മലയാളം പഠിക്കാന്‍ കിന്‍ഫ്രയില്‍ ഇതരസംസ്ഥാനക്കാരായ 73 വനിതകള്‍
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാമിഷന്റെ 'ചങ്ങാതി' പദ്ധതി പഠിതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. കഴക്കൂട്ടം കിന്‍ഫ്രയുടെ വനിതാ ഹോസ്റ്റലില്‍ മലയാളം പഠിക്കുന്നത് 73 പേരാണ്.
കിന്‍ഫ്രയില്‍ പ്രവര്‍ത്തിച്ചുവരുന്ന വസ്ത്രനിര്‍മാണ സ്ഥാപനമായ ടെക്സ്പോര്‍ട്ട് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരാണ് ഭൂരിഭാഗവും. 73 പേരില്‍ 72 പേരും ഒഡിഷയില്‍ നിന്നുള്ളവരാണ്. ഒരാള്‍ തമിഴ്നാട് സ്വദേശിനി.
കിന്‍ഫ്രയിലെ പ്രവര്‍ത്തിച്ചുവരുന്ന വിവിധ തൊഴില്‍ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ക്ലാസുകള്‍ സജീവമായതോടെ പഠനത്തിന് താല്പര്യം പ്രകടിപ്പിച്ചെത്തുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല പറഞ്ഞു.
നേരത്തെ എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ നടപ്പിലാക്കിയ 'ചങ്ങാതി' മാതൃകാ പ്രോജക്ടിന് മികച്ച പ്രതികരണം ലഭിച്ച സാഹചര്യത്തിലാണ് പദ്ധതി മറ്റു ജില്ലകളിലെ തെരഞ്ഞെടുത്ത ഒരു തദ്ദേശ്വയംഭരണ സ്ഥാപനത്തിലേക്ക് വ്യാപിപ്പിച്ചത്.
നാല് മാസം കൊണ്ട് തൊഴിലാളികളെ മലയാളത്തില്‍ സാക്ഷരരാക്കുന്നതാണ് പദ്ധതി. ആഴ്ചയില്‍ അഞ്ചുമണിക്കൂറാണ് ക്ലാസ്. വിദ്യാകേന്ദ്രങ്ങള്‍, തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍, തൊഴിലിടങ്ങള്‍ എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങള്‍ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."