700 ലിറ്റര്‍ വാഷും 20 ലിറ്റര്‍ വ്യാജ ചാരയവും പിടികൂടി
ആലുവ: വ്യാജ വാറ്റ് കേന്ദ്രം റെയ്ഡ് ചെയ്ത് 700 ലിറ്റര്‍ വാഷും 20 ലിറ്റര്‍ വ്യാജ ചാരയവുമായി മൂന്ന് പേരേ പൊലീസ് അറസ്റ്റ് ചെയ്തു.
ആന്റി നാര്‍കോട്ടിക് സ്‌ക്വാഡാണ് പ്രതികളെ പൊക്കിയത്. ഇടപ്പള്ളി മാളിയേക്കല്‍ യൂനസ് അലി (38), തൃപ്പൂണിത്തുറ ഏരൂര്‍ പടിഞ്ഞാറെമുറിപ്പറമ്പില്‍ ദീപു ധനഞ്ജയന്‍ (37), പട്ടിമറ്റം താണിക്കല്‍ അനസ് നവാസ് (20) എന്നിവരെയാണ് നര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി വി.കെ സനല്‍ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കുഞ്ചാട്ടുകര മുതിരക്കാട്ടുമുകളിന് സമീപം വീട് വാടകയ്ക്ക് എടുത്താണ് മൂന്ന് മാസത്തോളമായി വാറ്റ് കേന്ദ്രം നടത്തിയിരുന്നത്. നാല് ഭാഗവും ചുറ്റുമതിലുള്ള വീട് ദീപുവാണ് മൂന്ന് മാസം മുമ്പ് വാടകക്കെടുത്തിരുന്നത്. വാഷിനും ചാരായത്തിനും പുറമെ വ്യാജചാരയം ഉണ്ടാക്കാന്‍ സൂക്ഷിച്ചിരുന്ന എട്ട് ചാക്ക് ശര്‍ക്കര, സ്റ്റൗ, ഗ്യാസ് സിലിണ്ടര്‍, കൂറ്റന്‍ ഡ്രമ്മുകള്‍, കന്നാസുകള്‍ മറ്റ് ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. ഇന്നലെ രാവിലെ പത്തരയോടെയാണ് പൊലീസ് വാറ്റ് കേന്ദ്രം റെയ്ഡ് ചെയ്തത്. കഴിഞ്ഞ ദിവസം പട്ടിമറ്റത്ത് നിന്നും 200 ഗ്രാം കഞ്ചാവുമായി പിടിയിലായ പ്രതിയില്‍ നിന്നാണ് വാറ്റ് കേന്ദ്രത്തെ കുറിച്ച് സൂചന ലഭിച്ചത്.
സ്വകാര്യ ബസ് ഉടമയാണ് യൂനസ്. ഇതേ ബസില്‍ ദീപു ഡ്രൈവറും അനസ് ക്‌ളീനറുമാണ്. ബാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നും ഈസ്റ്റര്‍, വിഷു കച്ചവടം പ്രതീക്ഷിച്ചുമാണ് വ്യാജ ചാരായം ഉണ്ടാക്കാന്‍ ശ്രമിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ദീപുവിനെതിരെ തൃപ്പൂണിത്തുറ പൊലീസില്‍ ക്രിമിനല്‍ കേസുണ്ട്. എടത്തല പൊലിസിന് കൈമാറയ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."