കാക്കി ഏമാന്മാരും മക്കളും പിന്നെ, ഓര്‍ഡര്‍ലികളും
പൊലിസിലെ ക്രൂരതകളെയും പുഴുക്കുത്തുകളെയും കുറിച്ചു തുടര്‍ച്ചയായി എഴുതുകയും പറയുകയും ചെയ്തപ്പോള്‍ സുഹൃത്തായ മുന്‍ പൊലിസ് ഓഫിസര്‍ ഉപദേശരൂപത്തില്‍ ഇങ്ങനെ പറഞ്ഞു, ''പൊലിസിനെ നന്നാക്കാന്‍ നോക്കിയാല്‍ നിങ്ങള്‍ നിരാശാരോഗം ബാധിച്ചു ചത്തുപോവുകയേയുള്ളൂ. അതു പട്ടിവാലാണ്, ഓടക്കുഴലിലിട്ടാല്‍ നിവരത്തില്ല.''
പൊലിസിനെ വിമര്‍ശിക്കുന്നവര്‍ നിരാശാരോഗം (ഡിപ്രഷന്‍) ബാധിച്ചു മരിക്കുമെന്നു കരുതുന്നില്ലെങ്കിലും അദ്ദേഹം പറഞ്ഞതില്‍ കാര്യമുണ്ടെന്ന് ഇപ്പോള്‍ ബോധ്യപ്പെടുന്നു. പത്രക്കാരല്ല, സാക്ഷാല്‍ മുഖ്യമന്ത്രി വിചാരിച്ചാലും നന്നാവില്ല പൊലിസിലെ പല ഏമാന്മാരും അവരുടെ പല മക്കളും.
പൊലിസ് ഏമാന്മാര്‍ക്കും അവരുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും അധികാരത്തണലില്‍ എന്തു വൃത്തികേടും ക്രൂരതയുമാകാം. ആരും ചോദ്യം ചെയ്യില്ല. ചോദ്യം ചെയ്യാന്‍ നാവുയര്‍ത്തിയാല്‍ നാട്ടുകാരായാലും പൊലിസിലെ താഴേത്തട്ടിലുള്ളവരായാലും 'വിവര'മറിയും. രാഷ്ട്രീയക്കാരെയും ഭരണകൂടത്തെയും വിറപ്പിക്കാന്‍ 'ഐ.പി.എസ് അസോസിയേഷന്‍' എന്ന ഏമാന്‍ സംഘടന തണലായുണ്ട്.
വരാപ്പുഴയിലെ ശ്രീജിത്തും കോട്ടയത്തെ കെവിനുമുള്‍പ്പെടെ പൊതുജനങ്ങളില്‍ നൂറുകണക്കിനാളുകള്‍ പൊലിസ് ക്രൂരതയുടെ ഇരകളായി മരിച്ചവരോ മരിച്ചപോലെ ജീവിച്ചിരിക്കുന്നവരോ കേസില്‍പ്പെട്ടു നട്ടം തിരിഞ്ഞവരോ ആയി ഉണ്ട്. അത് അവരുടെ 'തലയിലെഴുത്തെ'ന്നു സമാധാനപ്പെടേണ്ട ഗതികേടിലാണു നമ്മള്‍.
ശ്രീജിത്തിനെ അര്‍ധരാത്രി കിടക്കപ്പായയില്‍നിന്നു വലിച്ചിഴച്ചുകൊണ്ടുപോയി തല്ലിക്കൊന്നിട്ടും അതിന് ഉത്തരവിട്ട ഏതെങ്കിലും ഏമാന്‍ പിടിയിലായില്ല. പൊലിസിനെതിരേ വിമര്‍ശനം വരുമ്പോള്‍ പതിവുപോലെ ബലിമൃഗമാക്കാന്‍ ഏതെങ്കിലും ഒന്നോ രണ്ടോ സാധാ പൊലിസുകാരോ എസ്.ഐമാരോ ഉണ്ടാകും. ആ പൊലിസുകാരെ അങ്ങോട്ടു പറഞ്ഞയയ്ക്കുകയും അവരെക്കൊണ്ടു തല്ലിക്കൊല്ലിക്കുകയും ചെയ്ത കാക്കിക്കരങ്ങള്‍ സുരക്ഷിതം. അവര്‍ക്കെതിരേ 'തെളിവു' കിട്ടില്ല. നിയമോപദേശം കിട്ടില്ല!
കെവിനെ കൊന്ന കേസിലും ഇതുതന്നെ സംഭവിച്ചു. ചില പൊലിസുകാര്‍ പ്രതികളായി. പക്ഷേ, പ്രതികളുടെ അടുത്ത ബന്ധുവായിട്ടും അവിടെ നടന്നതൊന്നും 'അറിയാതിരുന്ന' ജില്ലയിലെ പൊലിസേമാനെതിരേ 'തെളിവു'ണ്ടായില്ല. അദ്ദേഹമിപ്പോഴും ഒരു കുളിരുമില്ലാതെ സസുഖം ഉദ്യോഗം ഭരിക്കുന്നു! ആരുടെയൊക്കെയോ നിര്‍ദേശം അനുസരിച്ച പൊലിസുകാര്‍ പെട്ടു.
