വീടകങ്ങള്‍ ഖുര്‍ആന്‍ സുഗന്ധത്താല്‍ നിറയട്ടെ
ഖലീഫ അബൂ ജഅ്ഫറുല്‍ മന്‍സൂറിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്കിടയിലേക്ക് അക്കാലത്തെ ഏററവും വലിയ വാഗ്മിയായിരുന്ന മുഖാതില്‍ ബിന്‍ സുലൈമാന്‍ കടന്നുവന്നു. മുഖാതിലിന്റെ ഒരു ഉറുദി കേള്‍ക്കുവാന്‍ ഖലീഫയും സദസും തയാറായി. ഉറുദിയുടെ വിഷയം താന്‍ കണ്ടതാണോ കേട്ടതാണോ ആയിരിക്കേണ്ടത് എന്ന് മുഖാതില്‍ ഖലീഫയോടു തിരക്കി. കണ്ടതു തന്നെയാവട്ടെ എന്നു ഖലീഫ പറഞ്ഞു. അദ്ദേഹം പറഞ്ഞത് താന്‍ നേരിട്ടു കണ്ടതും അനുഭവിച്ചതുമായ രണ്ട് അനുഭവങ്ങളായിരുന്നു. ഒന്ന്, അമവികളിലെ എട്ടാം ഖലീഫയായിരുന്ന ഖലീഫാ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെയും രണ്ടാമത്തേത് പത്താം ഖലീഫയായിരുന്ന ഹിശാം ബിന്‍ അബ്ദില്‍ മലികിന്റെയും.
അദ്ദേഹം പറഞ്ഞു: 'ഖലീഫാ, ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് മരണപ്പെടുമ്പോള്‍ ആകെയുണ്ടായിരുന്ന സ്വത്ത് 18 ദീനാറായിരുന്നു. അതിനു ഭാര്യമാരുടെ പുറമെ പതിനൊന്ന് മക്കള്‍ അവകാശികളായി ഉണ്ടായിരുന്നു താനും. അതില്‍ അഞ്ചു ദീനാര്‍ കഫന്‍പുടവയ്ക്കു വേണ്ടി വന്നു. നാലു ദീനാര്‍ ഖബറിനും. ബാക്കിയുള്ളതിന്റെ പങ്കാണ് അദ്ദേഹത്തിന്റെ ഭാര്യമാര്‍ക്കും മക്കള്‍ക്കും കിട്ടിയത്. രണ്ടാമത്തെയാള്‍ ഹിശാം ബിന്‍ അബ്ദുല്‍ മലിക് മരണപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ സ്വത്ത്, പതിനൊന്നു മക്കളില്‍ ഒരാള്‍ക്ക് പത്തു ലക്ഷം ദീനാര്‍ ലഭിക്കുന്ന അത്രയ്ക്കുമുണ്ടായിരുന്നു. ഇതിനു ശേഷം ഈ രണ്ടു ഖലീഫമാരുടെയും മക്കളെ ഞാന്‍ കാണുകയുണ്ടായി. വെറും ഒന്‍പതു ദീനാറിന്റെ പങ്കു കിട്ടിയ ഉമറു ബിന്‍ അബ്ദില്‍ അസീസിന്റെ ഒരു മകന്‍ നൂറ് ഒട്ടകങ്ങളെ ഫീ സബീലില്‍ നല്‍കിയത് ഞാന്‍ കണ്ടു. അതേ സമയം ഒരു മില്യണ്‍ ദീനാര്‍ അനന്തരം കിട്ടിയ ഹിശാമിന്റെ മകന്‍ ശാമിന്റെ തെരുവിലിരുന്നു ഭിക്ഷാടനം നടത്തുന്നതും...'
