പ്രവര്‍ത്തകന്റെ പ്രാര്‍ഥനയ്ക്കാണു ഫലം
നിസ്‌കാരം കഴിഞ്ഞ് എല്ലാവരും പോയിക്കഴിഞ്ഞിട്ടും അയാള്‍ മാത്രം ഇരുന്നിടത്തുതന്നെ. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയാണയാള്‍. ചിലപ്പോഴൊക്കെ കരയുന്ന ശബ്ദം പുറത്തേക്കു കേള്‍ക്കുന്നുണ്ട്. പള്ളിയിലെ ഇമാം ആ കാഴ്ച കുറേനേരം കൗതുകത്തോടെ നോക്കിയിരുന്നു. എന്തായിരിക്കും ഇങ്ങനെ കരഞ്ഞു പ്രാര്‍ഥിക്കാന്‍ മാത്രം അയാള്‍ക്കുള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ ആലോചന. പള്ളി വൃത്തിയാക്കുന്ന തൂപ്പുകാരനോട് അതേകുറിച്ച് അന്വേഷിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: ''നിങ്ങള്‍ അദ്ദേഹത്തെ വിട്ടേക്കൂ.. അദ്ദേഹത്തിന്റെ പ്രാര്‍ഥന ദൈവം സ്വീകരിക്കില്ല..!''
തൂപ്പുകാരന്റെ വാക്കുകള്‍ ഇമാമിന് അത്രയ്ക്ക് ദഹിച്ചില്ല. അദ്ദേഹം ചോദിച്ചു: ''ദൈവം പ്രാര്‍ഥന സ്വീകരിക്കില്ലെന്നു പറയാന്‍ നിങ്ങളാരാ...?''
''ക്ഷമിക്കണം, അങ്ങനെ പറയാന്‍ ആരുമാകണമെന്നില്ല. വിഷയം ഞാന്‍ പറയാം. അദ്ദേഹം പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നത് ഒരു കുഞ്ഞിക്കാല്‍ കാണാനുള്ള ഭാഗ്യത്തിനാണ്. അതിനാദ്യം വിവാഹം കഴിക്കണ്ടേ.. വിവാഹത്തിനു താല്‍പര്യമെങ്കിലും കാണിക്കണ്ടേ..''
''അദ്ദേഹം അവിവാഹിതനാണോ..?'' ഇമാം ചോദിച്ചു.
''അവിവാഹിതനാണെന്നു മാത്രമല്ല, അവിവാഹിതനായി തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനവും...! പിന്നെ എങ്ങനെ കുഞ്ഞുങ്ങളുണ്ടാകും...?''
നിങ്ങളുടെ വീട് കത്തിക്കരിയുകയാണെന്നു കരുതുക. ആ സമയത്താണ് കൂട്ടുകാരന്‍ വന്ന് 'വാ, നമുക്ക് വീടിന്റെ രക്ഷയ്ക്കായി പ്രാര്‍ഥിക്കാം' എന്നു പറയുന്നത്..! ചോദിക്കട്ടെ, നിങ്ങളെന്തായിരിക്കും അവനോട് പറയുക? അവനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്തായിരിക്കും? അവന്‍ നിങ്ങളുടെ മിത്രമായിരിക്കുമോ അതോ ശത്രുവായിരിക്കുമോ?
വെള്ളത്തില്‍ മുങ്ങിത്താണുകൊണ്ടിരിക്കുന്ന സുഹൃത്ത് ഒരു കൈ സഹായത്തിനായി കേഴുമ്പോള്‍ പ്രാര്‍ഥിച്ചോളൂ, ദൈവം വിളി കേള്‍ക്കുമെന്നു പറഞ്ഞാല്‍ എങ്ങനെയുണ്ടാകും?
ദുരന്തങ്ങളും ദുരിതങ്ങളുമുണ്ടായാല്‍ സമൂഹമാധ്യമങ്ങളില്‍ ഉടനുടന്‍ പ്രാര്‍ഥനകള്‍ വന്നുനിറയാറുണ്ട്. നല്ല കാര്യം തന്നെ. പക്ഷെ, വീട് കത്തുമ്പോള്‍ രക്ഷയ്ക്കായി അത്യധ്വാനം ചെയ്യുന്ന സുഹൃത്തിനെ സമൂഹമാധ്യമങ്ങളില്‍ നിങ്ങള്‍ കാണാറുണ്ടോ? അതേസമയം വെള്ളത്തില്‍ മുങ്ങിത്താഴുന്ന സുഹൃത്തിനോട് പ്രാര്‍ഥിക്കാന്‍ പറയുന്നവനെ അതില്‍ കാണാറില്ലേ?
