വൈറസിന്റെ പേരില്‍ കൊമ്പുകോര്‍ത്ത് ചൈനയും അമേരിക്കയും
വാഷിങ്ടണ്‍: കൊവിഡ് വ്യാപനവും ഉത്ഭവവുമായി ബന്ധപ്പെട്ട കാര്യത്തില്‍ അമേരിക്കയും ചൈനയും വീണ്ടും നേര്‍ക്കുനേര്‍. ചൈനയ്‌ക്കെതിരേ ആരോപണം കടുപ്പിച്ചും ആവര്‍ത്തിച്ചും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയതിനു പിന്നാലെയാണ് ഇതിനു മറുപടിയും പ്രത്യാരോപണവുമായി ചൈനയും രംഗത്തെത്തിയത്.
നേരത്തെ ചൈനയ്‌ക്കെതിരേ ആരോപണമുന്നയിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്ന ട്രംപ് കഴിഞ്ഞ ദിവസം ഇത് ആവര്‍ത്തിക്കുകയായിരുന്നു. ചൈന ആദ്യമേ വിചാരിച്ചിരുന്നെങ്കില്‍ വൈറസിന്റെ വ്യാപനം തടയാമായിരുന്നെന്നും ചൈനയുടെ അശ്രദ്ധ കാരണമാണ് അമേരിക്കയില്‍ വൈറസിന്റെ വ്യാപനമുണ്ടായതെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. ഇക്കാര്യത്തില്‍ തന്റെ ഭരണകൂടം ശക്തമായ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വൈറസ് വ്യാപനത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ചൈനയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നു പറഞ്ഞ അദ്ദേഹം, ചൈനയുടെ നയങ്ങളില്‍ അമേരിക്കയ്ക്കു തൃപ്തിയില്ലെന്നും തീര്‍ത്തുപറഞ്ഞു.
ഇതിനു പിന്നാലെയാണ് പ്രത്യാരോപണവുമായി ചൈന രംഗത്തെത്തിയത്. അമേരിക്കയിലെ രാഷ്ട്രീയക്കാര്‍ ശുദ്ധ നുണയാണ് പറയുന്നതെന്നായിരുന്നു ചൈനയുടെ പ്രതികരണം. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ് ഷ്യുവാങ്ങാണ് പ്രതികരണവുമായി രംഗത്തെത്തിയത്. അമേരിക്കയില്‍ വൈറസ് പ്രതിരോധ സംവിധാനങ്ങള്‍ തയാറാക്കാത്തതും വൈറസിനെ നിയന്ത്രിക്കാനാകാത്തതും തങ്ങളുടെ കുറ്റമല്ലെന്നും ഇക്കാര്യത്തില്‍ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് അമേരിക്കയുടെ ശ്രമമെന്നും അദ്ദേഹം തുറന്നടിച്ചു.
നേരത്തെ, ചൈനയിലെ വുഹാനിലെ ലാബില്‍നിന്നാണ് വൈറസ് നിര്‍മിക്കപ്പെട്ടതെന്ന ആരോപണമുയര്‍ന്നിരുന്നു. ഇക്കാര്യത്തിലും അന്വേഷണം പ്രഖ്യാപിച്ചിരുന്ന അമേരിക്കന്‍ പ്രസിഡന്റ്, ചൈനയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ, ചൈനയെ സംരക്ഷിക്കുന്നുവെന്നും രോഗവ്യാപനം തടയുന്നതില്‍ പരാജയപ്പെട്ടെന്നും ആരോപിച്ച് ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ട് നിര്‍ത്തിവയ്ക്കുകയും ചെയ്തു. എന്നാല്‍, ആരോപണങ്ങള്‍ തുടരെത്തുടരെ നിഷേധിച്ച ചൈന, ലോകാരോഗ്യ സംഘടനയ്ക്കു കൂടുതല്‍ ഫണ്ട് നല്‍കി അമേരിക്കയ്ക്കു മറുപടി നല്‍കുകയും ചെയ്തിരുന്നു. ആസ്‌ത്രേലിയയും സമാന ആരോപണങ്ങളുമായി ചൈനയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."