ഇവിടെ സ്റ്റോപ്പില്ല; സുരക്ഷയെങ്കിലും..?
ചങ്ങരംകുളം: വിവിധ ദീര്‍ഘദൂര ട്രെയിനുകള്‍ക്കു ജില്ലയില്‍ സ്റ്റോപ്പനുവദിക്കാത്ത കാര്യത്തില്‍ വിവാദം നിലനില്‍ക്കേ റെയില്‍വേയും ഭാഗത്തുനിന്നുണ്ടായ മറ്റൊരു വലിയ അനാസ്ഥയും ചര്‍ച്ചയാകുന്നു. ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് യാത്രക്കാരെ ആശങ്കയിലാക്കുന്നത്. കഴിഞ്ഞ ദിവസം ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള മംഗളൂരു-ചെന്നൈ മെയിലിന്റെ ബോഗികള്‍ വേര്‍പ്പെട്ട സംഭവത്തില്‍ വലിയ അനാസ്ഥയാണ് റെയില്‍വേയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഈ സംഭവത്തില്‍ തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായിരിക്കുന്നത്.
ചെന്നൈ മെയില്‍ പരപ്പനങ്ങാടി സ്റ്റേഷനില്‍നിന്നു പുറപ്പെട്ടപ്പോള്‍തന്നെ മധ്യഭാഗത്തുള്ള കോച്ചില്‍നിന്ന് അസ്വാഭാവിക ശബ്ദം കേട്ടതായി യാത്രക്കാര്‍ പറയുന്നു. താനൂരില്‍ എത്തിയതോടെ ശബ്ദം കൂടി. ജില്ലയിലെ ഒരു സ്റ്റേഷനിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ അറിയിക്കാനുള്ള ചീഫ് ടെക്‌നിക്കല്‍ സംഘമില്ലാത്തതിനാല്‍ യാത്രക്കാര്‍ വിവരം ടി.ടി.ആറിനെ അറിയിച്ചു. എന്നാല്‍, തിരൂരിലെത്തിയിട്ടും നടപടിയുണ്ടായില്ല.
'ഷൊര്‍ണൂരിലെത്തിയിട്ടു നോക്കാം' എന്നായിരുന്നു ചെക്കറുടെ മറുപടി. കുറ്റിപ്പുറത്ത് എത്തിയപ്പോഴേക്കും ശബ്ദം ഉച്ചത്തിലായിട്ടും അവഗണിച്ച് യാത്ര തുടര്‍ന്നു. ട്രെയിന്‍ ജില്ലാ അതിര്‍ത്തി കഴിഞ്ഞ് പട്ടാമ്പി സ്റ്റേഷനില്‍ നിര്‍ത്തി വീണ്ടും എടുക്കവേ ബി-2, ബി-3 എ.സി കോച്ചുകള്‍ വേര്‍പെട്ടതായി കണ്ടെത്തുകയായിരുന്നു. വലിയൊരു ട്രെയിന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായെങ്കിലും റെയില്‍വേ അതിലും വലിയ ദുരന്തമാണെന്നു യാത്രക്കാര്‍ തിരിച്ചറിഞ്ഞ സമയമായിരുന്നു അത്.
വൈകിട്ടത്തെ ട്രെയിനായതിനാല്‍ നിറയെ യാത്രക്കാരുമുണ്ടായിരുന്നു. പട്ടാമ്പിയില്‍ ട്രെയിന്‍ നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ബോഗികള്‍ വേര്‍പെട്ടതായി കണ്ടെത്തിയത്. മൂന്നു മീറ്ററോളം അകലത്തിലാണ് ഇരു ബോഗികളും നിന്നിരുന്നത്. ഓടിക്കൊണ്ടിരിക്കവേയാണ് ബോഗികള്‍ വേര്‍പെട്ടതെങ്കില്‍ വലിയ ദുരന്തത്തില്‍ കലാശിക്കുമായിരുന്നു. സ്റ്റേഷനില്‍നിന്നു ട്രെയിന്‍ എടുത്തയുടന്‍ വലിയ ശബ്ദമുണ്ടാകുകയും ട്രെയിന്‍ നിര്‍ത്തുകയുമാണുണ്ടായതെന്ന് ഒറ്റപ്പാലം സ്വദേശി യാത്രക്കാരന്‍ മോഹന്‍ പറഞ്ഞു.
അനങ്ങിത്തുടങ്ങിയ സമയത്തായതിനാല്‍ യാത്രക്കാര്‍ക്കു ബോഗികള്‍ വേര്‍പ്പെട്ടതിന്റെ കുലുക്കം അധികം അനുഭവപ്പെട്ടില്ല. ബോഗികള്‍ തമ്മില്‍ യോജിപ്പിക്കുന്ന സ്ഥലത്തു യാത്രക്കാര്‍ നില്‍ക്കുകയോ നടക്കുകയോ ചെയ്തിരുന്നെങ്കില്‍ പാളത്തിലേക്കു വീഴുമായിരുന്നു. കോച്ചുകള്‍ കൂട്ടിയോജിപ്പിച്ച് 52 മിനിറ്റിനു ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.
ജില്ലയോടുള്ള റെയില്‍വേയുടെ അവഗണനയില്‍ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസം ജില്ലാ ഡെവലപ്‌മെന്റ് ഫോറവും റെയില്‍വേ ആക്ഷന്‍ കൗണ്‍സിലും ചേര്‍ന്നു വായ മൂടിക്കെട്ടി പ്രകടനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം സര്‍വിസ് ആരംഭിച്ച കൊച്ചുവേളി-മംഗളൂരു അന്ത്യോദയ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ക്കു തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരേ തിരൂര്‍ റെയില്‍വേ സ്റ്റേഷനു മുന്നില്‍ നടന്ന പ്രതിഷേധം കെ.പി.ഒ റഹ്മത്തുല്ല ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."