കൊവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ നടപടി; ഒരുലക്ഷം ആന്റിബോഡി കിറ്റുകള്‍കൂടി വാങ്ങുന്നു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് -19 രോഗ പരിശോധന കൂടുതല്‍ വ്യാപകമാക്കുന്നതിനും എണ്ണം വര്‍ധിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കി. പരിശോധനാ കിറ്റുകളുടെ ലഭ്യത കുറയുന്നതാണ് സംസ്ഥാനം നേരിടുന്ന പ്രതിസന്ധി. ഇത് പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡ് ലൈഫ് കെയറില്‍ നിന്ന് ഒരു ലക്ഷം ആന്റിബോഡി ടെസ്റ്റ് കിറ്റുകള്‍ വാങ്ങും. നേരത്തെ യു.എസ് കമ്പനിയില്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്ന ഒരു ലക്ഷം ആന്റിബോഡി കിറ്റുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കിയിട്ടുണ്ട്.
കിറ്റ് നിര്‍മാണ കമ്പനികളില്‍ നിന്ന് കേരള മെഡിക്കല്‍ സര്‍വിസ് കോര്പറേഷന് ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ 11 കംപനികള്‍ പങ്കെടുത്തിരുന്നു. ഇവരില്‍ ഏറ്റവും കുറഞ്ഞ ടെണ്ടര്‍ നല്‍കിയത് എച്ച്.എല്‍.എല്‍ ആയിരുന്നു. ഇവര്‍ നല്കിയ 100 സാംപിള്‍ കിറ്റുകളുടെ ഗുണനിലവാര പരിശോധന തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബില്‍ നടക്കുകയാണ്. ഇത് വിജയിച്ചാല്‍ ഒരു ലക്ഷം കിറ്റുകള്‍ ലഭ്യമാക്കാനാണ് തീരുമാനം.
ഒരാഴ്ചക്കുള്ളില്‍ കിറ്റുകള്‍ ലഭ്യമാക്കാമെന്ന് എച്ച്.എല്‍.എല്‍ അറിയിച്ചിട്ടുണ്ട്. യു.എസ് കംപനിയില്‍നിന്ന് ഐ.സി.എം.ആര് വഴിയാണ് ആന്റിബോഡി കിറ്റുകള്‍ ലഭ്യമാക്കാന്‍ നടപടികള്‍ വേഗത്തിലാക്കിയത്. മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് പരിശോധന മന്ദഗതിയിലാണ് നീങ്ങുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ദൈനംദിന സാംപിള്‍ പരിശോധന വര്‍ധിപ്പിക്കാനും നടപടി സ്വീകരിച്ചു. കൊവിഡ് ബാധിത ജില്ലകളിലെ ഡി.എം.ഒ മാരോട് കൂടുതല്‍ സാംപിളുകള്‍ പരിശോധനയ്ക്ക് അയക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സംസ്ഥാനത്തെ 14 കൊവിഡ് പരിശോധനാ ലാബുകളിലും പരിശോധന വര്‍ധിപ്പിക്കാനുള്ള നര്‍ദേശവും നല്‍കിയിട്ടുണ്ട്.
രാജ്യ വ്യാപകമായി പരിശോധനാ കിറ്റുകളുടെ ക്ഷാമം നേരിടുന്നതാണ് പ്രശ്നം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നല്കിയ പരിശോധനാ കിറ്റുകളില്‍ ചിലതിന്റെ ഗുണമേന്മയില് സംശയമുണ്ടായതിനെ തുടര്‍ന്ന് അവ ഉപയോഗിക്കേണ്ടെന്ന് ഐ.സി. എം.ആര് തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇതും കേരളത്തിലെ ആന്റിബോഡി പരിശോധന വൈകിപ്പിക്കുന്നതിന് കാരണമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."