യുവാവിനെ കുത്തിക്കൊന്ന കേസില്‍ നാലുപേര്‍ അറസ്റ്റില്‍
നിലമ്പൂര്‍: കരുളായിയില്‍ വാഹനത്തിനു സൈഡ് നല്‍കാത്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ നാലുപ്രതികള്‍ അറസ്റ്റിലായി. മൂത്തേടം വെള്ളാരമുണ്ട വട്ടപ്പാടം കുഞ്ഞിമുഹമ്മദിന്റെ മകന്‍ കോര്‍മത്ത് മുഹമ്മദ് ഷബീറിനെ(22) കുത്തികൊലപ്പെടുത്തിയ കേസില്‍ കരുളായി തേക്കുംകുന്ന് പണിക്കവീട്ടില്‍ മുനീര്‍(39), കരുളായി കുളവട്ടം താഴത്തേപീടിക അബ്ദുള്‍ റസാഖ്(40), ഇയാളുടെ സഹോദരന്റെ മകന്‍ കരുളായി അമ്പലപ്പടി ചക്കിട്ടാമല താഴത്തേപീടിക സവാദ് എന്ന മുത്തു(26), കരുളായി പിലാക്കോട്ടുപാടം കാലടി മുബഷിര്‍(25) എന്നിവരെയാണ് നിലമ്പൂര്‍ സി.ഐ ടി.സജീവന്‍ അറസ്റ്റു ചെയ്തത്. സവാദിനെ കരുളായിയിലെ വീട്ടില്‍ നിന്നും മറ്റുള്ളവരെ രക്ഷപ്പെടുന്നതിനിടെ മഞ്ചേരിയില്‍ വെച്ചുമാണ് അറസ്റ്റു ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത്: ജൂലൈ നാലിന് ഒന്നാം പ്രതി മുനീര്‍ കാറില്‍ കൊളവട്ടത്ത് റോഡിലൂടെ വരുമ്പോള്‍ കൊല്ലപ്പെട്ട ഷബീറിന്റെ കൂട്ടുകാര്‍ എതിര്‍ ഭാഗത്തുനിന്നും മറ്റൊരു കാറില്‍ വരികയായിരുന്നു. വീതി കുറഞ്ഞ റോഡില്‍ സൈഡ് നല്‍കാത്തതിനെത്തുടര്‍ന്ന് ഇരു സംഘവും വാക്കേറ്റമുണ്ടായി. ഇത് അടിപടിയില്‍ കലാശിച്ചു. കരുളായി വാരിക്കല്‍ സ്വദേശികള്‍ക്ക് അടിപിടിയില്‍ പരുക്കേറ്റു. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് മധ്യസ്ഥ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. പെരുന്നാള്‍ കഴിഞ്ഞ ശേഷം ചര്‍ച്ച ചെയ്യാം എന്നു തീരുമാനിച്ചു പിരിയുകയായിരുന്നു. അതിനു ശേഷം ഷബീറിന്റെ കൂട്ടുകാര്‍ മുനീറിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പറയുന്നു. അഞ്ചാം തിയ്യതി ഉച്ചക്ക് ഒന്നരയോടെ പിലാക്കോട്ടുംപാടം കരുളായി യതീംഖാനയുടെ മുന്നില്‍വെച്ച് ഷബീര്‍ ഉള്‍പ്പെട്ട സംഘവും, മുനീറിന്റെ സംഘവും ഏറ്റുമുട്ടി. ഇതിനിടയില്‍ മുനീര്‍ അരയില്‍ കരുതിയ കത്തി പുറത്തെടുത്ത് വീശി. ഷബീറിന് കഴുത്തിനു നിസാരമായി പരുക്കേറ്റു. ഇതു കണ്ട ഷബീറിന്റെ കൂടെയുള്ളവര്‍ ചിതറിയോടി. ഇതിനിടയില്‍ വീണ്ടും കത്തികൊണ്ട് ഷബീറിന്റെ നെഞ്ചിനു ഇടതുഭാഗത്ത് മുനീര്‍ കുത്തുകയായിരുന്നു. ആഴത്തില്‍ കുത്തേറ്റ ഷബീര്‍ തളര്‍ന്നു വീണു. തുടര്‍ന്ന് ഷബീറിനൊപ്പം വന്നവര്‍ ബൈക്കിലിരുത്തി ആശുപത്രിയിലേക്കു കൊണ്ടുപോയി. അല്‍പദൂരമെത്തിയപ്പോഴേക്കും വലമ്പുറത്ത് വെച്ച് രക്തം വാര്‍ന്ന് ഷബീര്‍ ബൈക്കില്‍ നിന്നും താഴെ വീണു. തുടര്‍ന്ന് സംഘാംഗങ്ങള്‍ കാറില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കൃത്യം നിര്‍വഹിച്ച ശേഷം ഒന്നാം പ്രതി മുനീര്‍ മൂന്നാം പ്രതി സവാദിന് കത്തി സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു. അമ്പലപ്പടി ചക്കിട്ടാമലയിലുള്ള സവാദിന്റെ വീട്ടുവളപ്പിലെ കമ്പോസ്റ്റ് പൈപ്പിനുള്ളിലാണ് കത്തി ഒളിപ്പിച്ചുവെച്ചിരുന്നത്. ഇത് പൊലിസ് കണ്ടെടുത്തു. സംഘര്‍ഷം തുടങ്ങുമ്പോള്‍ ഒന്നും രണ്ടും പ്രതികളായ മുനീറും റസാഖും മാത്രമാണുണ്ടായിരുന്നത്. അല്‍പസമയത്തിനു ശേഷമാണ് സവാദും മുബശ്ശിറും സംഭവസ്ഥലത്തെത്തി സംഘര്‍ഷത്തില്‍ പങ്കുചേരുന്നത്. കൃതൃം നിര്‍വഹിച്ച ശേഷം പ്രതികള്‍ രക്ഷപ്പെടുന്നതിനിടയില്‍ മഞ്ചേരിയില്‍വെച്ച് പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു തന്നെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചതിന് കൊലപാതകത്തിലെ ഒന്നാം പ്രതി മുനീറിന്റെ പരാതിയില്‍ കരുളായി വാരിക്കല്‍ സ്വദേശികളായ ഉഴുന്നന്‍ ബാസിത്(24), നൈതക്കോടന്‍ സാഹില്‍(21), പറമ്പന്‍ അല്‍ഫാസ്(21) എന്നിവരുള്‍പ്പെടെ കണ്ടലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ബൈക്കുകളും ആയുധങ്ങളും പൊലിസ് കണ്ടെടുത്തു. ബുധനാഴ്ച ഉച്ചയൊടെ പ്രതികളെ കൊലപാതകം നടന്ന സ്ഥലത്തും കത്തി ഒളിപ്പിച്ച സ്ഥലത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തി. അന്വേഷണത്തിന് സി.ഐക്കൊപ്പം എസ്.ഐ സി.പ്രദീപ്കുമാര്‍, സീനിയര്‍ സി.പി.ഒ വി.കെ പ്രദീപ്, സി.പി.ഒമാരായ മാത്യു വര്‍ഗീസ്, നിജേഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ നിലമ്പൂര്‍ കോടതി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."