നോമ്പുതുറക്കാനുള്ള പലഹാരം വാങ്ങി വരികയായിരുന്ന യുവാവിന്റെ ബൈക്കില്‍ കാറിടിച്ച് അപകടം വരുത്തുകയും അതു ചോദ്യം ചെയ്തപ്പോള്‍ പിടിച്ചുകൊണ്ടുപോയി തല്ലിച്ചതയ്ക്കുകയും വിവരമറിഞ്ഞ് ഓടിയെത്തിയ ഉമ്മയെ ആക്രോശിച്ചു പേടിപ്പിക്കുകയും ചെയ്ത പൊലിസ് ഒടുവില്‍ ആ യുവാവിനെ പ്രതിയാക്കി കേസെടുക്കുയും ചെയ്തു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനു തടസം വരുത്തിയെന്നാണു വകുപ്പ്. (തല്ലുമ്പോള്‍ വേദന സഹിക്കാതെ കരഞ്ഞുപോയതായിരിക്കുമോ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍!)
'അടിമപ്പണി'യില്‍ വീഴ്ച വന്നുവെന്നാരോപിച്ച് ഏമാന്റെ ഭാര്യയും മകളും തെറിവിളിക്കുകയും ആക്രമിക്കുകയും ചെയ്യുന്നുവെന്ന് പരാതിപ്പെട്ട ഒരു പൊലിസുകാരന്‍ ഇപ്പോള്‍ മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. അയാളെ തല്ലിച്ചതച്ചത് ഏമാന്റെ മകള്‍ തന്നെയാണെന്നു പറഞ്ഞാല്‍ ആര്‍ക്കെങ്കിലും വിശ്വാസം വരുമോ! അവിശ്വസനീയമെന്നു തോന്നാവുന്ന ആ ക്രൂരയാഥാര്‍ഥ്യത്തിന്റെ ഇരയാണ് തിരുവനന്തപുരം പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള പൊലിസ് ഡ്രൈവര്‍ ആര്യനാട് സ്വദേശി ഗവാസ്‌കര്‍. അദ്ദേഹം മ്യൂസിയം പൊലിസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെ:
ബറ്റാലിയന്‍ എ.ഡി.ജി.പി സുധേഷ്‌കുമാറിന്റെ ഔദ്യോഗികവാഹനത്തിന്റെ ഡ്രൈവറായ തന്നെക്കൊണ്ട് ഔദ്യോഗിക ജോലിക്കു പുറമെ വീട്ടുവേല കൂടി ചെയ്യിക്കുകയാണ്. ഏമാന്റെ ഭാര്യയ്ക്കും മകള്‍ക്കും ഷോപ്പിങ്ങിനും ബ്യൂട്ടിപാര്‍ലറില്‍ പോകാനും കാറ്റുകൊള്ളാന്‍ പോകാനും പ്രഭാതസവാരി നടത്തുന്ന സ്ഥലത്ത് എത്തിച്ചേരാനും ഔദ്യോഗികവാഹനം വേണം. ഇതൊക്കെ അനുസരിച്ചാലും രക്ഷയില്ല. എന്തിനുമേതിനും അതിഭീകരമായ ശകാരമായിരിക്കും. ഇക്കാര്യം, ഏമാനോടു പരാതിപ്പെട്ടതാണു പ്രകോപനത്തിനു കാരണം.
സംഭവദിവസം ഏമാന്റെ ഭാര്യയും മകളും പ്രഭാതസവാരി നടത്തുന്നിടത്തേക്കു പോകുമ്പോഴും തിരിച്ചുവരുമ്പോഴും ശകാരവര്‍ഷമായിരുന്നു. സഹിക്കവയ്യാതായപ്പോള്‍ കാര്‍ വഴിയോരത്തു നിര്‍ത്തി 'ഇങ്ങനെ പെരുമാറിയാല്‍ വാഹനമോടിക്കാന്‍ പ്രയാസമാണ്' എന്നു പറഞ്ഞു. അതോടെ ഏമാന്റെ മകള്‍ ക്ഷുഭിതയായി കാറില്‍നിന്നിറങ്ങി ഡ്രൈവര്‍ സീറ്റിനടുത്തുവന്നു മൊബൈല്‍ ഫോണ്‍ കൊണ്ട് പല തവണ മുതുകില്‍ തല്ലി.
