വില്ലേജ് ഓഫിസില്‍നിന്ന് അപേക്ഷകന് രേഖകള്‍ കിട്ടുന്നില്ലെന്ന് പരാതി
മുക്കം: 40 ദിവസത്തിലധികം വില്ലേജ് ഓഫിസിന്റെ പടികള്‍ കയറിയിറങ്ങിയിട്ടും അപേക്ഷകന് രേഖകള്‍ കിട്ടുന്നില്ലെന്ന് പരാതി. മരഞ്ചാട്ടി പിലാക്കചാലില് സുലൈമാന്‍ എന്നയാളാണ് തനിക്ക് നേരിട്ട ദുരനുഭവം പങ്കുവയ്ക്കുന്നത്.
കാരശേരി കുമാരനെല്ലൂര്‍ വില്ലേജ് ഓഫിസിലാണ് സംഭവം. സ്വന്തം പേരിലുള്ള ആറേമുക്കാല്‍ സെന്റ് സ്ഥലം പണയപ്പെടുത്തി ബാങ്കില്‍നിന്നു ലോണ്‍ എടുക്കുന്നതിനായി പട്ടയം ആവശ്യമായതിനെ തുടര്‍ന്ന് ഇയാള്‍ പട്ടയത്തിനായി ഇവിടെ അപേക്ഷ നല്‍കിയിരുന്നു.
പട്ടയത്തിന് അപേക്ഷിച്ച ഫയല്‍ നമ്പര്‍ കിട്ടുന്നതിനുവേണ്ടി സുലൈമാന്‍ കഴിഞ്ഞ നാല്പതോളം ദിവസമായി കുമാരനെല്ലൂര്‍ വില്ലജ് ഓഫിസില്‍ കയറിയിറങ്ങുകയാണ്. ഫയല്‍ നമ്പര്‍ ലഭിക്കണമെങ്കില്‍ വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ച് സ്കെച്ചും പ്ലാനും സൈറ്റും തയാറാക്കി നല്‍കേണ്ടതുണ്ട്. എന്നാല്‍ കഴിഞ്ഞ 40 ദിവസമായി വില്ലേജ് ഓഫിസറുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് സുലൈമാന്‍ പറയുന്നു.
ഇതേ തുടര്‍ന്ന് പ്രതിഷേധവുമായെത്തിയ സുലൈമാന്‍ പിന്തുണയുമായി സി.പി.എം പ്രവര്‍ത്തകരുമെത്തി. കാരശ്ശേരി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് സജി തോമസിന്റെ നേതൃത്വത്തില്‍ സുലൈമാനും സി.പി.എം പ്രവര്‍ത്തകരും ചേര്‍ന്ന് വില്ലേജ് ഓഫിസറെ ഉപരോധിച്ചു. ഉപരോധത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസ് സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ വെള്ളിയാഴ്ച പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന് വില്ലേജ് അധികൃതര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
അതേസമയം വിവിധ ആവശ്യങ്ങള്‍ക്കായി കുമാരനെല്ലൂര്‍ വില്ലേജ് ഓഫിസില്‍ എത്തുന്ന മുഴുവന്‍ ആളുകളുടെയും സ്ഥിതി ഇങ്ങനെയാണെന്ന് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് സജി തോമസ് ആരോപിച്ചു. സി.പി.എം നേതാക്കളായ ഇ.പി അജിത്ത്, ബൈജു എടവലത്ത്, സുരേഷ് കാരമൂല, ശിവദാസന്‍ തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."