'ഗ്രാന്‍ഡ് മുഫ്തീ', കണ്ണടച്ച് ഇരുട്ടാക്കുന്നതിന്റെ വിധിയെന്ത്?
#ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി
വീണ്ടുമൊരു ആത്മീയ തട്ടിപ്പിനുള്ള ഒരുക്കത്തിലാണ് കാന്തപുരം. പ്രമാദമായ വ്യാജകേശവിവാദങ്ങള്‍ക്കും തിരുകേശപള്ളി നിര്‍മാണത്തിനെന്ന പേരില്‍ കോടികളുടെ ശേഖരണത്തിനും ശേഷം പുതിയ വേഷത്തിലാണ് ഇയാള്‍ സമൂഹത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേരളത്തിനു പുറത്തുള്ള ബഹുഭൂരിഭാഗം സുന്നികളെയും പ്രതിനിധീകരിക്കുന്ന ബറേല്‍വി പ്രസ്ഥാനത്തിന്റെ ഇന്ത്യയുടെ ഗ്രാന്‍ഡ് മുഫ്തിയായി കാന്തപുരത്തെ അവരോധിച്ചുവെന്നാണ് കൊട്ടിഘോഷിക്കപ്പെടുന്നത്. കഴിഞ്ഞ ജൂലൈയില്‍ വിടപറഞ്ഞ താജുശ്ശരീഅ ഹസ്രത്ത് മൗലാനാ അഖ്തര്‍ റസാഖാന്‍ ബറേല്‍വി സാഹിബിനു ശേഷം അദ്ദേഹത്തിന്റെ ഗ്രാന്‍ഡ് മുഫ്തി പദവിയിലേക്കാണ് നിയമനമെന്നും അനുയായികള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. ഇനി മുതല്‍ രാജ്യത്തെ സുന്നി വിശ്വാസികളുടെ മത വിഷയങ്ങളില്‍ ഔദ്യോഗികമായി ഫത്‌വ (മതവിധി) നല്‍കാനുള്ള ഏറ്റവും ഉയര്‍ന്ന സ്ഥാനം കാന്തപുരത്തിനായിരിക്കുമെന്നും വ്യത്യസ്ത കര്‍മശാസ്ത്ര സരണി അനുവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഭൂരിപക്ഷം മുസ്‌ലിംകളുടെ പരമോന്നത നേതാവായി കാന്തപുരത്തെ അംഗീകരിച്ചെന്നുമാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. കേരളത്തിലെ മിക്ക പത്രങ്ങളും ഈ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നു! സമൂഹത്തിന്റെ ആഭിജാത്യത്തിലുള്ള മികച്ച താല്‍പര്യം!
മുസ്‌ലിം രാജ്യങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പണ്ഡിത സ്ഥാനമാണ് ഗ്രാന്‍ഡ് മുഫ്തി പദവി. ഉസ്മാനിയ്യ ഭരണകാലത്താണ് ഈ പദവി നിലവില്‍വരുന്നത്. ഇന്ത്യയില്‍ അവസാനത്തെ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബഹദൂര്‍ ഷാ സഫറാണ് പ്രഥമ ഗ്രാന്‍ഡ് മുഫ്തി നിയമനം നടത്തിയത്. അക്കാലത്തെ അറിയപ്പെട്ട ഹനഫീ പണ്ഡിതന്‍ മൗലാനാ ഹസ്രത്ത് സയ്യിദ് ഫള്‌ലേ റസൂല്‍ ബദായൂനിയാണ് ആദ്യ ഗ്രാന്‍ഡ് മുഫ്തി. കര്‍മശാസ്ത്ര പഠന മേഖലയില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിവിധ ഫത്‌വകള്‍ ക്രോഡീകരിച്ച് ഉര്‍ദു ഭാഷയില്‍ പ്രസിദ്ധീകരിച്ച താരീഖി ഫത്‌വാ പ്രസിദ്ധമാണ്. പിന്നീട് പൗത്രന്‍ മൗലാനാ ഹസ്രത്ത് അബ്ദുല്‍ ഖദീര്‍ ബദായൂനി സാഹിബിനെയാണ് ഈ സ്ഥാനത്തേക്ക് അവരോധിച്ചത്.
