സേവന സ്പര്‍ശം നാളെ ആലപ്പുഴയില്‍
ആലപ്പുഴ: ജില്ലാ കളക്ടറുടെ താലൂക്ക്തല പൊതുജനപരാതി പരിഹാര പരിപാടി സേവനസ്പര്‍ശം നാളെ ആലപ്പുഴ എസ്.ഡി.വി. സ്കൂള്‍ സെന്റിനറി ഹാളില്‍ രാവിലെ ഒമ്പതു മുതല്‍ നടക്കും. അമ്പലപ്പുഴ താലൂക്കിലെ പൊതുജനങ്ങളുടെപരാതികളും അപേക്ഷകളും ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന് നേരിട്ട് സ്വീകരിക്കും. അവസാന പരാതിക്കാരനേയും കണ്ട ശേഷമേ സേവനസ്പര്‍ശം അവസാനിപ്പിക്കൂ.
ധനസഹായ വിതരണം, ആനുകൂല്യങ്ങളുടെ വിതരണം, സര്‍വേ പരാതികളുടെ പരിഹാരം എന്നിവ തല്‍സമയം നടത്തും. എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ അപേക്ഷകളിന്മേല് അടിയന്തര തീര്‍പ്പ് ആണ് ലക്ഷ്യമിടുന്നത്. തീര്‍പ്പാക്കാത്ത ഫയലുകള്‍ ജില്ലാ കളക്ടര്‍ നേരിട്ട് പരിശോധിച്ച് തീരുമാനം എടുക്കും.
പൊലീസ്, ഫയര്‍ ഫോഴ്സ്, ആരോഗ്യ വകുപ്പിന്റെ സേവനം എന്നിവ വേദിയില്‍ സജ്ജീകരിക്കുന്നുണ്ട്. രാവിലെ 8.30 മുതല്‍ പുതിയ പരാതികളുടെ രജിസ്ട്രേഷന് ആരംഭിക്കും. രാവിലെ തന്നെ ഓണ്‍ലൈനില്‍ പരാതികള്‍ സ്വീകരിക്കും. ഒമ്പതുമണിയോടെ ജില്ലാ കളക്ടര്‍ പരാതി നേരിട്ട് സ്വീകരിച്ചുതുടങ്ങും. ആധാര്‍ എന്റോള്‍മെന്റിന് പ്രത്യേക സൗകര്യം ഒരുക്കുന്നുണ്ട്. പരാതി നല്കാന് എത്തുന്നവര്‍ക്ക് കുടിവെള്ള വിതരണത്തിനും ലഘുഭക്ഷണ വിതരണത്തിനും സൗകര്യം ഒരുക്കുന്നുണ്ട്. പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേകസൗകര്യം ഏര്‍പ്പെടുത്തും. കഴിഞ്ഞദിവസം ചേര്‍ത്തലയില്‍ നടന്ന സേവനസ്പര്‍ശം പരിപാടിയില്‍ ലഭിച്ച 2400 അപേക്ഷകളില്‍ 600 എണ്ണം ഉടനടി തീര്‍പ്പാക്കിയിരുന്നു. 95 സര്‍വേ കേസുകള്‍ തീര്‍പ്പാക്കി. 42 പേര്‍ക്ക് ധനസഹായവും ആറുപേര്‍ക്ക് പട്ടയവും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."