ആള്‍മാറാട്ടം നടത്തി വാഹന പരിശോധന: മുന്‍ തഹസില്‍ദാര്‍ അറസ്റ്റില്‍
മാനന്തവാടി: ആള്‍മാറാട്ടം നടത്തി വാഹന പരിശോധന നടത്തിയ കേസില്‍ മുന്‍ താഹസില്‍ദാര്‍ അറസ്റ്റിലായി. ലാന്‍ഡ് ട്രിബ്യൂണല്‍ തഹസില്‍ദാറായിരുന്ന കൊട്ടിയൂര്‍ ചുങ്കക്കുന്ന് പുത്തന്‍പറമ്പില്‍ പി.ജെ സെബാസ്റ്റ്യനെയാണ് മാനന്തവാടി പൊലിസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ സെബാസ്റ്റ്യന് ഹൈക്കോടതി നിര്‍ദേശപ്രകാരം ജാമ്യം അനുവദിച്ചു. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് സെബാസ്റ്റ്യനെ കഴിഞ്ഞ 21ന് വയനാട് കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്റ് ചെയ്ത ഉടന്‍ ഒളിവില്‍പോയ സെബാസ്റ്റ്യന്‍ ഹൈക്കോടതിയില്‍നിന്ന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം നേടി. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാനായിരുന്നു കോടതി നിര്‍ദേശം. ഹാജരാകുമ്പോള്‍ ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇതുപ്രകാരമാണ് ജാമ്യം ലഭിച്ചത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ പുഴമുടി സുജാത മന്ദിരത്തില്‍ സി.ടി സുനില്‍കുമാറിനെ(40) നേരത്തെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫിസിലെ മറ്റൊരു ജീവനക്കാരന്‍കൂടി കേസില്‍ പ്രതിയാകും. കഴിഞ്ഞ ഫെബ്രുവരി 16നാണ് തഹസില്‍ദാറും സുനില്‍കുമാറും ഉള്‍പ്പെടുന്ന സംഘം കാപ്പിക്കുരുവുമായി പോകുകയായിരുന്ന ലോറി തടഞ്ഞ് നികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന പരിശോധന നടത്തി തട്ടിപ്പിന് ശ്രമിച്ചത്. കല്‍പ്പറ്റയിലെ ഐഡിയല്‍ ട്രേഡിങ് കമ്പനിയില്‍ നിന്നും കാട്ടിക്കുളത്തെ ടി.എച്ച് ട്രെഡേഴ്‌സ് എന്ന സ്ഥാപനത്തിലേക്ക് കൊണ്ടുപോകുകയായിരുന്ന കാപ്പിക്കുരു ലോഡാണ് ഇവര്‍ തടഞ്ഞ് പരിശോധിച്ചത്. അറസ്റ്റിലായ സുനില്‍കുമാര്‍ നേരത്തെ വില്‍പന നികുതി ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫിസില്‍ ഡ്രൈവറായി താല്‍ക്കാലികമായി ജോലി ചെയ്തിരുന്നു. ഈ പരിചയം വെച്ചായിരുന്നു വാഹന പരിശോധന. പരിശോധനയില്‍ സംശയം തോന്നിയ ലോറി ഡ്രൈവറുടെ ഇടപെടലാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്്.
നികുതി ഉദ്യോഗസ്ഥനെന്ന വ്യാജേന പരിശോധന നടത്തിയവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടാക്‌സ് ഡെപ്യൂട്ടി കമീഷണര്‍ ഇ.എ അഭിലാഷ് കല്‍പ്പറ്റ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സുനില്‍കുമാറിനെ ഒന്നും തഹസില്‍ദാര്‍ സെബാസ്റ്റ്യനെ രണ്ടും പ്രതിയാക്കി മാനന്തവാടി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആള്‍മാറാട്ടത്തിനാണ് തഹസില്‍ദാര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."