ബ്രിട്ടീഷ് ഭരണകാലത്ത് ഉത്തരേന്ത്യന്‍ ഹനഫീ മുസ്‌ലിംകളുടെ ആത്മീയാചാര്യനും പണ്ഡിതനും പരിഷ്‌കര്‍ത്താവുമായി വര്‍ത്തിച്ച ഇമാം ഹസ്രത്ത് അഹ്മദ് റസാഖാന്‍ എന്ന അഅ്‌ലാ ഹസ്രത്തിനെയായിരുന്നു ഗ്രാന്‍ഡ് മുഫ്തിയായി നിയമിക്കാന്‍ പണ്ഡിതര്‍ ആലോചിച്ചത്. യു.പിയിലെ ബറേലി കേന്ദ്രീകരിച്ചു അദ്ദേഹം നടത്തിയ ആത്മീയ-മത -വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായ ആയിരക്കണക്കിനു ശിഷ്യരും പണ്ഡിതരുമെല്ലാം അഅ്‌ലാ ഹസ്രത്തിനോടു മുഫ്തി സ്ഥാനത്തേക്കുവരണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും അദ്ദേഹം ആ പദവി നിരസിച്ചു. വിദ്യാഭ്യാസ പ്രവര്‍ത്തന മേഖലയിലും ഗ്രന്ഥ രചനയിലും ഏര്‍പെടാനായിരുന്നു മഹാനു താല്‍പര്യം. എന്നാല്‍ അദ്ദേഹത്തിന്റെ കൂടി താല്‍പര്യത്തോടെ തന്റെ പ്രഗത്ഭ ശിഷ്യനും സ്വദ്‌റുശ്ശരീഅ എന്ന പേരില്‍ പ്രസിദ്ധനുമായ മൗലാനാ ഹസ്രത്ത് മുഫ്തി അംജദ് അലി അഅ്‌ളമി സാഹിബ് അവര്‍കളെയാണ് ഗ്രാന്‍ഡ് മുഫ്തിയായി നിയമിച്ചത്. ഹനഫീ കര്‍മശാസ്ത്രത്തില്‍ അദ്ദേഹം രചിച്ച ബഹാറേ ശരീഅ എന്ന ഗ്രന്ഥം പ്രസിദ്ധമാണ്. ഡെപ്യൂട്ടി മുഫ്തി (നാഇബ് ഖാദി)യായി അഅ്‌ലാ ഹസ്രത്തിന്റെ മകന്‍ അല്ലാമാ മുസ്ഥഫാ റസാഖാന്‍ സാഹിബും നിയമിതനായി. പിന്നീട് അദ്ദേഹമാണ് ഗ്രാന്‍ഡ് മുഫ്തിയായത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായ കാലത്തു ഹസ്രത്ത് മൗലാനാ മുസ്ഥഫാ റസാഖാനായിരുന്നു മുഫ്തി. ആയിടെ കേന്ദ്ര ഗവണ്‍മെന്റ് മുന്നോട്ടുവച്ച കുടുംബാസൂത്രണ പദ്ധതിക്കെതിരേ ശക്തമായി രംഗത്ത് വന്ന പണ്ഡിതനായിരുന്നു അദ്ദേഹം.
അന്ന് ഉപ മുഫ്തി സ്ഥാനത്തുണ്ടായിരുന്നതു മുഫ്തി അംജദ് അലി സാഹിബിന്റെ മകന്‍ ശരീഫ് ഹകം അംജദിയായിരുന്നു. മുസ്ഥഫാ റസാഖാനു ശേഷമാണ് പൗത്രനായ താജുശ്ശരീഅ ഹസ്രത്ത് മൗലാനാ അഖ്തര്‍ റസാ ഖാന്‍ ഗ്രാന്‍ഡ് മുഫ്തി പദവിയിലെത്തുന്നത്. പ്രമുഖ പണ്ഡിതനും യു.പിയിലെ ജാമിഅ അംജദിയ്യയുടെ സ്ഥാപകനുമായ ളിയാഉല്‍ മുസ്ഥഫാ അംജദി സാഹിബാണ് യശശ്ശരീരനായ അഖ്തര്‍ റസാഖാന്റെ കാലം മുതലേ നാഇബു ഖാളില്‍ ഖുളാത്ത് (ഡെപ്യൂട്ടി ഗ്രാന്‍ഡ് മുഫ്തി) പദവിയിലിരിക്കുന്നത്. ഇതാണ് ഇന്ത്യയിലെ മുഫ്തിമാരുടെ നിയമന ചരിത്ര സംഗ്രഹം. താജുശ്ശരീഅയുടെ നിര്യാണത്തിനു ശേഷം മാസങ്ങള്‍ കഴിഞ്ഞെങ്കിലും പുതിയ മുഫ്തിയെ നിയമിച്ചിട്ടുമില്ല.
