'തീ കൊണ്ടു കളിക്കരുത് '
#എന്‍. അബു
പൊന്നാനിക്കാരനായ പരുത്തുള്ളി ചിലപ്പുറത്ത് കുട്ടികൃഷ്ണമേനോനെ മലയാളികള്‍ക്ക് അത്ര പരിചയമുണ്ടാകില്ല. എന്നാല്‍, പി.സി കുട്ടികൃഷ്ണനെന്ന ഉറൂബിനെ (1915-1979) അറിയാത്തവര്‍ കേരളത്തിലാരുമുണ്ടാവില്ല. 'ഉമ്മാച്ചു'വെന്ന നോവലിലൂടെ മലയാളത്തിന്റെ കരള്‍ കവര്‍ന്ന, 'നീലക്കുയില്‍' എന്ന ചലച്ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് കേരളത്തിന്റേതാക്കിയ എഴുത്തുകാരന്‍.
അദ്ദേഹം രചിച്ച ഒരു നാടകം അറുപതുകളില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ആസ്വാദകരുടെ ഹരമായിരുന്നു. അദ്ദേഹം ദിവംഗതനായി നാല്‍പതു വര്‍ഷത്തിനു ശേഷവും അദ്ദേഹത്തെ ഓര്‍ക്കാനൊരു കാരണമുണ്ട്, 'തീ കൊണ്ടു കളിക്കരുത് ' എന്ന പേരില്‍ അദ്ദേഹം രചിച്ച ആ സാഹിത്യകൃതിയാണ് ആ കാരണം.
എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു നാട്ടിലും കാട്ടിലും അഗ്നിതാണ്ഡവ വാര്‍ത്തകള്‍ എന്നും വന്നുകൊണ്ടിരിക്കുമ്പോള്‍, തീ കൊണ്ടു നാം ഏറെ കളിക്കുകയല്ലേ എന്നു തോന്നിപ്പോകുന്നു. എത്ര അലക്ഷ്യമായാണു നാം തീയെ കാണുന്നത്. എല്ലാ ഡിഗ്രികളും കടന്ന് ഉഷ്ണം സര്‍വമാപിനികളെയും കീഴടക്കുമ്പോള്‍, പുരയിടങ്ങളും ഫ്‌ളാറ്റുകളും വിപണികളും കാടുകളുമെല്ലാം അഗ്നിബാധയില്‍ കത്തിച്ചാമ്പലാവുന്നതിന്റെ പ്രധാന കാരണം നമ്മുടെ ഈ അലക്ഷ്യബോധമല്ലേ.
കര്‍ണാടകയിലെ ബന്ദിപ്പൂരില്‍ ആയിരക്കണക്കിന് ഏക്കര്‍ വനം അഗ്നിക്കിരയായതു നാം കഴിഞ്ഞയാഴ്ച പത്രത്തില്‍ വായിച്ചു. വനത്തിനുള്ളില്‍ നിയമം ലംഘിച്ചു കാലികളെ മേയ്ക്കാന്‍ ഇറങ്ങിയവര്‍ കടുവകളെ ഓടിക്കാനായി തീയിട്ടതാണത്രേ ഈ വന്‍ അഗ്നിബാധയ്ക്കു കാരണമായത്.
അലക്ഷ്യമായി എറിഞ്ഞ സിഗരറ്റ് കുറ്റിയാണത്രേ കലിക്കറ്റ് സര്‍വകലാശാല കാംപസില്‍ ഒരേക്കറോളം പ്രദേശം കത്തിനശിക്കാന്‍ ഇടയായത്. അഗ്നിശമനസേനക്കാര്‍ എത്തുന്നതിനു മുമ്പു തന്നെ സര്‍വകലാശാലാ പാര്‍ക്കില്‍ നിന്നു വെള്ളം പമ്പ് ചെയ്തു വിദ്യാര്‍ഥികള്‍ തീ നിയന്ത്രിച്ചെങ്കിലും കിളിക്കുഞ്ഞുങ്ങള്‍ മുതല്‍ പെരുമ്പാമ്പു വരെ വെന്തു ചത്തു.