ഏതു വാതില്‍ തുറക്കാനും ഒരു ചാവി മതിയാകും. എന്നാല്‍ ഉദ്ദേശ്യലക്ഷ്യങ്ങളുടെ കവാടം തുറന്നുകിട്ടാന്‍ ദൈവം തമ്പുരാന്‍ രണ്ടു ചാവികളാണ് ഏല്‍പിച്ചിട്ടുള്ളത്. അതിലൊന്നിന്റെ പേരാണു പ്രാര്‍ഥന. രണ്ടാം ചാവിയുടെ പേര് പ്രവര്‍ത്തനം. രണ്ടും സമം ചേര്‍ത്ത് ഉപയോഗിക്കുമ്പോഴാണു തുറവിയുണ്ടാവുക.
പ്രാര്‍ഥന നല്ല കാര്യം. പക്ഷെ, പ്രവര്‍ത്തനമില്ലാത്ത പ്രാര്‍ഥന അര്‍ഥരഹിതവും പ്രയോജനരഹിതവുമാണ്. അത് ഉണ്ടയില്ലാതെ വെടിവയ്ക്കുന്നപോലെയിരിക്കും. പ്രാര്‍ഥന മാത്രം പോരാ, പ്രവര്‍ത്തനവും വേണം. പ്രവര്‍ത്തനം മാത്രം പോരാ, പ്രാര്‍ഥനയും വേണം.
ഒരു ജോലിക്കും പോകാതെ നിഷ്‌ക്രിയനായി ജീവിക്കുന്നവന്‍ 'ദൈവമേ എന്നെ ധനികനാക്കേണമേ' എന്നു പ്രാര്‍ഥിച്ചിട്ടെന്തു കാര്യം? പാഠഭാഗം തൊട്ടുനോക്കുക പോലും ചെയ്യാതെ 'ഈ പരീക്ഷയ്ക്ക് ഉന്നതമായ വിജയം പ്രദാനം ചെയ്യേണമേ' എന്നു പ്രാര്‍ഥിച്ചിട്ടെന്തു ഫലം?
ഒരിക്കല്‍ ഒരു സൂഫീഗുരു ഒരു മനുഷ്യനെ കാണുകയുണ്ടായി. അദ്ദേഹം ചരല്‍ക്കല്ലുകളെടുത്തു കളിക്കുകയാണ്. തനിക്കു സ്വര്‍ഗീയ അപ്‌സരസുകളെ പ്രദാനം ചെയ്യേണമേ എന്നു പ്രാര്‍ഥിക്കുകയും ചെയ്യുന്നുണ്ട്. അതുകണ്ടപ്പോള്‍ ഗുരു ചോദിച്ചു: ''എടോ, അപ്‌സരസുകളെ കിട്ടാന്‍ പ്രാര്‍ഥിക്കുകയും എന്നിട്ട് ഭ്രാന്തന്മാര്‍ കളിക്കുന്ന പോലെ കളിക്കുകയും ചെയ്യുകയാണോ നീ..?''
കാലങ്ങളായി സത്യവിശ്വാസികള്‍ നാനാവിധങ്ങളായ പരീക്ഷണങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്നു. ചുറ്റിലും ശത്രുക്കളുടെ വിളയാട്ടങ്ങള്‍. അവരുടെ നിരന്തരമായ പീഡനങ്ങള്‍. സഹിക്കാവുന്നതിലുമപ്പുറമാണു ചിലര്‍ സഹിക്കുന്നത്. അതോടൊപ്പം ഈ പീഡനങ്ങള്‍ക്കൊരറുതി ലഭിക്കാന്‍ നിരന്തരം പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പക്ഷെ, ഉത്തരം എവിടെ?!
ഉത്തരമില്ലാതിരിക്കുന്നതിന്റെ ഉത്തരം പ്രാര്‍ഥന മാത്രമേയുണ്ടാകുന്നുള്ളൂ എന്നതാണ്. പ്രവര്‍ത്തനത്തിന് ആരും മുതിരുന്നില്ല. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രാര്‍ഥിക്കാന്‍ എല്ലാവരും മുന്നിലുണ്ട്; പ്രവര്‍ത്തന രംഗത്ത് കുറഞ്ഞ ആളുകളെ മാത്രമേ കാണുന്നുള്ളൂ. വീട് കത്തുമ്പോള്‍ ചെറിയൊരു സഹായത്തിനുപോലും വരാതെ ഞാന്‍ പ്രാര്‍ഥിച്ചുകൊള്ളാമെന്നു പറയുന്നവനെ ആര്‍ക്കും വേണം!
പ്രാര്‍ഥനയ്ക്കുമുന്‍പ് പ്രവര്‍ത്തനം നടക്കേണ്ട സന്ദര്‍ഭങ്ങളുണ്ട്. വീട് അടച്ചുപൂട്ടാതെ മോഷ്ടാക്കളില്‍നിന്നു തന്റെ വീട് കാത്തുകൊള്ളേണമേ എന്നു പ്രാര്‍ഥിക്കരുത്. ആദ്യം വീടടയ്ക്കുക. എന്നിട്ടു പ്രാര്‍ഥിക്കുക. നിഷ്‌ക്രിയന്റെ പ്രാര്‍ഥനയ്ക്കല്ല, പ്രവര്‍ത്തകന്റെ പ്രാര്‍ഥനയ്ക്കാണു സ്വീകാര്യത ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."