പ്രവാസ ലോകത്ത് ഈദാഘോഷങ്ങള്‍ തുടരുന്നു
മനാമ: കേരളത്തോടൊപ്പം ഒമാനടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലും വെള്ളിയാഴ്ചയായിരുന്നു ഈദുല്‍ ഫിത്വറെങ്കിലും വൈവിധ്യമാര്‍ന്ന പരിപാടികളുമായി പ്രവാസ ലോകത്ത് ഈദാഘോഷങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
ബഹ്‌റൈനില്‍ പെരുന്നാള്‍ സുദിനത്തില്‍ രാവിലെ മുതല്‍ പള്ളികളും ഈദ് ഗാഹുകളും വിശ്വാസികളെകൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു.
ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ സാഖിര്‍ കൊട്ടാരത്തിലെ പള്ളിയിലാണ് പെരുന്നാള്‍ നമസ്‌ക്കാരം നിര്‍വഹിച്ചത്. കിരീടവകാശിയും സുപ്രീം ഡെപ്യൂട്ടി കമാന്‍ഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും രാജാവിന്റെ മക്കളും രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളും, പാര്‍ലമെന്റ് സ്പീക്കര്‍, ശൂറാ കൗണ്‍സില്‍ ചെയര്‍മാന്‍, മന്ത്രിമാര്‍ തുടങ്ങിയവരും ഇവിടെ പെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്കെടുത്തു. കൂട്ടു പ്രാര്‍ത്ഥനക്കു ശേഷം രാജാവ് എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.
ബഹ്‌റൈനിലെ ജുഫൈര്‍ ഗ്രാന്റ് മോസ്‌ക്ക്, മനാമ ഫാറൂഖ് മസ്ജിദ്, ഫാളില്‍ മസ്ജിദ്, അല്‍ മിഹ്‌സ മസ്ജിദ്, ഗുദൈബിയ പാലസ് മസ്ജിദ്, ഹിദ്ദിലെ ഉര്‍വ്വത് ഉബ്‌നു സുബേര്‍ മസ്ജിദ്, മുഹര്‍റഖ് കാനൂ മസ്ജിദ്, ആലി മൗല ജുമുഅ മസ്ജിദ് തുടങ്ങി പ്രമുഖ പള്ളികളിലെല്ലാം അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്.
വിവിധ ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെയും മലയാളി സംഘടനകളുടെയും കീഴിലായി നിരവധി ഈദ് മുസ്വല്ലകളും ഈദ് ഗാഹുകളും രാജ്യത്ത് സംഘടിപ്പിച്ചിരുന്നു.
ബഹ്‌റൈനില്‍ നിലവില്‍ പ്രാര്‍ത്ഥനാ സൗകര്യമില്ലാത്ത ജിദ്ഹഫ്‌സിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ക്കായി പതിവ് പോലെ സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ഘടകത്തിനു കീഴില്‍ ജിദ്ഹഫ്‌സ് ഏരിയ കമ്മിറ്റി അല്‍ ശബാബ് ഇന്റോര്‍ സ്റ്റേഡിയത്തില്‍ ഈദ് മുസ്വല്ല സംഘടിപ്പിച്ചു.
മലയാളികള്‍ക്കു പുറമെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് രാജ്യങ്ങളില്‍ നിന്നുള്ളവരടക്കം നിരവധി വിശ്വാസികള്‍ തടിച്ചു കൂടിയ പെരുന്നാള്‍ നിസ്‌കാരത്തിനും ഖുതുബക്കും സമസ്ത ബഹ്‌റൈന്‍ കോഓര്‍ഡിനേറ്റര്‍ ഉസ്താദ് റബീഅ് ഫൈസി നേതൃത്വം നല്‍കി. ഹാഫിള് ശറഫുദ്ധീന്‍ കണ്ണൂര്‍ പെരുന്നാള്‍ സന്ദേശം നല്‍കി.
ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും പിണങ്ങി നില്‍ക്കുന്നവരോട് പോലും സലാം പറഞ്ഞു ബന്ധങ്ങള്‍ പുതുക്കണമെന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു. സമസ്ത ബഹ്‌റൈന്‍ കേന്ദ്രഏരിയാ ഭാരവാഹികള്‍ സംബന്ധിച്ചു.
മലയാളികള്‍ക്കു പുറമെ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങി വിവിധ രാജ്യക്കാരായ രണ്ടായിരത്തോളം പേരാണ് ഇവിടെ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തത്.
സ്‌നേഹവും സൗഹൃദവും ഉദ്‌ഘോഷിക്കുന്ന പെരുന്നാള്‍ സുദിനത്തിന്റെ തുടര്‍ച്ചയെന്നോളം വിവിധ പ്രവാസി സംഘടനകളുടെ കീഴിലായി പ്രവാസ ലോകത്തുടനീളം വിവിധ ഈദ് പ്രോഗ്രാമുകള്‍ ഇപ്പോഴും തുടരുകയാണ്.സ്വദേശത്തും വിദേശത്തുമുള്ള പ്രമുഖരും വിശിഷ്ടാതിഥികളായി ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."