ബറകത്ത് എന്ന ഏെശ്വര്യം സര്‍വവ്യാപിയായ ഒരു പ്രതിഭാസമാണെന്നും അതു ലഭിച്ചവര്‍ക്കു മാത്രമേ വളര്‍ച്ചയും വികാസവും ഉണ്ടാകുകയുള്ളൂ എന്നും അതില്ലാതെ വന്നാല്‍ വൃദ്ധിക്ഷയമായിരിക്കും സംഭവിക്കുക എന്നും സൂചിപ്പിക്കുകയായിരുന്നു മുഖാതില്‍ ബിന്‍ സുലൈമാന്‍.
ബറകത്ത് എന്ന ഐശ്വര്യത്തെ കുറിച്ച് വളരെ ബുദ്ധിപരമായ ഒരു നിരീക്ഷണമുണ്ട്. അത് ഇതാണ്. ഈ പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുവും വസ്തുതയും കാര്യങ്ങളുമെല്ലാം അല്ലാഹു മനുഷ്യനുവേണ്ടി പടക്കുന്നതാണ്. മനുഷ്യനു മുന്‍പിലാകട്ടെ നന്മയുടെയും തിന്മയുടെയും രണ്ടു വഴികള്‍ ഉണ്ട് താനും. ഓരോന്നും ഉപയോഗപ്പെടുത്തി നന്‍മയിലേക്കും തിന്മയിലേക്കും പോകാനുള്ള സാധ്യതയുണ്ട് മനുഷ്യന് എന്നര്‍ഥം. ആ സാധ്യത കവരുവാന്‍ വേണ്ടി ഓരോന്നിലും ഒരു മലക്കും ഒരു പിശാചും കൈവയ്ക്കുന്നു. ഇതു മനസ്സിലാക്കി പിശാചിനെ പുറംതള്ളി മലക്ക് അതു നേടുമ്പോള്‍ അത് ബറക്കത്തായി ഏെശ്വര്യമായിത്തീരും. മലക്കിനെ അകറ്റി പിശാചാണ് നേടുന്നത് എങ്കില്‍ അത് ബറകത്തില്ലാത്തതുമായിത്തീരും.
ഈ ചിന്തക്ക് ഉദാഹരിച്ചത് കൈയിലുള്ള ഒരു ഗ്ലാസ് വെള്ളം കുടിക്കുമ്പോള്‍ ബിസ്മി ചെല്ലുന്നതും ചൊല്ലാതിരിക്കുന്നതും ഉയര്‍ത്തിക്കാട്ടിയാണ്. ബിസ്മി ചൊല്ലുന്നതോടെ പിശാച് അകലുകയും മലക്ക് അടുക്കുകയും ചെയ്യുന്നു. ചൊല്ലിയില്ലെങ്കില്‍ മറിച്ചും. അത് അങ്ങനെ ആ പാനീയത്തിന്റെ വിധി നിശ്ചയിക്കുന്നു. വീട്ടിലേക്ക് കടക്കുമ്പോള്‍ ബിസ്മി ചൊല്ലുന്നത് മറെറാന്നാണ്. അതു കേട്ടാല്‍ പിശാച് ഓടിയൊളിക്കും. ഇങ്ങനെ ധാരാളമുണ്ട് ഉദാഹരണങ്ങള്‍. ബറകത്ത് ഉണ്ടാകുവാന്‍ പിശാചിനെ തുരത്തണം എന്നു ചുരുക്കം. അപ്പോള്‍ മലക്കിന്റെ വിശുദ്ധസ്പര്‍ശം വരും.
ബറകത്ത് ഏറെ വേണ്ടത് വീടകങ്ങളിലാണ്. കാരണം അവിടെയാണ് എല്ലാവരും സന്ധിക്കുന്നത്. എല്ലാ കാര്യങ്ങളും അവിടെ നിന്നാണ് തുടങ്ങുന്നത്. എല്ലാ കാര്യങ്ങളും അവിടേക്ക് പിടിച്ചു കെട്ടപ്പെട്ടിരിക്കുന്നു. അതിനാല്‍ വീടകത്ത് നിന്ന് പിശാചിനെ ആട്ടിപ്പായിക്കുകയും അല്ലാഹുവിന്റെ കടാക്ഷത്തെ കുടിയിരുത്തുകയും വേണം. അതിന് ഏററവും അനുയോജ്യമായ ഒരു അവസരവും മാര്‍ഗവുമാണ് വിശുദ്ധ റമദാനും ഖുര്‍ആന്‍ പാരായണവും.
