാധനങ്ങളുടെ ഹോം ഡെലിവറിയും കണ്‍സ്യൂമര്‍ ഫെഡ് ആരംഭിക്കും.
വ്യാജ വാര്‍ത്തകള്‍
തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ കേരളം അതിര്‍ത്തി മണ്ണിട്ട് അടച്ചുവെന്ന വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. നമ്മള്‍ അങ്ങനെയൊന്ന് ചിന്തിച്ചിട്ടുപോലുമില്ല. സഹോദരങ്ങളായിട്ടാണ് അവരെ കാണുന്നത്. ഇന്നത്തെ നിലയ്ക്ക് യാത്രയ്ക്ക് മാത്രമേ തടസ്സമുള്ളൂ.
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി ബാക്കി പരീക്ഷകളുടെ തീയതി നിശ്ചയിച്ചതായും പ്രചരണം വന്നു. നിശ്ചയിച്ചാല്‍ വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി അറിയിക്കും. വ്യാജപ്രചാരണങ്ങളില്‍ ആരും വീഴരുത്.
ബ്രോഡ്ബാന്‍ഡ് കണക് ഷന്‍
വര്‍ക്ക് അറ്റ് ഹോം സുഗമമാക്കാന്‍ ബിഎസ്എന്‍എല്‍ ഒരു മാസത്തേക്ക് സൗജന്യ ബ്രോഡ്ബാന്‍ഡ് സേവനം നല്‍കും. പ്രതിദിനം അഞ്ച് ജിബി ഡാറ്റ ആണ് ഇങ്ങനെ നല്‍കുക. നിലവില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനില്ലാത്ത ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ക്കും പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും ഈ പ്ലാന്‍ ലഭ്യമാക്കുമെന്ന് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ അറിയിച്ചു.
സഹായം
ശശി തരൂര്‍ എംപിയുടെ മുന്‍കൈയില്‍ റാപ്പിഡ് ആര്‍റ്റി പിസിആര്‍ കിറ്റിന്‍റെ ആദ്യ ബാച്ച് എത്തിയിട്ടുണ്ട്. ആയിരം കിറ്റുകളാണ് ആദ്യ ഘട്ടത്തിലെത്തിയത്. 2000 കിറ്റുകള്‍ ഞായറാഴ്ചയെത്തും. ഈ കിറ്റുപയോഗിക്കുന്നതു വഴി കോവിഡ് 19 പരിശോധനാഫലം രണ്ടര മണിക്കൂറിനുള്ളില്‍ ലഭിക്കും. നിലവില്‍ ആറ് മുതല്‍ ഏഴു മണിക്കൂറാണ് ഫലം ലഭിക്കുന്നതിന് എടുക്കുന്നത്. 250 ഫ്ളാഷ് തെര്‍മോമീറ്ററുകളും 9000 വ്യക്തിഗത സുരക്ഷാ കിറ്റുകളും ഇതിനു പുറമെ വരുന്നുണ്ട് എന്ന് അദ്ദേഹം അറിയിച്ചിട്ടുമുണ്ട്. ഇതില്‍ മുന്‍കൈ എടുക്കുകയും എംപി ഫണ്ടില്‍നിന്ന് തുക അനുവദിക്കുകയും ചെയ്ത ശശി തരൂരിനെ ഹാര്‍ദമായി അഭിനന്ദിക്കുന്നു.
ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ റിലീഫ് കമ്മിറ്റികളുടെയും സിഎച്ച് സെന്‍ററുകളുടെയും കീഴിലുള്ള നൂറോളം വരുന്ന ആംബുലന്‍സുകള്‍ ഡ്രൈവര്‍മാരുടെ സേവനം ഉള്‍പ്പെടെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിന് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
ക്ഷേമനിധിബോര്‍ഡുകള്‍ വഴിയുള്ള പ്രത്യേക സഹായ പദ്ധതികള്‍
1. അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്:
ലോക്ക്ഡൗണ്‍ മൂലം അടച്ച ബാറുകളിലെ തൊഴിലാളികള്‍ക്ക് 5000 രൂപ ധനസഹായവും 10,000 രൂപ പലിശരഹിതവായ്പ.
2. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്:
സ്റ്റേജ് ക്യാരേജ്/കോണ്‍ട്രാക്റ്റ് കാര്യേജ്, ബസ് തൊഴിലാളികള്‍ക്ക് 5000 രൂപ.
ഗുഡ്സ് വെഹിക്കിള്‍ തൊഴിലാളികള്‍ക്ക് 3500 രൂപ.
ടാക്സി തൊഴിലാളികള്‍ക്ക് 2500 രൂപ.
ഓട്ടോറിക്ഷ / ട്രാക്ടര്‍ തൊഴിലാളികള്‍ക്ക് 2000 രൂപ.
ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളികള്‍ക്ക് 1000 രൂപ. 9,54,242 തൊഴിലാളികളാണ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
3. കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്:
തൊഴില്‍ ഇല്ലാത്ത സാഹചര്യത്തില്‍ പലിശരഹിത വായ്പയായി 10,000 രൂപ വീതം. ലോക്ക്ഡൗണ്‍ നീണ്ടുപോകുന്ന സാഹചര്യമുണ്ടായാല്‍ 5000 കൂടി പ്രത്യേക വായ്പ.
4. ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്:
വേതന നഷ്ടം പരിഹരിക്കുന്നതിന് വേതനം അഡ്വാന്‍സ് ആയി അനുവദിക്കും. എപ്രില്‍ 14നകം ബോണസ് ഇനത്തില്‍ 30 കോടി രൂപ വിതരണം ചെയ്യും. 2,43,504 തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കും.
5. കേരള ഷോപ്സ് ആന്‍റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്:
കേരള ഷോപ്സ് ആന്‍റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ആശുപത്രി, പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി എന്നീ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കും 1000 രൂപ വീതം ആശ്വാസ ധനം.
ക്ഷേമനിധിയിലെ സജീവ അംഗങ്ങളാരെങ്കിലും കൊറോണ ബാധിതരായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് 10,000 രൂപ ധനസഹായം. കൊറോണ സംശയിച്ച് വീട്/ആശുപത്രികളില്‍ ഐസോലേഷനില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍റെ 5000 രൂപ സഹായം.
6. കേരള നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്:
നിര്‍മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്കായി 200 കോടി രൂപയുടെ സഹായ പാക്കേജ്. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് 2 വര്‍ഷം പൂര്‍ത്തിയാക്കിയവരും 2018ലെ രജിസ്ട്രേഷന്‍ പുതുക്കല്‍ നടത്തിയതുമായ എല്ലാ തൊഴിലാളി കുടുംബങ്ങള്‍ക്കും 1000 രൂപ സഹായം നല്‍കും. 15 ലക്ഷം തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കും.
7. കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്:
കൊറോണ ബാധിതരായ അംഗങ്ങള്‍ക്ക് 7500 രൂപയുടെ അടിയന്തിര സഹായവും ഐസോലേഷനില്‍ കഴിയുന്ന അംഗങ്ങള്‍ക്ക് 1000 രൂപയുടെ ധനസഹായവും.
8. കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്:
ഒരു തൊഴിലാളിക്ക് 750 രൂപ വീതം സഹായം നല്‍കും.
9. ബീഡി-ചുരുട്ട് തൊഴിലാളിക്ഷേമനിധി ബോര്‍ഡ്
ബീഡി-ചുരുട്ട് തൊഴിലാളികള്‍ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്കീമില്‍ രണ്ട് കോടി രൂപ.
ആശ്വാസ പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായം ആവശ്യപ്പെട്ടുകൊണ്ട് സാമ്പത്തികശേഷി കുറഞ്ഞ വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍പരിഗണനയിലാണ്.
പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍ വായ്പാ തിരിച്ചടവിന് മൂന്നുമാസം വരെ മൊറോട്ടോറിയം ഏര്‍പ്പെടുത്തി. മുടങ്ങുന്ന തിരിച്ചടവിന് അധിക ചാര്‍ജ് ഒഴിവാക്കി.
കേരള അഡ്വക്കേറ്റ്സ് ക്ലര്‍ക്ക് ക്ഷേമനിധി ചട്ടം ഭേദഗതി ചെയ്ത് അപ്രതീക്ഷിത പകര്‍ച്ചവ്യാധിമൂലം തൊഴില്‍ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് 3000 രൂപ വരെ ആശ്വാസധനം നല്‍കാന്‍ തീരുമാനിച്ചു.
ദുരിതാശ്വാസനിധി
ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന നല്ല രീതിയില്‍ തന്നെ പ്രവഹിക്കുകയാണ്. ദുരിതാശ്വാസ നിധിയുടെ കാര്യത്തില്‍ അനാവശ്യമായ പുകമറ സൃഷ്ടിക്കാനുള്ള ശ്രമം ചിലര്‍ നടത്തുന്നുണ്ട്. സി.എം.ഡി.ആര്‍.എഫ് എന്നു പറയുന്നത് കോവിഡിന്‍റെ ആവശ്യങ്ങള്‍ക്കല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുകളയും എന്നാണ് അത്. നേരത്തെ പ്രളയത്തിന്‍റെ ആവശ്യത്തിന് നാം സി.എം.ഡി.ആര്‍.എഫ് ഫണ്ട് എന്തിനുവേണ്ടിയാണ് ഉപയോഗിക്കുക എന്ന് പറഞ്ഞതിനുവേണ്ടിത്തന്നെ മാറ്റി വകയിരുത്തുകയും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിലും അതേ തരത്തില്‍ തന്നെയാണ് നടപടികള്‍ സ്വീകരിക്കാന്‍ പോകുന്നത്. ഇതിനുവേണ്ടിയുള്ള ഫണ്ടിന് ആഹ്വാനം ചെയ്തതിനു ശേഷം വന്ന എല്ലാ ഫണ്ടും ഇതുമായി ബന്ധപ്പെട്ട ആവശ്യത്തിനു മാത്രമാണ് ഉപയോഗിക്കുക. അത് സി.എം.ഡി.ആര്‍.എഫിന്‍റെ ഭാഗമായുള്ള പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കുകയും ചെയ്യും. അക്കാര്യത്തില്‍ ധനവകുപ്പിന്‍റെ പ്രത്യേക ഉത്തരവ് ഇറങ്ങും.
