ജോര്‍ദാന്‍ പ്രക്ഷോഭത്തിന്റെ പിന്നാമ്പുറം
മുല്ലപ്പൂ വിപ്ലവത്തിനു സമാനമായ പ്രക്ഷോഭങ്ങള്‍ക്കാണ് കഴിഞ്ഞ ആഴ്ചകളില്‍ ജോര്‍ദാന്‍ സാക്ഷ്യം വഹിച്ചത്. പ്രക്ഷോഭത്തിന്റെ ഫലമായി പ്രധാനമന്ത്രി ഹാനിമുല്‍ക്കിനു രാജിവയ്‌ക്കേണ്ടി വന്നു. അബ്ദുല്ല രാജാവ് രണ്ടാമന്‍ നിലവിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഉമര്‍ റസ്സാസിയെ പുതിയ പ്രധാനമന്ത്രിയായി നിയോഗിക്കുകയും ചെയ്തു.
പെട്രോള്‍, വൈദ്യുദി തുടങ്ങിയവയുടെ വില വര്‍ധന, അടിസ്ഥാന ഭക്ഷണമായ റൊട്ടിക്കുണ്ടായിരുന്ന സബ്‌സിഡി നിര്‍ത്തലാക്കല്‍, ജനങ്ങള്‍ക്കു മേല്‍ ഐ.എം. എഫ് പ്രേരണയോടെ കനത്ത ആദായനികുതി ചുമത്തല്‍ കാരണങ്ങള്‍ നിരത്തിയാണ് ഭരണകൂടത്തിനെതിരെ ആയിരങ്ങള്‍ തെരുവിലിറങ്ങിയത്.
2016ലാണ് ജോര്‍ദാന്‍ ഐ.എം.എഫില്‍ നിന്ന് 723 മില്യണ്‍ ഡോളര്‍ മൂന്ന് വര്‍ഷത്തേക്ക് കടമെടുത്തത്. ഏതാണ്ട് 500 മില്യനെങ്കിലും ഈ വര്‍ഷം തന്നെ തിരിച്ചടക്കണമെന്നാണു വ്യവസ്ഥ. ഇത് മറികടക്കാനാണു ഭരണകൂടം ആദായനികുതി കര്‍ക്കശമാക്കിയത്.
ഏതാനും വര്‍ഷങ്ങളായി പൊതുസമൂഹം ജീവിതം മുന്നോട്ട് നീക്കാന്‍ കഷ്ടപ്പെട്ടു കൊണ്ടിരിക്കെയാണ് അവരുടെ മേല്‍ നികുതിഭാരവും വില വര്‍ധനവും അടിച്ചേല്‍പ്പിച്ചത്. പുതിയ നികുതി ഭാരം ജനങ്ങള്‍ക്ക് താങ്ങാനായില്ലെന്നാണ് പ്രക്ഷോഭം നയിക്കുന്ന 17 തൊഴിലാളി സംഘടനകള്‍ ഉള്‍കൊള്ളുന്ന 'ജനറല്‍ ഫെഡറേഷന്‍ ഓഫ് ജോര്‍ദാന്‍ ട്രേഡ് യുനിയനും', 'പ്രൊഫഷനല്‍ അസോസിയേഷന്‍ കൗണ്‍സിലും' യുവജന സംഘടനകളും ഉന്നയിച്ചത്.
കഴിഞ്ഞ ഫെബ്രുവരി മുതലാണ് 160 ഓളം ഭക്ഷ്യവസ്തുക്കള്‍ക്ക് ജോര്‍ദാന്‍ ഭരണകൂടം നികുതി ഈടാക്കി തുടങ്ങിയത്. അന്നുമുതല്‍ ചെറിയ പ്രക്ഷോഭങ്ങള്‍ക്ക് രാജ്യം സാക്ഷിയായിരുന്നു. എന്നാല്‍, പ്രക്ഷോഭങ്ങള്‍ക്ക് ഐക്യഭാവം വരാന്‍ ജൂണ്‍ വരെ കാത്തിരിക്കേണ്ടി വന്നു. കര്‍ക്കശമായ നടപടികള്‍ ഇല്ലായിരുന്നുവെങ്കില്‍ രാജ്യം പാപ്പരായിപ്പോകുമെന്നാണ് രാജിവച്ച പ്രധാനമന്ത്രി ഹാനിമുല്‍ക്കി പറഞ്ഞിരുന്നത്.
