ചെലവു ചുരുക്കലിനൊപ്പം ധൂര്‍ത്ത് ഒഴിവാക്കുകയും വേണം
സര്‍ക്കാര്‍ വകുപ്പുകളുടെയും കോര്‍പറേഷനുകളുടെയും ബോര്‍ഡുകളുടെയും ചെലവു ചുരുക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുകയാണ്. 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കഴിഞ്ഞ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുകയും അതില്‍ ആറു ലക്ഷം കോടിയുടെ പദ്ധതികള്‍ കഴിഞ്ഞ ബുധനാഴ്ച കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ വിശദീകരിക്കുകയും ചെയ്തതില്‍ സംസ്ഥാന സര്‍ക്കാരിനു വിഹിതമൊന്നുമില്ല. ഇനിയുള്ള ദിവസങ്ങളിലും അവര്‍ പദ്ധതി വിശദീകരണങ്ങളുമായി മാധ്യമങ്ങളെ കാണുന്നുണ്ട്. ഇന്നലെയും അവര്‍ മാധ്യമങ്ങളെ കാണുകയുണ്ടായി. സാമ്പത്തിക പാക്കേജിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കാര്യമായൊന്നും പ്രതീക്ഷിക്കുന്നില്ലെന്നു വേണം കരുതാന്‍.
കേന്ദ്ര സര്‍ക്കാര്‍ നേരിട്ടു ധനസഹായം നല്‍കാതെ ബാങ്കുകള്‍ വഴിയാണ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് സഹായം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനെതിരേ സംസ്ഥാന ധനമന്ത്രി ടി.എം തോമസ് ഐസക് വിമര്‍ശനവുമായി രംഗത്തുവരികയുണ്ടായി. ഈയൊരു പശ്ചാത്തലത്തിലും ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്തു കൊവിഡ് വീണ്ടും പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലും ചെലവു കുറയ്ക്കാനായി സര്‍ക്കാര്‍ സമിതിക്കു രൂപം കൊടുത്തത് ആശാവഹം തന്നെ. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ അവസരത്തില്‍ ഇത്തരമൊരു തീരുമാനം അനിവാര്യവുമാണ്.
ജനങ്ങളോട് മുണ്ടു മുറുക്കിയുടുക്കാന്‍ പറയുന്ന സര്‍ക്കാര്‍ അനാവശ്യ ചെലവുകള്‍ നടത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചുകൊണ്ടിരിക്കുമ്പോള്‍ ചെലവു ചുരുക്കുന്നതോടൊപ്പം തന്നെ ധൂര്‍ത്തെന്ന് ആരോപിക്കപ്പെടാവുന്ന കാര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമവും സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടാകണം. കൊവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടേയും മാസ ശമ്പളത്തില്‍ നിന്ന് ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം പിടിക്കുന്ന തീരുമാനം ഉത്തരവായി പുറത്തുവന്നതിനു പിന്നാലെയാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന ധൂര്‍ത്ത് ചര്‍ച്ചാവിഷയമായത്.
മുഖ്യമന്ത്രിയുടെ ഉപദേശകപ്പടയെ തീറ്റിപ്പോറ്റുന്നതും മുന്നാക്ക ക്ഷേമ കോര്‍പറേഷനില്‍ ആര്‍. ബാലകൃഷണപിള്ളയെ വച്ചുകൊണ്ടിരിക്കുന്നതും യാതൊരു ഉപകാരവുമില്ലാത്ത ഭരണപരിഷ്‌കാര കമ്മിഷന്‍ നിലനിര്‍ത്തുന്നതും കോടികള്‍ മുടക്കി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തതും ആറ്റിങ്ങലിലെ മുന്‍ എം.പി സമ്പത്തിന് കാബിനറ്റ് റാങ്കില്‍ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമനം നല്‍കിയതും കോടികള്‍ ചെലവിട്ട് ലോക കേരളസഭ എന്ന പേരില്‍ വരേണ്യ പ്രവാസി സമ്മേളനം നടത്തിയതുമൊക്കെ സര്‍ക്കാരിനെതിരേ ആരോപണങ്ങളുയരാന്‍ ഇടയാക്കിയിരുന്നു.
