പ്രവാസികളുടെ വിഷമതകള്‍ പ്രധാനപ്രശ്‌നങ്ങളിലൊന്നെന്ന് മുഖ്യമന്ത്രി; പ്രവാസി മലയാളികള്‍ക്കായി ഹെല്‍പ് ഡെസ്‌ക്; ഓണ്‍ലൈന്‍ വഴി മെഡിക്കല്‍ സേവനം
തിരുവനന്തപുരം: പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന വിഷമതകള്‍ക്ക് ആശ്വാസവുമായി സംസ്ഥാന സര്‍ക്കാര്‍. ഇവര്‍ അനുഭവിക്കുന്ന വിഷമതകള്‍ പ്രധാന പ്രശ്‌നങ്ങളിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അമേരിക്കയിലും മറ്റും മലയാളികള്‍ കൊവിഡ് ബാധിച്ച് മരണമടയുന്ന വാര്‍ത്തകള്‍ തുടര്‍ച്ചയായി വരുന്നു. പലരാജ്യങ്ങളില്‍ നിന്നും എന്തുചെയ്യണമെന്നറിയാതെ പ്രവാസി സഹോദരങ്ങള്‍ നാട്ടിലേക്ക് വിളിക്കുന്നു.
പ്രവാസി മലയാളികള്‍ കൂടുതലായുള്ള രാജ്യങ്ങളില്‍ അഞ്ച് കൊവിഡ് ഹെല്‍പ് ഡെസ്‌കുകള്‍ വിവിധ സംഘടനകളുമായി സഹകരിച്ച് നോര്‍ക്ക് ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഈ ഹെല്‍പ് ഡസ്‌കുകളുമായി സഹകരിക്കാന്‍ ഇന്ത്യന്‍ സ്ഥാനപതികളോട് അഭ്യര്‍ത്ഥിച്ചു. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി മെഡിക്കല്‍ സേവനം നല്‍കും. ഇവിടത്തെ ഡോക്ടര്‍മാരുമായി ഓഡിയോ, വീഡിയോ കോളുകളിലൂടെ സംസാരിക്കാം. നോര്‍ക്ക സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണി വരെയാണ് പ്രമുഖ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുക. ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ്, ഓര്‍ത്തോപീഡിക്‌സ്, സര്‍ജറി, ഗൈനക്കോളജി, ഇഎന്‍ടി, ഒഫ്ത്താല്‍മോളജി എന്നീ മേഖലകളിലെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്.
വിദേശത്ത് ആറുമാസത്തില്‍ കുറയാതെ താമസിക്കുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന മലയാളികള്‍ക്ക് നോര്‍ക്കയില്‍ രജിസ്‌ട്രേഷന്‍ കാര്‍ഡ്് ഇപ്പോഴുമുണ്ട്. അത് വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ക്കും ഏര്‍പ്പെടുത്തും. മലയാളി വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന് നോര്‍ക്ക് റൂട്സ് ഓവര്‍സീസ് സ്റ്റുഡന്റ് രജിസ്ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തും. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും വിമാനയാത്രാക്കൂലി ഇളവും ലഭ്യമാകും. വിദേശത്ത് പഠിക്കുന്ന എല്ലാ വിദ്യാര്‍ഥികളും ഇനി പഠനത്തിന് പോകുന്നവരും ഇതില്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് നിര്‍ബന്ധമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."