റമദാനില്‍ വിശ്വാസി പുലര്‍ത്തുന്ന അപാരമായ ത്യാഗത്തിനും വിധേയത്വത്തിനും മുന്‍പില്‍ പിശാച് അടി പതറുക തന്നെചെയ്യും. കാരണം അത്രയും രഹസ്യവും നിഷ്‌കളങ്കവുമാണ് നോമ്പ്. അതോടൊപ്പം ഖുര്‍ആന്‍ പാരായണം കൂടി ചേര്‍ന്നാല്‍ പിശാച് ആ വഴിക്കു വരില്ല. അബൂ ഹുറൈറയില്‍ നിന്നും ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസില്‍ നബി(സ) പറയുന്നു: 'നിങ്ങള്‍ നിങ്ങളുടെ വീടുകള്‍ ഖബറുകള്‍ പോലെ (നിശ്ചല)മാക്കരുത്. നിശ്ചയം അല്‍ ബഖറ സൂറത്ത് ഓതുന്ന വീട്ടില്‍ നിന്നും പിശാച് വെകിളി പിടിച്ചോടിപ്പോകും'. ശരീഅത്തു നിയമങ്ങള്‍, ചരിത്ര സത്യങ്ങള്‍, ഉപമകള്‍, സമൂഹങ്ങളുടെ നിംനോന്നതികള്‍ തുടങ്ങിയവ കൊണ്ട് സമ്പന്നമാണല്ലോ അല്‍ ബഖറ. അതൊക്കെ പിശാചിന്റെ സമനിലയിളക്കുന്ന കാര്യങ്ങളാണല്ലോ.
ഇമാം ദാരിമി ഉദ്ധരിക്കുന്ന മറെറാരു ഹദീസില്‍ ഈ വസ്തുത കുറച്ചു കൂടി വ്യക്തമായി പറയുന്നുണ്ട്. നബി(സ) പറഞ്ഞു: 'നിശ്ചയം ഒരു വീട്ടില്‍ ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുന്നുവെങ്കില്‍ ആ വീട് അതിലെ അന്തേവാസികള്‍ക്കെല്ലാം വിശാലമാകുകയും അവിടെ മലക്കുകളുടെ സാന്നിധ്യം ഉണ്ടാവുകയും പിശാചുകള്‍ അവിടെ നിന്നും ഓടിപ്പോവുകയും അവിടത്തെ നന്‍മ അധികരിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഖുര്‍ആന്‍ വീട്ടില്‍ പാരായണം ചെയ്യപ്പെടുന്നില്ലെങ്കില്‍ അതിലെ അന്തേവാസികള്‍ക്കുമേല്‍ ഇടുങ്ങുകയും അവിടെ നിന്നും മലക്കുകള്‍ ഓടിപ്പോവുകയും പിശാചുകള്‍ അവിടെ കൂടുകെട്ടുകയും നന്മ കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും'(സുനനു ദ്ദാരിമി).
വീടകങ്ങളില്‍ കഴിവും കരുത്തും കാവലും കാംക്ഷിക്കുന്നവര്‍ ഈ മാസത്തില്‍ തങ്ങളുടെ വീടകങ്ങള്‍ അല്ലാഹുവിന്റെ കലാമിനാല്‍ മുഖരിതമായിരിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്. അതിന്റെയൊക്കെ അഭാവമാണ് ഒന്നിലും ഒരു ബറകത്തില്ല എന്ന പൊതു പരിഭവത്തിന്റെ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."