കോഴിക്കോട് ജില്ലയിലെ വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് മലയങ്ങാട് മലയില്‍ പത്തേക്കര്‍ സ്ഥലത്ത് ഈ മാസം ആദ്യമുണ്ടായ തീപിടിത്തത്തില്‍ തേക്ക്, തെങ്ങ്, കമുക്, കശുമാവ് എിവയുടെ തൈകള്‍ കത്തിനശിച്ചു നാലരലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണുണ്ടായത്. കോഴിക്കോട് കാരശേരിയില്‍ 30 ഏക്കര്‍ ഭൂമിയിലാണു കഴിഞ്ഞയാഴ്ച റബര്‍ മരങ്ങള്‍ ചാമ്പലായത്. അടിവാരത്ത് പൊലിസ് ഔട്ട് പോസ്റ്റിലുണ്ടായ അഗ്നിബാധയില്‍ 15 വാഹനങ്ങള്‍ കത്തിനശിച്ചു.
ഒന്നിനു പിറകെ മറ്റൊന്നായി കഴിഞ്ഞവര്‍ഷങ്ങളില്‍ കോഴിക്കോട്ടെ തിരക്കുപിടിച്ച മിഠായിത്തെരുവിലുണ്ടായ തീപിടിത്തം അക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ നമുക്കു അവസരം നല്‍കി എന്നതു നേര്. എന്നാല്‍, ഇപ്പോഴിതാ നമ്മുടെ രാജ്യതലസ്ഥാനത്തു തന്നെ തിരക്കുപിടിച്ച ഒരു കേന്ദ്രത്തിലുണ്ടായ അഗ്നിബാധ അനേകലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കി. ഒരു രക്ഷാപ്രവര്‍ത്തകന്റെ ജീവനും ഈ തീപിടിത്തം അപഹരിച്ചു.
അഞ്ചുവര്‍ഷത്തെ കണക്കെടുത്തപ്പോള്‍, കഴിഞ്ഞകൊല്ലം കേരളത്തിലെ കാടുകളില്‍ 1,556 സ്ഥലങ്ങളില്‍ തീപിടിത്തമുണ്ടായി. ഇതില്‍ വയനാട്ടിലെ ബത്തേരിയില്‍ 172, മാനന്തവാടിയില്‍ 118 എന്നിങ്ങനെയായിരുന്നു കണക്കുകള്‍. മൂന്നാറിലാകട്ടെ 280 ഉം. കേരളത്തില്‍ 2013 ല്‍ 412 പ്രദേശങ്ങളില്‍ മാത്രമായിരുന്നു കാട്ടുതീയെങ്കില്‍, 2017ല്‍ അത് 718 ആയി. ഇതില്‍ 370 എണ്ണവും വന്‍ തീപിടിത്തമായിരുന്നു.
നാലുകൊല്ലംകൊണ്ടു കത്തിയമര്‍ന്ന ഭൂമിയും കാടും 1,740 ഹെക്ടറില്‍നിന്ന് 2,940 ഹെക്ടറായും ഉയര്‍ന്നു. അധികൃതര്‍ കണക്കെടുക്കുമ്പോള്‍ മനുഷ്യജീവന്റെ നഷ്ടം ശ്രദ്ധിക്കാറുണ്ടെങ്കിലും മൃഗങ്ങളോ പക്ഷികളോ വെന്തു ചാവുന്നത് എണ്ണിനോക്കാറില്ല. വന്‍മരങ്ങള്‍ കത്തിച്ചാമ്പലാവുന്നത് എണ്ണാറുണ്ട്. എന്നാല്‍, അപൂര്‍വസസ്യലതാദികളുടെ നഷ്ടവും വിലപ്പെട്ട രേഖകളുടെ നഷ്ടവും പരിഗണനയില്‍ വരാറില്ല.