ബറേല്‍വികളിലെ പണ്ഡിത ശ്രേഷ്ഠരുടെ കൂടിയാലോചനകള്‍ക്കു ശേഷം ശരീഅ കൗണ്‍സിലിന്റെ യോഗത്തിലാണ് ഗ്രാന്‍ഡ് മുഫ്തിയെ കണ്ടെത്തുന്നതും നിയമന തീരുമാനമെടുക്കുന്നതും. പുതിയ 'ഗ്രാന്‍ഡ് മുഫ്തി' നിയമനത്തെക്കുറിച്ച് ബറേല്‍വി ശരീഫുമായി ബന്ധപ്പെട്ട ജാമിഅ അശ്രഫിയ്യ മുബാറക്പൂര്‍, ജാമിഅത്തുര്‍റസാ, മന്‍സറേ ഇസ്‌ലാം ബറേലി, ജാമിഅ അംജദിയ്യ ഗോഷി, ബറേല്‍വി ശരീഅ കൗണ്‍സില്‍ മുതലായ ഔദ്യോഗിക വൃത്തങ്ങള്‍ അറിഞ്ഞിട്ടുപോലുമില്ല. രാജ്യത്തെ പരകോടി ഹനഫീ മുസ്‌ലിംകളുടെ മുഫ്തിയായി അവരുടെ കര്‍മശാസ്ത്രമറിയാത്ത ഒരാളെ നിയമിക്കുക എന്നത് അസംഭവ്യവുമാണ്. കാന്തപുരത്തിന്റെ ഗ്രാന്‍ഡ് മുഫ്തി നിയമനത്തെ അവര്‍ തള്ളിപ്പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ടിയാനെ മുഫ്തി തലപ്പാവണിയിച്ച മന്നാന്‍ ഖാന്‍ റസ്‌വിയെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് സ്വാര്‍ഥ താല്‍പര്യക്കാര്‍ ഒപ്പിച്ചെടുത്ത തട്ടിക്കൂട്ട് സ്ഥാനാരോഹണവും വ്യാജ നിയമനവുമാണിതെന്നു വ്യക്തമായത്.
തന്റെ സഹോദരനും സന്തത സഹചാരിയുമായ മന്നാന്‍ ഖാന്‍ റസ്‌വിയെ സാമ്പത്തികവും മറ്റുമായ ക്രമക്കേടുകള്‍ മൂലം താജുശ്ശരീഅ ബഹിഷ്‌കരിച്ചിരുന്നു. അയാളും ഉത്തരേന്ത്യയിലെ കടലാസ് സംഘടനാ നേതാക്കളായ ഡല്‍ഹിയിലെ ജാവേദ് മിയാന്‍ നഖ്ശബന്തി, ആള്‍ ഇന്ത്യാ തന്‍സീമേ ഉലമായുടെ പ്രസിഡന്റ് അശ്ഫാഖ് ഹുസൈന്‍ ഖാദിരി എന്നീ ത്രിമൂര്‍ത്തികള്‍ ചേര്‍ന്നാണ് കാന്തപുരത്തിനു പുതിയ പട്ടം നല്‍കിയത്. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ഇവരെല്ലാം സംയുക്തമായി നടത്തിയ ഗരീബ് നവാസ് സമാധാന സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. ദേശീയ പരിപാടിയായി പ്രഘോഷം നടത്തിയ സമ്മേളനത്തില്‍ ഗ്രാന്‍ഡ് മുഫ്തി പ്രഖ്യാപനം ഒരു അജന്‍ഡയേ ആയിരുന്നില്ല. ബന്ധപ്പെട്ട വൃത്തങ്ങള്‍ അങ്ങനെയൊന്ന് ആലോചിക്കുക പോലും ചെയ്തിരുന്നില്ല എന്നതാണ് രസകരം. വളരെ വിനയത്തോടെ ഇവിടെ ഒരു ചോദ്യമുന്നയിക്കാനാഗ്രഹിക്കുന്നു: ഗ്രാന്‍ഡ് മുഫ്തീ, കണ്ണടച്ച് ഇരുട്ടാക്കുന്നതിന്റെ മതവിധി എന്താണ്? അതനുവദനീയമാണോ?
