ഗ്രാമസഭയില്‍ നാട്ടുകാരനായി മന്ത്രി ചന്ദ്രശേഖരന്‍
കാസര്‍കോട്: ഗ്രാമസഭയില്‍ നാട്ടുകാരനായി മന്ത്രി ഇ ചന്ദ്രശേഖരന്‍ പങ്കെടുത്തത് ഗ്രാമസഭയിലെത്തിയവരില്‍ കൗതുകമുയര്‍ത്തി. ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ് തലക്ലായിയിലെ ഗ്രാമസഭയിലാണ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പങ്കെടുത്തത്. തലക്ലായി പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ നടന്ന ഗ്രാമസഭയിലേക്ക് ഗ്രാമവാസികള്‍ എത്തുന്നതിനു മുമ്പു തന്നെ മന്ത്രി എത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന നൂതന പദ്ധതികള്‍ യഥാസമയം നടപ്പാക്കാനും അര്‍ഹരായവര്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യം ലഭ്യമാക്കാനും ഗ്രാമസഭയിലൂടെ കഴിയുമെന്ന് ഗ്രാമസഭ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
സര്‍ക്കാറിന്റെ പുതിയ പദ്ധതി പ്രകാരം ആരോഗ്യമേഖലയിലും വിദ്യാഭ്യാസമേഖലയിലും വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ പോകുകയാണ്. ജനപങ്കാളിത്തത്തോടെയാണ് ഇതു നടപ്പാക്കുന്നത്.എല്ലാവര്‍ക്കും വീട്, മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍, ഭക്ഷണം, തുടങ്ങിയവ സര്‍ക്കാര്‍ ഉറപ്പു വരുത്തുമെന്നും കാര്‍ഷിക മേഖലയിലും സര്‍ക്കാറിന്റെ പദ്ധതികള്‍ വരികയാണെന്നും അവരവര്‍ക്കുവേണ്ട ഭക്ഷ്യധാന്യം ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ സാഹചര്യം സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
13ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ഗ്രാമസഭയില്‍ മന്ത്രിമാരും എം.എല്‍.എമാരും അവരവരുടെ ഗ്രാമസഭകളില്‍ പങ്കെടുക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തെ തുടര്‍ന്നാണ് മന്ത്രി ഇ ചന്ദ്രശേഖരന്‍ തലക്ലായി വാര്‍ഡ് ഗ്രാമസഭയിലെത്തിയത്. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുള്‍ ഖാദര്‍ അധ്യക്ഷനായി.
വൈസ ്പ്രസിഡന്റ് ശകുന്തള കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ആയിഷ സഹദുല്ല, വാര്‍ഡ് അംഗം രേണുക ഭാസ്‌കരന്‍, സെക്രട്ടറി രവീന്ദ്ര, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് ചെയര്‍പേഴ്‌സണ്‍മാര്‍, അംഗങ്ങള്‍, വിവിധ നിര്‍വഹണ ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."