ഇക്കണോമിക് ഇന്റലിജന്‍സ് യൂനിറ്റ് ഏറ്റവും ചെലവേറിയ അറബ് നഗരമായി ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനെ അടയാളപ്പെടുത്തിയിട്ട് മൂന്ന് വര്‍ഷമായി. ഇന്നും അതില്‍ വലിയ മാറ്റമില്ല. 11,000 ജോര്‍ദാന്‍ ഡോളര്‍ വരുമാനമുള്ള ഓരോ ജോര്‍ദാനിയും 5 അധികനികുതി നല്‍കണമെന്നും, കച്ചവടക്കാരാണെങ്കില്‍ 20 മുതല്‍ 40 വരെയാകുമെന്നുമുള്ള പുതിയ നിയമം തല്‍ക്കാലം പിന്‍വലിക്കുമെന്ന് അബ്ദുല്ല രാജാവും പുതിയ പ്രധാനമന്ത്രിയും അറിയിച്ചതോടേ ഏതാനും തൊഴിലാളി സംഘടനകള്‍ പ്രക്ഷോഭത്തില്‍ നിന്നും പിന്മാറി.
എന്നാല്‍, യുവജനസംഘടനയും മറ്റും സമരം തുടരുകയാണ്. ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ വിദേശകമ്പനികള്‍ രാജ്യം വിടേണ്ട അവസ്ഥ പോലുമുണ്ടാകുമെന്ന നിരീക്ഷണവുമുണ്ട്. ആദായനികുതിയെ സംബന്ധിച്ച് സമഗ്രവും നീതിപൂര്‍ണവുമായ ദേശീയ സംവാദം ഉണ്ടാകുമെന്ന് അബ്ദുല്ലാ രാജാവും പുതിയ പ്രധാനമന്ത്രിയും അറിയിച്ചത് തല്‍ക്കാലം ആശ്വാസമായെന്നാണ് വിലയിരുത്തല്‍.
പ്രതിസന്ധിയുടെ കാരണം
രാജ്യത്ത് 40 ലക്ഷത്തോളം അഭയാര്‍ഥികളുണ്ട്. അതില്‍ ഭൂരിഭാഗവും ഫലസ്തീന്‍, സിറിയന്‍, അഭയാര്‍ഥികളാണ്. ജനസംഖ്യയുടെ പകുതിയോളം വരുമിത്. യു.എസ്, ഗള്‍ഫ് ഉള്‍പെടെയുള്ള രാജ്യങ്ങള്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി ജോര്‍ദാനിലെ ഐക്യരാഷ്ട്രസഭ ഏജന്‍സികള്‍ക്കു നല്‍കിയിരുന്ന വിദേശ സഹായങ്ങള്‍ ഓരോന്നായി നിര്‍ത്തിയതാണു പ്രതിസന്ധിയുടെ തുടക്കം. സന്നദ്ധ സംഘടനയായ ഡചഞണഅ യുടെ കണക്കുകള്‍ പ്രകാരം രാജ്യത്തെ അഭയാര്‍ഥികള്‍ക്കുള്ള സഹായം മൂന്നിലൊന്നായി ചുരുങ്ങിയിട്ടുണ്ട്. പ്രതിവര്‍ഷം നൂറുകോടി മുപ്പത് ലക്ഷം ഡോളര്‍ യു.എസ് നല്‍കിയിരുന്നു.