പൊലിസ് അസോസിയേഷന്‍ വരെ ഇടപെട്ടതുകൊണ്ടു ഗവാസ്‌കറുടെ പരാതി മ്യൂസിയം പൊലിസ് സ്റ്റേഷനില്‍നിന്നു പറന്നുപോയിട്ടില്ല. അതേസമയം, ഏമാന്റെ മകളെ ആക്രമിച്ചതിന് ഗവാസ്‌കര്‍ക്കെതിരേ ശക്തമായൊരു പരാതി അവിടെ എത്തിയിട്ടുണ്ട്. വാദി പ്രതിയും കൊടും കുറ്റവാളിയുമാകുമെന്നര്‍ഥം. പെണ്ണു തല്ലിയെന്നതാണു ഗവാസ്‌കറുടെ പരാതി. പെണ്ണിനെ തല്ലിയെന്നതാണു അയാള്‍ക്കെതിരേയുള്ള പരാതി. തല്ലുകൊണ്ടതു ഗവാസ്‌കറിനാണെങ്കിലും നിയമത്തിന്റെ തൂക്കം അയാള്‍ക്കെതിരാണ്! പൊലിസ് ഡ്രൈവര്‍ തല്ലിയെന്നതിനു ദൃക്‌സാക്ഷികള്‍ വരെയുണ്ടാകും. മറിച്ചാരെങ്കിലും സാക്ഷി പറയാനെത്തിയാല്‍ അയാള്‍ വിവരമറിയും. അതാണ് ഏമാന്മാരുടെ ശക്തി.
രണ്ടുദിവസം മുമ്പ് മറ്റൊരു തല്ലു കൂടി നടുറോട്ടിലുണ്ടായി. തല്ലിയതു പൊലിസല്ല, എം.എല്‍.എയാണ്. പക്ഷേ, അതിന്റെ ക്ലൈമാക്‌സിലുമുണ്ട് കാക്കിയുടെ മറിമായം.
അഞ്ചലില്‍ ഒരു മരണവീട്ടിലേക്കു കുതിച്ചുപായുകയായിരുന്ന പത്തനാപുരം എം.എല്‍.എയും നടനും കൊട്ടാരക്കര പ്രഭു ബാലകൃഷ്ണപിള്ളയുടെ പുത്രനുമായ ഗണേഷ്‌കുമാറിന്റെ കാറിനു സൈഡ് കൊടുത്തില്ലെന്നതിന്റെ പേരിലാണ് ഒരു പാവം പയ്യനെ അവന്റെ അമ്മയുടെ മുന്നിലിട്ടു ക്രൂരമായി തല്ലിയത്. തല്ലുന്നതു തടയാന്‍ ശ്രമിച്ച മാതാവിന്റെ കൈപിടിച്ചുവലിക്കുകയും തള്ളി മാറ്റുകയും ചെയ്‌തെന്നാണ് ആരോപണം. എം.എല്‍.എയും ഡ്രൈവറും ചേര്‍ന്നാണ് ഇതു ചെയ്തതെന്നും ആക്രമിക്കപ്പെട്ടവര്‍ പറയുന്നു. സംഭവമുണ്ടായി അരമണിക്കൂറിനകം അടികിട്ടിയ അനന്തകൃഷ്ണന്‍ പൊലിസില്‍ പരാതി നല്‍കി.
കുറ്റം പറയരുതല്ലോ, പൊലിസ് കേസെടുത്തിട്ടുണ്ട്.
പക്ഷേ, അതിന്റെ അവസ്ഥയിങ്ങനെയാണ്. ആദ്യപരാതി എം.എല്‍.എയുടേതും അദ്ദേഹത്തിന്റെ ഡ്രൈവറുടേതും. പയ്യന്‍ ജാക്കി ലിവര്‍ കൊണ്ട് അടിച്ചുവെന്നാണ് അതിലുള്ളത്. വധശ്രമം വരെ ചുമത്താം. ജാമ്യം കിട്ടില്ല. എം.എല്‍.എക്കും ഡ്രൈവര്‍ക്കുമെതിരേ വഴക്കുപറയലും അസഭ്യം പറയലും പോലുള്ള നിസാരവകുപ്പുകളും.
ഈ സംഭവങ്ങളിലൊന്നും താഴെത്തട്ടിലുള്ള പൊലിസുകാരെ കുറ്റപ്പെടുത്തുന്നില്ല. അത് അവരുടെ ഗതികേടാണ്. കാക്കിയണിഞ്ഞ ഏമാന്മാരുടെയും ആസനത്തില്‍ അധികാരത്തഴമ്പുള്ള മാടമ്പിമാരുടെയും ആജ്ഞയ്ക്കും ഇംഗിതത്തിനും വഴങ്ങാന്‍ ബാധ്യതപ്പെട്ട ഓര്‍ഡര്‍ലിമാരാണ് അവര്‍. അല്ലെങ്കില്‍, 'വിവര'മറിയും.
ഇന്ത്യ, ജനാധിപത്യ രാജ്യമാണെന്നു ഭരണഘടനയില്‍ എഴുതിവച്ചിട്ടുണ്ട്.
നമുക്കും അങ്ങനെ വിശ്വസിച്ച് അടങ്ങിയൊതുങ്ങി ജീവിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."