അമ്പത് ദിനം, നൂറ് കുളം: രണ്ടാംഘട്ടത്തിന് തുടക്കമായി
കൊച്ചി: കൊച്ചി കപ്പല്‍ശാലയുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ അമ്പത് ദിവസത്തില്‍ നൂറു കുളം ശുചീകരിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി രണ്ടാംഘട്ടത്തിലേക്ക് കടന്നു. ഇന്നലെ വരാപ്പുഴ പഞ്ചായത്തിലെ തിരുമുപ്പം കുളവും ശ്രീമൂലനഗരം പഞ്ചായത്തിലെ എടക്കണ്ടം കുളവുമാണ് വൃത്തിയാക്കിയത്. കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള രണ്ടിടത്തുമെത്തി സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു.
കപ്പല്‍ശാലയിലെ ജീവനക്കാര്‍, അന്‍പൊട് കൊച്ചി, നെഹ്‌റു യുവകേന്ദ്ര, എന്‍.എസ്.എസ് വോളന്റിയര്‍മാര്‍, കോളേജ് വിദ്യാര്‍ഥികള്‍, ജനപ്രതിനിധികള്‍ എന്നിവരും നാട്ടുകാരും കൈകോര്‍ത്തത്തോടെ കുളങ്ങളിലെ മാലിന്യങ്ങള്‍ നീങ്ങി തെളിനീരായി. ഹരിതകേരളം ജില്ലാ മിഷന്‍, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ പിന്തുണയും കുളം നവീകരണപദ്ധതിയ്ക്കുണ്ട്.
രണ്ടാംഘട്ടത്തിന്റെ തുടര്‍ച്ചയായി ഇന്ന് ഒമ്പത് കുളങ്ങള്‍ കൂടി വൃത്തിയാക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ചേന്ദമംഗലം അരങ്കാവു അമ്പലക്കുളം, കടുങ്ങല്ലൂര്‍ ഇരുമ്പക്കുളം, കോട്ടുവള്ളി രണ്ടാം വാര്‍ഡിലെ കടുവന്‍കുളം, നെടുമ്പാശ്ശേരി 12ാം വാര്‍ഡിലെ കണ്ടന്‍കുളം, നെടുമ്പാശ്ശേരി 16ാം വാര്‍ഡിലെ ഈരച്ചന്‍കുളം, നോര്‍ത്തു പറവൂര്‍ നഗരസഭയിലെ പെരുവാരം അമ്പലക്കുളം, പാറക്കടവു 17ാം വാര്‍ഡിലെ പാറണിക്കുളം, 18ാം വാര്‍ഡിലെ രാമന്‍കുളം, രണ്ടാം വാര്‍ഡിലെ ഉച്ചുക്കുളം എന്നിവ ഇന്ന് ശുചീകരിക്കും. നാളെ ആമ്പല്ലൂരില്‍ അയ്യങ്കോവില്‍ കുളവും നവീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."