കാളികാവ് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ ഹാഡ പദ്ധതികളില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു
കാളികാവ്: ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ ഹാഡാ പദ്ധതികളില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. പദ്ധതികളിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ച് സ്വകാര്യ വ്യക്തി നല്കിയ പരാതിയിലാണ് നടപടി തുടങ്ങിയത്. മുന്‍ ഭരണ സമിതിയുടെ കാലയളവില്‍ ബ്ലോക്കിന് കീഴില്‍ നടപ്പാക്കിയ 66 പദ്ധതികളാണ് അന്വേഷണ പരിധിയില്‍ വരുന്നത്. കുടിവെള്ള പദ്ധതികളും, തടയണകളും, കുളങ്ങളും, റോഡുകളുമാണ് പ്രധാനമായും ഹാഡ പദ്ധതിയില്‍ നിര്‍മിച്ചിട്ടുള്ളത്. പദ്ധതികള്‍ക്കായി 15 കോടിയിലേറെ രൂപയാണ് ചെലവഴിച്ചിട്ടുള്ളത്.
പൂര്‍ത്തിയാക്കാത്ത പദ്ധതികള്‍ ഉള്‍പ്പെടെയുള്ളവയുടെ തുക കരാറുകാര്‍ കൈപ്പറ്റിയിട്ടുണ്ട്. മിക്ക പദ്ധതികളിലും കണ്‍വീനര്‍മാര്‍ അറിയാതെയാണ് ഫണ്ട് കൈപ്പറ്റിയിരിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിച്ച തടയണകള്‍ പ്രവൃത്തി തീരും മുന്‍പേ തകരുകയും ചെയ്തിട്ടുണ്ട്. കുടിവെള്ള പദ്ധതികള്‍ ഭൂരിഭാഗവും ലക്ഷ്യം കാണാതെ പോവുകയും ചെയ്തു. ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയിട്ടുള്ളത്. സ്വകാര്യ വ്യക്തികളുടെ റബര്‍ തോട്ടത്തില്‍ ഹാഡാ പദ്ധതി ചെലവഴിച്ച് റോഡ് നിര്‍മാണം നടത്തുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റുമാര്‍ പദ്ധതി ശുപാര്‍ശ ചെയ്ത് സാക്ഷി പത്രം നല്‍കുകയും ചെയ്തിട്ടുണ്ട്.
ഹില്‍ ഏരിയ ഡെവലപ്മെന്റ് ഏജന്‍സി(ഹാഡ)യാണ് പദ്ധതികള്‍ അനുവദിക്കുന്നത്. പ്രാദേശിക ഭരണകൂടങ്ങളുടെ ഒത്താശയോടെ കരാറുകാര്‍ തന്നെയാണ് പദ്ധതിക്കാവശ്യമായ രൂപരേഖകള്‍ തയാറാക്കി എടുക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകള്‍ക്കാണ് പദ്ധതികളുടെ നിമാണ ചുമതല. കാളികാവ്, ചോക്കാട്, അമരമ്പലം, കരുളായി, കരുവാരക്കുണ്ട്, തുവ്വൂര്‍, എടപ്പറ്റ പഞ്ചായത്തുകളിലെ പദ്ധതികളാണ് വിവാദത്തിലായിട്ടുള്ളത്. സ്വകാര്യ വ്യക്തിയുടെ പരാതിയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കാളികാവ് പഞ്ചായത്തിലെ മൂന്ന് പദ്ധതികളും ചോക്കാടിലെ രണ്ട് പദ്ധതി പ്രദേശങ്ങളും ഇന്നലെ പരിശോധിച്ചു. തുടര്‍ നടപടിക്കായി വിജിലന്‍സ് വകുപ്പിന് കൈമാറുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരാതിക്കാരന്റെ സാന്നിധ്യത്തിലാണ് പ്രാഥമിക അന്വേഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."