മംഗളൂരുവില്‍ ട്രാഫിക് നിയമം കര്‍ശനമാക്കി
മംഗളൂരു: മംഗളൂരു നഗരത്തില്‍ ട്രാഫിക് നിയമം കര്‍ശനമാക്കി പൊലിസ്. അനധികൃത പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ കര്‍ശന നടപടികളും കനത്ത പിഴയും ഈടാക്കാനാണ് സിറ്റി പൊലിസ് കമ്മിഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വലിയ വാഹനങ്ങള്‍ക്ക് 1,600 രൂപ, ഇടത്തരം വാഹനങ്ങള്‍ക്ക് 1,350 രൂപ, ചെറു വാഹനങ്ങള്‍ക്ക് 1,100 രൂപ, ഇരുചക്ര വാഹനങ്ങള്‍ക്ക് 750 രൂപ എന്നിങ്ങനെയാണ് ഇനി മുതല്‍ മംഗളൂരുവില്‍ പിഴ ഈടാക്കുക.
കഴിഞ്ഞ ആഴ്ച മംഗളൂരു സിറ്റി പൊലിസ് കമ്മിഷണറായി ചുമതലയേറ്റ സന്ദീപ് പാട്ടീലാണ് ട്രാഫിക് നിയമങ്ങള്‍ നഗരത്തില്‍ കര്‍ശനമാക്കാനും അനധികൃത പാര്‍ക്കിങ് വാഹനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കാനും നിര്‍ദേശം നല്‍കിയത്.
നഗരത്തിലെ പാര്‍ക്കിങ് നിരോധിത മേഖലകളിലും പാതയിലും നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് ട്രാഫിക് പൊലിസ് സ്റ്റേഷനില്‍ എത്തിക്കും. വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകാന്‍ പ്രത്യേക വാഹനവും തയാറാക്കിയിട്ടുണ്ട്. ഉടമ പൊലിസ് സ്റ്റേഷനിലെത്തി പിഴയടച്ചാലേ വാഹനങ്ങള്‍ തിരികെ നല്‍കുകയുള്ളൂ. ഇതിനു പുറമെ നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനങ്ങള്‍, എയര്‍ ഹോണുകള്‍ ഉപയോഗിക്കല്‍, ചില്ലുകളില്‍ കൂളിങ് സ്റ്റിക്കര്‍ ഒട്ടിക്കല്‍, ബ്രേക്ക് ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍ എന്നിവ പ്രവര്‍ത്തിക്കാതിരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കും നടപടിയെടുക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും കമ്മിഷണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."