അത് നിര്‍ത്തല്‍ ചെയ്യുമെന്ന് ട്രംപ് ഭരണകൂടം നേരെത്തെ വ്യക്തമാക്കിയതാണ്. ഗള്‍ഫ് രാജ്യങ്ങള്‍ 350 കോടി സഹായം നല്‍കിയിരുന്നതും ഈ വര്‍ഷം മുതല്‍ പല രീതികളിലായി വെട്ടിക്കുറച്ചു. ഈ ഭാരം രാജ്യത്തിനുമേല്‍ വന്നു ചേരുകയായിരുന്നു.
അതേസമയം ഇസ്രാഈലുമായി സെറ്റില്‍മെന്റ് നടത്താന്‍ സൗദി ആവശ്യപ്പെട്ടത് ജോര്‍ദാന്‍ നിരാകരിച്ചതാണ് സഹായങ്ങള്‍ കുറയാന്‍ കാരണമായതെന്ന മറുവാദവുമുണ്ട്.50 വര്‍ഷങ്ങള്‍ക്ക് മുമ്പ് അറബ്, ഇസ്രാഈലി യുദ്ധത്തില്‍ തെരുവിലേക്കിറങ്ങേണ്ടി വന്ന ഫലസ്തീനി അഭയാര്‍ഥികള്‍ക്ക് വേണ്ടി യു.എസ് നല്‍കി വന്നിരുന്ന സഹായമാണു ട്രംപ് ഭരണകൂടം പൊടുന്നനെ നിര്‍ത്തലാക്കിയത്. ഇന്ന് ജോര്‍ദാനില്‍ ഫലസ്തീനികള്‍ താമസിക്കുന്ന ഈ ക്യാംപുകളുടെ അവസ്ഥ വളരെ ദുരിതം പിടിച്ചതാണ്. ദാരിദ്ര്യവും തൊഴില്‍ രാഹിത്യവും അവരെ തീരാപട്ടിണിയിലേക്കാണ് നയിക്കുന്നത്.
ഈ നില തുടര്‍ന്നാല്‍ ഫലസ്തീനിലേക്ക് തിരിച്ച് പോകുമെന്നാണു പല ക്യാംപ് വാസികളും പറയുന്നത്. ഐക്യരാഷ്ട്ര സഭയുടെ റിലീഫ് ഏജന്‍സി ഏതാണ്ട് പത്ത് ക്യാംപുകള്‍ നടത്തുന്നുണ്ട്. എല്ലാറ്റിലും സമാനമായ അവസ്ഥയാണ്. 1948ലെ 'അല്‍ നക്ബ, 1967ലെ അല്‍ നക്‌സ', എന്നീ പേരുകളില്‍ ഇന്നും ഓര്‍മിക്കുന്ന യുദ്ധങ്ങളില്‍ 10 ലക്ഷത്തോളമാളുകളാണ് ജോര്‍ദാനിലേക്ക് കുടിയേറിയത്.
അന്നുമുതല്‍ അവിടെ അഭയം പ്രാപിച്ചവരുടെ ശേഷിപ്പുകള്‍ ഇന്നും ഈ ക്യാംപുകളിലുണ്ട്. ഭൂരിഭാഗം ആളുകള്‍ക്കും സാമൂഹ്യ സുരക്ഷ നമ്പര്‍ പോലുമില്ല.
താല്‍കാലിക പാസ്‌പോര്‍ട്ട് പുതുക്കാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരാണധികവും. ഏതാണ്ട് 250 ഡോളര്‍ നല്‍കിയാലെ അധികൃതര്‍ പുതുക്കിനല്‍കുകയുള്ളൂ. വിദ്യാഭ്യാസ സഹായമായി നല്‍കി വന്നിരുന്ന സ്‌കോളര്‍ഷിപ്പുകള്‍ പലതും ഇന്ന് നിലവിലില്ല.
സിറിയയില്‍ നിന്നു 14 ലക്ഷത്തോളം അഭയാര്‍ഥികള്‍ ജോര്‍ദാനിലുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ പകുതി പേരെ മാത്രമേ ഇപ്പോഴും രജിസ്റ്റര്‍ ചെയ്തിട്ടുള്ളു. 14 ക്യാംപുകളിലായി താമസിക്കുന്ന ഈ അഭയാര്‍ഥികളുടെ സ്ഥിതിയും വളരെ ശോചനീയമാണ്.