കാലാവസ്ഥാ വ്യതിയാനമെന്നും ആഗോളതാപനമെന്നുമൊക്കെ പറഞ്ഞ് അഗ്നിബാധയെ ചെറുതായിക്കാണേണ്ട കാലം എന്നോ അവസാനിക്കേണ്ടതായിരുന്നു. കടുത്ത പാരിസ്ഥിതിക ദുരന്തത്തിലേയ്ക്കു ജനതയെ നയിക്കുന്നതാണ് ഈ പ്രതിഭാസം. ലോകത്ത് ഏറ്റവുമധികം അന്തരീക്ഷ മലിനീകരണം നടക്കുന്ന 20 നഗരങ്ങളില്‍ പതിനഞ്ചും ഇന്ത്യയിലാണെന്നറിയുക. അപ്പോള്‍ അഗ്നിബാധയുടെ ബാക്കിപത്രത്തെക്കുറിച്ചു കുറച്ചുകൂടി നാം ബോധവാന്മാരാകേണ്ടതല്ലേ.ഹരിയാനയിലെ ഗുരുഗ്രാമാണ് ഇക്കാര്യത്തില്‍ ഏറ്റവും വലിയ വില്ലന്‍. മറ്റു പതിനാലു നഗരങ്ങളില്‍ ഡല്‍ഹി, ആഗ്ര, പറ്റ്‌ന, ലഖ്‌നൗ, വാരാണസി തുടങ്ങിയവയും ഉള്‍പ്പെടുന്നു. മണ്ണില്‍ നാശം വിതറുകയും വിണ്ണിനെ മലിനീകരിക്കുകയും ചെയ്യുന്ന തീപിടിത്തങ്ങള്‍ ആള്‍പ്പാര്‍പ്പ് അധികമില്ലാത്ത വനമേഖലകളിലാണു കൂടുതല്‍. അതിന്റെ കാരണം നാം തിരക്കാറില്ല,
എന്നാല്‍, വീടുകളിലും മറ്റു കെട്ടിടങ്ങളിലും തീപിടിത്തമുണ്ടാകുമ്പോഴാണ് അത് പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചോ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമോ എന്നൊക്കെ തിരക്കി നാം അലംഭാവത്തിന്റെ കാരണം കണ്ടെത്തുന്നത്. പാര്‍പ്പിട സമുച്ചയങ്ങളും വാണിജ്യസ്ഥാപനങ്ങളും സ്ഥാപിച്ചിരിക്കുന്നത് അഗ്നിശമന വാഹന നീക്കങ്ങള്‍ക്കു സൗകര്യപ്പെടും വിധത്തിലായിരിക്കണം. അതില്ലാത്തിടത്താണ് തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ കഴിയാതെ പോകുന്നത്. കനത്ത നാശനഷ്ടത്തിനു കാരണമാകുന്നതും ഇതുതന്നെ.
കെട്ടിടനിര്‍മാണം ഇങ്ങനെ അഗ്നിപടരാതിരിക്കാന്‍ വേണ്ട നിയമസംവിധാനമൊരുക്കിയാണെന്ന് നാട്ടുകാരും അധികാരികളും നോക്കാറില്ല. അഗ്നിശമനസേനാ വിഭാഗത്തിന് ആവശ്യമായ വെള്ളം ശേഖരിക്കുന്നതിനോ അവരുടെ വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനോ ഉള്ള സംവിധാനങ്ങളുണ്ടോ എന്ന് ഉറപ്പുവരുത്താറില്ല. ഫയര്‍ഫോഴ്‌സ് എന്നറിയപ്പെട്ടിരുന്ന വിഭാഗത്തെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ എന്നാക്കിയപ്പോള്‍ രക്ഷ എന്നര്‍ഥമുള്ള റെസ്‌ക്യൂ എന്നു കൂട്ടിച്ചേര്‍ത്തുവെന്നല്ലാതെ മറ്റൊരു കാര്യവുമുണ്ടായില്ല.കാട്ടുതീ അണയ്ക്കുന്നതിനുള്ള പ്രത്യേക പരിശീലനം ഫയര്‍ഫോഴ്‌സിനു ലഭിക്കുന്നില്ല. എണ്ണായിരം പേരുള്‍പ്പെട്ട പ്രത്യേക സേന ഇതിനായി രൂപവല്‍ക്കരിക്കണമെന്ന നിര്‍ദേശം വനരോദനമായി അവസാനിച്ചു. തമിഴ്‌നാട്ടിലെ തേനിയില്‍ പത്തുപേരുടെ മരണത്തില്‍ കലാശിച്ച അഗ്നിബാധ കഴിഞ്ഞവര്‍ഷമുണ്ടായി. അതിനുശേഷവും മൂന്നാര്‍ ഭാഗത്ത് ഇഷ്ടംപോലെ കടന്നുവരാനും ടെന്റ് കെട്ടാനും വിനോദയാത്രികര്‍ക്കു സാധിക്കുന്നു.
മീശപ്പുലി മലയിലേയ്ക്കു കടക്കാന്‍ മാത്രം അനുമതി ഉള്ളപ്പോള്‍ കൊഴുക്കമലയിലും, വട്ടവടയിലും ആനയിറങ്ങിയിലുമൊക്കെ തമ്പുകളുയര്‍ത്തി വിനോദയാത്രികര്‍ ഭക്ഷണം പാകം ചെയ്യുകയും അവശിഷ്ടം അലക്ഷ്യമായെറിഞ്ഞു സ്ഥലം വിടുകയും ചെയ്യുന്നു. ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച ഏക ഏജന്‍സിയായ കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഇവിടെ നോക്കുകുത്തിയാവുന്നു.
