ജയത്തോടെ സെര്‍ബിയ
സമാറ അരീന: ഗ്രൂപ്പ് ഇ യിലെ ആദ്യ മത്സരത്തില്‍ തങ്ങളുടെ വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കി സെര്‍ബിയ ഗ്രൂപ്പില്‍ ആധിപത്യം ഉറപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ കോസ്റ്റ റിക്കയെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് തങ്ങളുടെ 13-ാം ലോകകപ്പില്‍ സെര്‍ബിയ വരവറിയിച്ചത്. സുന്ദര ശൈലിയില്‍ കളിച്ച സെര്‍ബിയ അര്‍ഹിച്ച വിജയമാണ് സ്വന്തമാക്കിയത്. കളിയുടെ ആദ്യ പകുതിയില്‍ പൂര്‍ണമായും സെര്‍ബിയന്‍ ആധിപത്യമായിരുന്നു.
കോസ്റ്റ റിക്കന്‍ താരങ്ങളെ തങ്ങളുടെ കളത്തില്‍ കയറാന്‍ അനുവദിക്കാതെയായിരുന്നു സെര്‍ബിയയുടെ നീക്കം. പല സമയത്തും കോസ്റ്ററിക്കന്‍ കീപ്പര്‍ കിയിലര്‍ നവാസിന്റെ ഇടപെടലുകള്‍ ഗോളുകള്‍ വഴങ്ങുന്നതില്‍ നിന്ന് കോസ്റ്റ റിക്കയെ രക്ഷിച്ചു. വലതും ഇടതും വിങ്ങില്‍നിന്ന് ബോക്‌സിലേക്ക് പന്തെത്തിച്ച് ഗോള്‍ മുഖം വിറപ്പിച്ച് ഗോള്‍ നേടുക എന്ന തന്ത്രമായിരുന്നു സെര്‍ബിയ സ്വീകരിച്ചത്. കാരണം ഇരു വിങ്ങുകളില്‍നിന്ന് വരുന്ന പാസുകള്‍ സ്വീകരിക്കാന്‍ പാകത്തിലുള്ള താരങ്ങളായിരുന്നു സെര്‍ബിയിയുടേത്. കോസ്റ്റ റിക്കന്‍ താരങ്ങളേക്കാളും ഉയരം കൂടുതലുള്ള താരങ്ങളായിരുന്നു സെര്‍ബിയയിലെ മുഴുവന്‍ താരങ്ങളും. ഈ ഉയരക്കൂടുതല്‍ എതിര്‍ ബോക്‌സില്‍ സെര്‍ബിയന്‍ താരങ്ങള്‍ കൃത്യമായി ഉപയോഗിച്ചു.
പന്ത് കൈയില്‍ കിട്ടുന്ന സമയത്തെല്ലാം ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കി ഹെഡ് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ബോക്‌സില്‍ പന്തെത്തിച്ച് പ്രതിരോധനിരയെ സമ്മര്‍ദത്തിലാക്കിയാല്‍ ഒന്നുകില്‍ സെല്‍ഫ് ഗോളോ ഗോളവസരമോ വീണുകിട്ടും എന്ന തന്ത്രവും സെര്‍ബിയ പയറ്റിക്കൊണ്ടേയിരുന്നു.
രണ്ടാം പകുതിക്ക് ശേഷമാണ് കോസ്റ്റ റിക്ക പൊരുതിനോക്കാനെങ്കിലും ശ്രമിച്ചത്. കളിയുടെ 70 മിനുട്ടുകള്‍ കഴിഞ്ഞപ്പോഴേക്കും കോസ്റ്റ റിക്കയും ഉണര്‍ന്നു. പിന്നെ മികച്ച ഫുട്‌ബോളായിരുന്നു. 56-ാം മിനുട്ടില്‍ ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു സെര്‍ബിയയുടെ ഗോള്‍. കിക്കെടുത്ത ക്യാപ്റ്റന്‍ അലക്‌സാണ്ടര്‍ കൊളറോവ് സുന്ദരമായ ഫ്രീകിക്കിലൂടെ പന്ത് പോസ്റ്റിന്റെ വലത് മൂലയിലെത്തിച്ചു.
ഫ്രീകിക്ക് എടുക്കുമ്പോള്‍ പോസ്റ്റിന്റെ ഇടതോ വലതോ മൂലയിലേക്ക് അടിക്കുക എന്ന തന്ത്രം പയറ്റിയാണ് കോളറോവ് വിജയം കണ്ടത്. സമനില ഗോളെങ്കിലും നേടണമെന്ന വാശിയില്‍ കോസ്റ്റ റിക്ക രണ്ടാം പകുതിക്ക് ശേഷം ഗ്രൗണ്ടില്‍ നിറഞ്ഞു കളിച്ചു. പക്ഷ പലപ്പോഴും സെര്‍ബിയന്‍ പ്രതിരോധം ഉറച്ചു നിന്നു. ഗ്രൂപ്പ് ഇയില്‍ ഇനി സ്വിറ്റ്‌സര്‍ലന്റിനേയും ബ്രസീലിനേയുമാണ് സെര്‍ബിയക്ക് നേരിടാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."