രജിസ്റ്റര്‍ ചെയ്ത അഭയാര്‍ഥികള്‍ക്ക് മാത്രമാണു പുറത്തുപോയി ജോലി ചെയ്യാനുള്ള അനുവാദമുള്ളത്. ബാക്കിയുള്ളവര്‍ വിവിധ ക്യാംപുകളിലാണു കഴിയുന്നത്. ഒരു ലക്ഷത്തോളം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന സാത്താരി ക്യാംപിലാണ് ഏറ്റവും അധികം അഭയാര്‍ഥികളുള്ളത്. യു.എന്‍ കണക്കുകളനുസരിച്ച് ഇനിയും 100 കോടി ഡോളര്‍ ലഭിച്ചാലെ ശരാശരി ജീവിതനിലവാരത്തിലേക്ക് കാര്യങ്ങള്‍ എത്തുകയുള്ളൂ. സിറിയന്‍ അഭയാര്‍ഥികള്‍ക്ക് പുറമെ ഇറാഖ്, സുഡാന്‍, സോമാലിയ, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ജോര്‍ദാനില്‍ അഭയാര്‍ഥികളായി കഴിയുന്നുണ്ട്.
ജോര്‍ദാന്‍ സാമ്പത്തികമായി അത്ര മോശം രാജ്യമൊന്നുമല്ല. തലസ്ഥാനമായ അമ്മാനിലും പരിസരത്തും വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടക്കുന്നുണ്ട്. ഏതാണ്ട് 750 കോടി ഡോളര്‍ ചെലവാക്കി പുതിയ ഡൗണ്‍ടൗണ്‍ പണി പുരോഗമിക്കുന്നുണ്ട്. ഭരണകൂടത്തിന്റെ പ്രധാന ശ്രദ്ധ രാജ്യത്തിന്റെ അധിക സുരക്ഷയിലും വിദേശത്തു നിന്നുമുള്ള നിക്ഷേപങ്ങളിലുമായതിനാല്‍ ഭീമമായ സാമ്പത്തിക ബാധ്യതയിലേക്കാണത് രാജ്യത്തെ തള്ളിവിട്ടത്.
അഭയാര്‍ഥികളുടെ കാര്യത്തില്‍ ശ്രദ്ധ കുറഞ്ഞുപോയെന്ന് മാത്രമല്ല രാജ്യത്തെ പൗരന്മാരെ ചൂഷണം ചെയ്യുന്നതിലേക്കാണ് വിലക്കയറ്റവും നികുതിഭാരങ്ങളും അധികൃതരെ കൊണ്ടെത്തിച്ചത്. അതേസമയം ഭരണത്തിലിരിക്കുന്നവരുടെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് രാജ്യത്തെ ഭീമമായ കടബാധ്യതയിലേക്ക് തള്ളിവിട്ടതെന്ന് നിരീക്ഷണവുമുണ്ട്.