പറമ്പിക്കുളത്തു കഴിഞ്ഞകൊല്ലം വന്‍ തീപിടിത്തമുണ്ടായപ്പോള്‍ വിളിച്ചു വരുത്തിയ ഹെലികോപ്റ്ററുകള്‍ക്ക് ഒരുമണിക്കൂര്‍ വെള്ളമടിച്ചിട്ടും തീയണയ്ക്കാന്‍ സാധിച്ചിരുന്നില്ല. സഹായത്തിനു വിളിച്ച രണ്ടു ഹെലികോപ്റ്ററുകള്‍ക്കാകട്ടെ കാലാവസ്ഥാ വ്യതിയാനം മൂലം ലക്ഷ്യത്തിലെത്താനും സാധിച്ചില്ല.അടിക്കടി ഉണ്ടാവുന്ന അഗ്നിബാധകളുടെ വെളിച്ചത്തില്‍ കഴിഞ്ഞമാസം 1,580 വന്‍കിട കെട്ടിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1,103 എണ്ണത്തിലും അഗ്നിശമന ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്നാണത്രേ കണ്ടത്. ഇതില്‍ തന്നെയും തിരുവനന്തപുരം ജില്ലയില്‍ 150 ഉം കോഴിക്കോട്ട് 140 ഉം, കണ്ണൂരില്‍ 168 ഉം ഉണ്ട്. ഇതില്‍ പലതിനും നോട്ടിസ് നല്‍കിയിരുന്നു. അതാണ് അടുത്തകാലത്ത് നടന്ന കാര്യമായ അഗ്നിശമന പ്രവര്‍ത്തനം.
കെട്ടിടസമുച്ചയങ്ങള്‍ പണിയുമ്പോള്‍ അഗ്നിശമന സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താറുണ്ടെങ്കിലും, സെക്യൂരിറ്റി ജീവനക്കാര്‍ക്കു പോലും അവയെങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്നോ എവിടെയാണെന്നോ അറിയാത്ത അവസ്ഥയാണ്. സെക്യൂരിറ്റിക്കാര്‍ തന്നെയും സ്ഥിരമായ തസ്തികയിലായിരിക്കില്ല.
ഫ്‌ളാറ്റുകളടക്കമുള്ള പാര്‍പ്പിടങ്ങളില്‍ നിന്നു വ്യത്യസ്തമായ രീതിയിലാണു വാണിജ്യസ്ഥാപനങ്ങള്‍ക്കും വ്യവസായശൃംഖലകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കുമൊക്കെയുള്ള സുരക്ഷാക്രമീകരണങ്ങള്‍. രാസവസ്തുക്കളും പടക്കങ്ങളും സൂക്ഷിക്കുന്ന വന്‍കിട ഗോഡൗണുകള്‍ വേറെയുണ്ട്. ആശുപത്രികളും സിനിമാശാലകളും ടൗണ്‍ഹാളുകളുമൊക്കെ ഇതില്‍ നിന്നു വ്യത്യസ്തം.
അംബരചുംബികളായ ഫ്‌ളാറ്റുകളുടെ മുകള്‍നിലകളില്‍ എന്തെങ്കിലും സംഭവിച്ചാല്‍ രക്ഷാദൗത്യം നിര്‍വഹിക്കാനുള്ള സ്‌കൈലിഫ്റ്റ് കേരളത്തിലില്ല. ഇരുപതു മീറ്റര്‍ ഉയരത്തിലെങ്കിലും എത്താവുന്ന ഒരെണ്ണത്തിനു കോടിക്കണക്കിനു രൂപവേണം. പലപ്പോഴും ഇലക്ട്രിസിറ്റി ബോര്‍ഡുകാര്‍ തെരുവുവിളക്കുകള്‍ നന്നാക്കാനായി ഉപയോഗിക്കുന്ന ലിഫ്റ്റുകളെയാണ് ആശ്രയിച്ചിരുന്നത്. അവയ്ക്കാകട്ടെ 12 മീറ്ററിലധികം ഉയരാനും വയ്യ. കൊച്ചിയില്‍ ഒരു ഉയര്‍ന്ന സൗധത്തില്‍ തീപിടിത്തമുണ്ടായപ്പോള്‍ തൊട്ടടുത്ത കെട്ടിടത്തില്‍ കയറിയാണ് തീ അണയ്ക്കാന്‍ ശ്രമിച്ചത്.
