മരട് സ്‌കൂള്‍വാന്‍ അപകടം: ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗവും കാരണമെന്ന് റിപ്പോര്‍ട്ട്
കൊച്ചി: മരടില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും മരിച്ച സംഭവത്തില്‍ വാന്‍ഡ്രൈവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്. അപകടത്തിനു കാരണം ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗവുമാണെന്ന് ഗതാഗത കമ്മിഷണര്‍ക്ക് ആര്‍.ടി.ഒ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
വാന്‍ഡ്രൈവര്‍ മരട് ജയന്തി റോഡില്‍ മിനിക്കേരി വീട്ടില്‍ അനില്‍കുമാറിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനു മുന്നോടിയായുള്ള നടപടികള്‍ ആണ് മോട്ടോര്‍വാഹന വകുപ്പ് ആരംഭിച്ചിരിക്കുന്നത്. കാരണംകാണിക്കല്‍ നോട്ടിസ് അനില്‍കുമാറിന് ഇന്നലെ പോസ്റ്റലായി വീട്ടിലേക്ക് അയച്ചിട്ടുണ്ട്. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഐ.സി.യുവില്‍ നിരീക്ഷണത്തില്‍ തുടരുന്നതിനാലാണ് നോട്ടിസ് പോസ്റ്റലായി അയച്ചിരുന്നത്. മറുപടി ലഭിക്കുന്ന മുറയ്ക്ക് നടപടികള്‍ തുടരുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.
വീതി കുറഞ്ഞ റോഡായിരുന്നിട്ടും അമിതവേഗതയില്‍ വാഹനം ഓടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അനില്‍കുമാര്‍ അപകടം നടന്ന സ്ഥലത്തിന് അടുത്ത് താമസിക്കുന്നയാളാണ്. സ്ഥിരമായി ഈ റോഡിലൂടെയാണ് വാഹനമോടിക്കുന്നത്. അശ്രദ്ധ കൊണ്ടല്ലാതെ ഇത്തരമൊരു അപകടം സംഭവിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനില്‍കുമാറിനെതിരേ നടപടിക്ക് വകുപ്പ് നീക്കം തുടങ്ങിയത്.
അതേസമയം, തിങ്കളാഴ്ച രാത്രിയില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനിലിന്റെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അനില്‍കുമാറിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലിസ് കേസെടുത്തിട്ടുണ്ട്. അപകടത്തില്‍ പരുക്കേറ്റ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന വിദ്യാര്‍ഥിയായ കരോള്‍ ജോബി ജോര്‍ജിന്റെ നിലയും മാറ്റമില്ലാതെ തുടരുകയാണ്. തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത്. മരടിലെ കിഡ്‌സ് വേള്‍ഡ് എന്ന ഡേകെയര്‍ സ്ഥാപനത്തിന്റെ വാഹനമാണ് മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞത്.
അതേസമയം, മരട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നിയമം പാലിക്കാതെ സര്‍വിസ് നടത്തിയ ഒട്ടേറെ സ്‌കൂള്‍ വാഹനങ്ങള്‍ പിടികൂടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."