സഹായത്തിന്റെ രാഷ്ട്രീയം
സഹായം നല്‍കുന്നത് രാജ്യത്തെ അഭയാര്‍ഥികള്‍ക്കാണെങ്കിലും തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ അതിലൂടെ നടപ്പാക്കാനാണ് അമേരിക്ക എന്നും ശ്രമിച്ചിട്ടുള്ളത്. ഇസ്രാഈലിന്റെ എക്കാലത്തെയും കണ്ണിലെ കരടാണ് ജോര്‍ദാന്‍. ഇസ്രാഈലിന്റെ ശക്തമായ ഇടപെടലിലാണ് ട്രംപ് ഭരണകൂടം ജോര്‍ദാനിലേക്കുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കുന്നത്. ഫലസ്തീനികളെ നാലുപാടും സഹായിക്കുന്ന ജോര്‍ദാനിയന്‍ നടപടി ഇസ്രാഈലിനെയും അമേരിക്കയേയും മാത്രമല്ല അവരുടെ ചൊല്‍പടിയില്‍ നില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളെയും അസ്വസ്തമാക്കിയിരുന്നു. സൗദിയും ഇസ്രാഈലുമായുള്ള പുതിയ ചങ്ങാത്തത്തിന്റെ ഫലമായി ഇസ്രാഈലുമായി ചില നീക്ക്‌പോക്കുകള്‍ക്ക് ജോര്‍ദാന്‍ തയ്യാറാവണമെന്ന് സൗദി ആഗ്രഹിച്ചു. ജോര്‍ദാന്‍ വഴി സിറിയയിലേക്ക് ആയുധങ്ങളുമായി പ്രവേശിക്കാനും ബശാറുല്‍ അസദിനെ സഹായിക്കാനും സൗദി നേരെത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ജോര്‍ദാന്‍ സൗദിയുടെ ആവശ്യങ്ങള്‍ നിരാകരിച്ചു. ഇക്കാരണങ്ങള്‍ തന്നെയാകാം അമേരിക്കയോടൊപ്പം ഗള്‍ഫ് രാജ്യങ്ങളും സഹായങ്ങള്‍ വെട്ടിച്ചുരുക്കുന്നതിലേക്ക് നയിച്ചത്.
എന്തായിരുന്നാലും അറബ് (മുല്ലപ്പൂ) വിപ്ലവത്തിന്റെ ജ്വാലകള്‍ ഇനിയും കെട്ടുപോയിട്ടില്ലെന്നാണു ജോര്‍ദാന്‍ പ്രക്ഷോപവും അതിന്റെ വിജയവും നമ്മെ ഓര്‍മിപ്പിക്കുന്നത്. ജോര്‍ദാനില്‍ ഒതുങ്ങി നില്‍ക്കേണ്ടിയിരുന്ന പ്രക്ഷോഭം മധ്യപൗരസ്ത്യ ദേശത്ത് മാത്രമല്ല ലോകത്തുടനീളം ചര്‍ച്ചയായത് രാജ്യത്തെ അസ്ഥിരതയിലേക്ക് തള്ളിവിടുന്ന എല്ലാ ഭരണകൂടങ്ങള്‍ക്കുമുള്ള താക്കീതാണ്.
അതേസമയം പ്രക്ഷോഭകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് തല്‍ക്കാലം പരിഹാരമായെങ്കിലും രാജ്യം അകപ്പെട്ട പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ സഹായമുണ്ടെങ്കില്‍ ജോര്‍ദാന് പ്രതിസന്ധി മറികടക്കാനായേക്കും. കുവൈത്ത്, യു.എ.ഇ, സൗദി ഉള്‍പെടെയുള്ളവര്‍ മക്കയില്‍ ചേര്‍ന്ന ഒത്തുചേരലിന്റെ ഫലമായി കൂടി 2.5 ബില്യന്‍ ഡോളര്‍ (250 കോടി) നല്‍കി ജോര്‍ദാനെ സഹായിക്കാമെന്ന് അറിയിച്ചതാണ് നിലവിലുള്ള ആശ്വാസം.
ബഹ്‌റെയ്ന്‍ സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണെന്നതിനാല്‍ അവരുടെ സഹായം ഇപ്പോള്‍ ഉണ്ടാകാനിടയില്ല. യൂറോപ്യന്‍ യൂനിയനും സഹായവാഗ്ദാനം നല്‍കിയിട്ടുണ്ട്. അറബ് ഗള്‍ഫ് രാജ്യങ്ങള്‍ നല്‍കുന്ന സഹായം അറബ് രാജ്യങ്ങളുടെ സുരക്ഷിതത്വത്തിനും സുസ്ഥിരതക്കുമുള്ള നിക്ഷേപം കൂടിയായി വേണം കരുതാന്‍. അസ്വസ്ഥതകളുടെ ലോകത്ത് ഐക്യത്തിന്റെയും സമവായത്തിന്റെയും വാതിലുകളാണ് തുറക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."