ആറു മാസം മുന്‍പ് മുതലേ പ്രചണ്ഡമായ പ്രചാരണം നടത്തി പതിനായിരങ്ങളെ പങ്കെടുപ്പിക്കണമെന്നായിരുന്നു ശൈഖും മകനും ഉത്തരേന്ത്യന്‍ മൗലാനമാരെ ശട്ടം ചെയ്തു കല്‍പിച്ചിരുന്നത്. ഇതിനായി 6700 ലധികം കസേരകള്‍ പൊതു ജനങ്ങള്‍ക്കും 600 ലധികം സീറ്റുകള്‍ മൗലാനാ-വി.ഐ.പി അതിഥികള്‍ക്കുമായി ഒരുക്കിയിരുന്നെങ്കിലും രണ്ടായിരം പോലും തികക്കാന്‍ സാധിച്ചില്ലെന്നും സമ്മേളനം പൂര്‍ണ പരാജയമായിരുന്നുവെന്നും മര്‍കസിലെ മുന്‍ അധ്യാപകന്‍ മഖ്ബൂല്‍ അഹ്മദ് മിസ്ബാഹി തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. തങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ലക്ഷങ്ങള്‍ മുടക്കി സംഘടിപ്പിക്കുന്ന സമ്മേളനം വിജയിച്ചില്ലെന്ന് ബോധ്യമായപ്പോള്‍ പിതാവും മകനും സംഘാടകരോട് ക്ഷുഭിതരായെന്നും ഈ പവിത്രരോഷം ശമിപ്പിക്കാനും കാന്ത രൗദ്രം മയപ്പെടുത്താനുമായി പ്രസ്തുത വേദിയില്‍നിന്നു തന്നെ പൊടുന്നനെ തട്ടിക്കൂട്ടിയതായിരുന്നു മുഫ്തി പ്രഖ്യാപനമെന്നുമാണ് ഇതു സംബന്ധമായി ചില അഭിജ്ഞ വൃത്തങ്ങള്‍ പ്രതികരിച്ചത്. അല്ലാമാ താജുശ്ശരീഅക്കു ശേഷം അടുത്ത ഗ്രാന്‍ഡ് മുഫ്തിയെ ഔദ്യോഗികമായി നിയമിക്കുന്നതിനു മുന്‍പേ സ്വയം പ്രഖ്യാപിത മുഫ്തിയായി കാന്തപുരം പ്രത്യക്ഷപ്പെട്ടത് ബറേല്‍വി പണ്ഡിതരെ ഒന്നടങ്കം ചൊടിപ്പിച്ചിട്ടുമുണ്ട്.
ചുരുക്കത്തില്‍, ഇന്ത്യയിലും ഇന്ത്യന്‍ മുസ്‌ലിംകള്‍ താമസിക്കുന്ന വിവിധ വിദേശ രാഷ്ട്രങ്ങളിലും പരമോന്നതനായി വാഴ്ത്തപ്പെടുമെന്നും അറബ്-ഇതര രാജ്യങ്ങളില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്നും വായില്‍ വെള്ളമൂറിയും കിനാവു കണ്ടുമായിരിക്കാം കാന്തപുരം പുതിയ വ്യാജ വേഷം സ്വീകരിച്ചത്. കാലങ്ങള്‍ക്കു മുന്‍പേ തുടങ്ങിയ ഈ തട്ടിപ്പും വെട്ടിപ്പും ഉപേക്ഷിച്ചു ശിഷ്ടജീവിതം പരലോക മുക്തിക്കായി വിനിയോഗിക്കുന്നതായിരിക്കും ഇനി നല്ലത്. ഇത്തരം കുരുട്ടുവിദ്യകളൊന്നും അതിനു യോജ്യമല്ല. അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം എത്ര ചിന്തോദ്ദീപകമായിരിക്കുന്നു: സൗഭാഗ്യപൂര്‍ണമായ ആ പാരത്രിക സദനം നാം സംവിധാനിച്ചു കൊടുക്കുക ഭൂമിയില്‍ തന്‍പോരിമയോ വിനാശമോ ആഗ്രഹിക്കാത്തവര്‍ക്കാണ്. ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്കത്രേ അന്തിമമായ ശുഭപരിണാമമുണ്ടാവുക. (വി.ഖു 28:83)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."