പ്രളയകാലത്ത് സര്‍ക്കാര്‍ ജീവനക്കാരും സാധാരണക്കാരും ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈയയച്ച് സംഭാവന നല്‍കിയിരുന്നു. എന്നാല്‍ ആ പണം ദുരുപയോഗം ചെയ്യപ്പെട്ടെന്ന ആരോപണം സര്‍ക്കാരിനെതിരേ ഉയര്‍ന്നുവന്നു. സഹായം ലഭിക്കാത്ത ദുരിതബാധിതര്‍ അവശേഷിക്കുമ്പോള്‍ തന്നെയാണ് സി.പി.എം പ്രാദേശിക നേതാക്കള്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിയെടുത്ത വാര്‍ത്ത പുറത്തുവന്നത്.
ആരോപണങ്ങള്‍ക്കെല്ലാം ഇടതുമുന്നണി സര്‍ക്കാരിന്റെ പക്കല്‍ മറുപടിയുണ്ടെങ്കിലും സാധാരണക്കാരുടെ നികുതിപ്പണവും അവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കുന്ന ചില്ലിക്കാശും ദുര്‍വ്യയം ചെയ്യപ്പെടുമ്പോഴും വകമാറ്റി ചെലവഴിക്കുമ്പോഴും അതിനെതിരേ പൊതുസമൂഹത്തില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയരുക സ്വാഭാവികം. അത്തരം സന്ദര്‍ഭങ്ങളില്‍ യു.ഡി.എഫ് ഭരിച്ചപ്പോഴും ഇത്തരം അനാവശ്യ ചെലവുകള്‍ ഉണ്ടായിരുന്നെന്നു പറഞ്ഞ് തങ്ങളുടെ തെറ്റിനെ ന്യായീകരിക്കുകയല്ല വേണ്ടത്. യു.ഡി.എഫിന്റെ തെറ്റു തിരുത്താനായിരുന്നല്ലോ നാലു വര്‍ഷം മുമ്പ് ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അതിനു വേണ്ടിയായിരുന്നില്ലേ എല്‍.ഡി.എഫ് വരും, എല്ലാം ശരിയാകുമെന്ന തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ സംസ്ഥാനത്തൊട്ടാകെ പ്രദര്‍ശിപ്പിച്ചിരുന്നത്. യു .ഡി.എഫ് ചെയ്തതെല്ലാം എല്‍.ഡി എഫിനുമാവാമെന്ന വാദം ബാലിശമാണ്.
ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ മിതത്വത്തെക്കുറിച്ചാണ് സര്‍ക്കാരുകള്‍ ചിന്തിക്കേണ്ടത്. അത് എല്‍.ഡി.എഫ് സര്‍ക്കാരായാലും യു.ഡി.എഫ് സര്‍ക്കാരായാലും ധൂര്‍ത്തുകള്‍ ഒരളവോളം സാമ്പത്തിക പ്രതിസന്ധിക്കു കാരണമാകുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ പ്രതിസന്ധികളില്‍ ജനം പഴയതുപോലെ കൈയയച്ച് സഹായിച്ചുകൊള്ളണമെന്നില്ല. ഇന്നത്തെ അസാധാരണ സാഹചര്യത്തില്‍ ദുര്‍വ്യയം ഒഴിവാക്കുന്നതോടൊപ്പം തന്നെ പദ്ധതി ഇതര ചെലവുകള്‍ വേണ്ടെന്നുവയ്ക്കുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്. ബജറ്റില്‍ ഉള്‍ക്കൊള്ളിച്ച പല പദ്ധതികളും അനിവാര്യമല്ലെങ്കില്‍ കൊവിഡ് പ്രതിരോധത്തിനായി അവ ചെലവാക്കണം. സി.ഡി.എസ് ചെയര്‍മാന്‍ പ്രൊഫ. സുനില്‍ മാണി അധ്യക്ഷനായ വിദഗ്ദ്ധസമിതി കോര്‍പറേഷനുകളുടെയുംബോര്‍ഡുകളുടെയും ചെലവു ചുരുക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ ഇത്തരം വിഷയങ്ങളിലും വിദഗ്‌ദ്ധോപദേശങ്ങള്‍ സമര്‍പ്പിക്കുന്നത് ഉചിതമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."