സംഭാവന
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 1.5 കോടി രൂപ നല്‍കി.
വൈദ്യുതി താരിഫ് റെഗുലേറ്ററി കമ്മീഷന്‍ 1.5 കോടി രൂപ നല്‍കി.
കണ്‍സ്യൂമര്‍ ഫെഡ് ഒരുകോടി രൂപ.
മാടായി സഹകരണ റൂറല്‍ ബാങ്ക് 76 ലക്ഷം രൂപ നല്‍കി.
പിഎസ്സി ചെയര്‍മാനും അംഗങ്ങളും ഒരു മാസത്തെ വേതനം സംഭാവന ചെയ്യാന്‍ തീരുമാനിച്ചു.
മോട്ടോര്‍ വാഹനവകുപ്പിലെ ഗസറ്റഡ് ഓഫീസര്‍മാരുടെയും വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെയും അസോസിയേഷന്‍ ഒരുമാസം ശമ്പളം കൈമാറാന്‍ തീരുമാനിച്ചു.
കോഴിക്കോട് ജില്ലയിലെ വടക്കുംപാട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകരും ജീവനക്കാരും മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളും ഒരുമാസത്തെ വരുമാനമായ 38.65 ലക്ഷം രൂപ നല്‍കി.
എറണാകുളം ജില്ലാ പൊലീസ് വായ്പാ സഹകരണസംഘം 25 ലക്ഷം രൂപ നല്‍കി.
അഭ്യര്‍ത്ഥന
ലോകമാകെ മുമ്പൊരിക്കലുമില്ലാത്ത പ്രയാസങ്ങള്‍ നേരിടുന്ന ഘട്ടമാണിത്. ആ പ്രയാസങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന നാടാണ് നമ്മുടേത്. ഇതിനെ മുറിച്ചുകടക്കുക ക്ഷിപ്രസാധ്യമല്ല. അതിന് എല്ലാം മറന്നുള്ള കൂട്ടായ്മ നമുക്ക് തുടരേണ്ടതുണ്ട്. അത്തരം കൂട്ടായ്മയുടെയും സഹകരണത്തിന്‍റെയും വിജയകരമായ അനുഭവങ്ങളും നമ്മുടെ മുന്നിലുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും ആകാവുന്ന സംഭാവന നല്‍കേണ്ടതിന്‍റെ ആവശ്യകത ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുകയാണ്.
അതിന് ഏതെങ്കിലും അതിരുകള്‍ വേണ്ടതില്ല. എല്ലാവരും എന്നുപറഞ്ഞാല്‍ ഈ നാടിനെ സ്നേഹിക്കുന്ന എല്ലാവരും എന്നുതന്നെയാണര്‍ത്ഥം. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ സംഭാവന നല്‍കണം എന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ ആവേശകരമായ പ്രതികരണമാണ് വന്നിട്ടുള്ളത്. ഇപ്പോള്‍ ഒരു അഭ്യര്‍ത്ഥന കൂടി നടത്തുകയാണ്. സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും അവിടങ്ങളിലെ ജീവനക്കാരും തൊഴിലാളികളും ഇതിന്‍റെ ഭാഗമാകണം.
കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ഇതില്‍ അണിചേരണം. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍, സ്വകാര്യമേഖല ഉള്‍പ്പെടെ എല്ലാ മേഖലയിലുമുള്ള ആളുകള്‍- അങ്ങനെ ഒരു വലിയ കൂട്ടായ്മയിലൂടെ ഈ ദുരിതാശ്വാസനിധി കാലത്തിന്‍റെ ആവശ്യകതയ്ക്കനുസരിച്ച് കരുത്തുറ്റതാക്കാന്‍ കഴിയണം. അങ്ങനെ നമുക്ക് വീണ്ടും കേരളത്തിന്‍റെ ഐക്യത്തിന്‍റെ ശക്തി വിളംബരം ചെയ്യാനാവണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."