ലഹരിവിരുദ്ധ ഹ്രസ്വ ചിത്രം യുട്യൂബില്‍ വൈറലാകുന്നു
കോഴിക്കോട്: ലഹരിവിരുദ്ധ ഹ്രസ്വ ചിത്രം 'മയങ്ങുമ്പോള്‍' യുട്യൂബില്‍ വൈറലാകുന്നു. പബ്ലിഷ് ചെയ്ത് ആദ്യ ആഴ്ചയില്‍ അരലക്ഷത്തോളം ആളുകളാണ് 'മയങ്ങുമ്പോള്‍' കണ്ടത്. മയക്കങ്ങളുടെ കഥപറയുന്ന ഈ ഹ്രസ്വചിത്രം കൗമാരക്കാര്‍ എങ്ങനെ മയക്കുമരുന്നിന്റെ ലോകത്ത് എത്തിപ്പെടുന്നു എന്ന് കാണിച്ചു തരുന്നു.
സ്വന്തം മക്കളുടെ ചെയ്തികളെ വകതിരിവോടെ വിലയിരുത്താതെ രക്ഷിതാക്കള്‍ ന്യായീകരണതൊഴിലാളികളാകുന്നതിലെ വ്യര്‍ത്ഥത 'മയങ്ങുമ്പോള്‍' വിവരിക്കുന്നു. ആഢംബരത്തിന്റെ സുഖലോലുപതയല്ല മറിച്ച് സ്‌നേഹത്തിന്റെ സംരക്ഷണ വലയമാണ് നമ്മള്‍ മക്കള്‍ക്കുവേണ്ടി ഒരുക്കേണ്ടതെന്ന തിരിച്ചറിവിലേക്ക് അത് വിരല്‍ചൂണ്ടുന്നു.
മയക്കങ്ങളെകുറിച്ചുള്ള ഈ സിനിമ നിര്‍മിച്ചത് സമൂഹത്തിലെ നാനാതുറകളില്‍ പെട്ട നൂറുപേരുടെ കൂട്ടായ്മയായ ഡ്രോപ്‌സ് ഓഫ് ഫ്രണ്ട്ഷിപ്പാണ്. മയക്കുമരുന്ന് ലോകത്തെ ഭീകരതകളെ നേരില്‍ക്കണ്ടറിഞ്ഞ മാറാട് പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസറായ എ. പ്രശാന്ത് കുമാര്‍ തിരക്കഥാരചന നിര്‍വഹിച്ച സിനിമ സംവിധാനം ചെയ്തത് ജഗന്‍ വി. റാം ആണ്.
വിജേഷ് വള്ളികുന്ന് ഛായാഗ്രഹണം, സഫ്ദര്‍ മെര്‍വ്വ , ഹരി ജി.നായര്‍ എഡിറ്റിങ്, റഷീദ് അഹമ്മദ് മേക്കപ്പ്, ടിന്റുഷാജ് സ്റ്റില്‍സ്, ഉമേഷ് വള്ളിക്കുന്ന് ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍, കബനി, പ്രിയങ്ക, രേഷ്മ, ഹാഷിം ഡബ്ബിങ്, സജ്‌ന ഗോപിദാസ് സബ് ടൈറ്റില്‍സ്, ജീത്തുരാജ്, എം.വി സുരേഷ് ബാബു, സജിത്ത് കുരിക്കത്തൂര്‍, രാഗേഷ്. ജി. നാഥ്, മുരളി അമ്പാരത്ത്, വാസന്തി, ഉഷാരാജന്‍, തുടങ്ങിയവര്‍ വേഷമിട്ടു. ജനമൈത്രി പൊലിസിന്റെ ലഹരിവിരുദ്ധ കാംപയിനിനിന്റെ ഭാഗമായി വിവിധ സ്‌കൂളുകളില്‍ 'മയങ്ങുമ്പോള്‍' പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."