ഫ്‌ളാറ്റുകളുടെ പണികള്‍ നടക്കുന്നിടത്ത് അഗ്നിസുരക്ഷാ സംവിധാനങ്ങളില്‍ അധികൃതര്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ലെന്ന പരാതിയുണ്ട്. അവര്‍ പരിശോധിച്ചു നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ വെളിച്ചത്തില്‍ മാത്രമെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നമ്പര്‍ നല്‍കാന്‍ പാടുള്ളുവെന്നാണു ചട്ടം. അനുമതി മിക്കവാറും ഒരു വര്‍ഷത്തേക്കാണെന്നത് ഉടമകളും അധികൃതരും ഒരുപോലെ മറക്കുന്നു. പുനഃപരിശോധനാ ഫയലില്‍ മയങ്ങിക്കിടക്കുന്നു.
അഗ്നിസുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയെന്ന് ഉടമകള്‍ സത്യവാങ്മൂലം നല്‍കിയാല്‍ മതിയെന്നു പില്‍ക്കാലത്ത് ഇറങ്ങിയ ഉത്തരവു പോലെ, മേധാവികള്‍ മാറിമാറി വരുമ്പോള്‍ നിബന്ധനകളിലും വെള്ളം ചേര്‍ക്കപ്പെടുന്നു. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ആവശ്യങ്ങള്‍ കാര്യമായി ഉയരുമ്പോള്‍ മിക്ക ജില്ലകളിലും ഫയര്‍ സ്റ്റേഷനുകള്‍ ആരംഭിക്കാറുണ്ട്. എന്നാല്‍, ആവശ്യത്തിനു മാത്രം സ്റ്റാഫിനോ വാഹനങ്ങളടക്കമുള്ള യന്ത്രങ്ങള്‍ക്കോ വേണ്ടിയുള്ള മുറവിളി അടഞ്ഞ കാതുകളിലാണു ചെന്നെത്തുന്നത്. ഇടുക്കി, വയനാട്, കോട്ടയം, പത്തനംതിട്ട, കൊല്ലം, തൃശൂര്‍, പാലക്കാട്, കാസര്‍കോട് തുടങ്ങി വനാതിര്‍ത്തി ജില്ലകളില്‍ ഇരുപതു ഫയര്‍ സ്റ്റേഷനുകളെങ്കിലും ആരംഭിക്കണമെന്ന നിര്‍ദേശം ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല.
തലയ്ക്കു മുകളില്‍ 24 മണിക്കൂറും ഉയര്‍ന്നുനില്‍ക്കുന്ന ഡെമോക്ലസിന്റെ വാള്‍പോലെ ഏതവസരത്തിലും വിളി വന്നേക്കുമെന്നു കരുതി, ജാഗരൂകമാണ് അഗ്നിശമനസേന. എന്നാല്‍, ഡ്യൂട്ടി കഴിഞ്ഞുപോയി ഒന്നു മയങ്ങാനുള്ള പാര്‍പ്പിടസൗകര്യം പോലും നാം അവര്‍ക്കു നല്‍കിയിട്ടില്ല.
തീപിടിത്തമുണ്ടായി എന്നു കേട്ടാല്‍ അരയും തലയും മുറുക്കി പാഞ്ഞെത്തി അതു ശമിപ്പിക്കാന്‍ സന്നദ്ധതയുള്ള പൗരാവകാശബോധം നാം കാണിക്കാറുള്ളതു പോലെ തന്നെ അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്തു വഴിമുടക്കി കാഴ്ചക്കാരായി നില്‍ക്കുകയും മൊബൈല്‍ ഉയര്‍ത്തി രംഗങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നവര്‍കൂടിയാണു നാം. അവര്‍ ശ്രദ്ധിക്കേണ്ടകാര്യം, ജീവന്‍ പണയംവച്ചു രാപകല്‍ ഭേദമന്യെ രംഗത്തിറങ്ങുന്ന അഗ്നിശമനസേനാംഗങ്ങളുടെ കാര്യത്തിലും കുറേ ശ്രദ്ധ പതിയണമെന്നതാണ്.
'തീ കൊണ്ടു കളിക്കരുത്' എന്നു സാഹിത്യ നായകന്‍ പറഞ്ഞുവച്ചിടത്ത് 'തീക്കൊള്ളികൊണ്ട് തലചൊറിയെരു'തെന്നു കൂടി കൂട്ടിച്ചേര്‍ക്കേണ്ടി വരരുതല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."