ഈ വരികള്‍ രജത്‌മേനോന്റെ ഓര്‍മയ്ക്കായി
സാമ്പത്തികഭദ്രത, സാമൂഹികാന്തഃസത്ത, വിദ്യാഭ്യാസമേന്മ എന്നിവ ലഭിക്കേണ്ട വ്യക്തികള്‍ക്ക് അവ നിഷേധിക്കപ്പെടുകയും സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ഊന്നല്‍നല്‍കേണ്ട അധികാരികള്‍ കണ്ണടയ്ക്കുകയും ചെയ്യുമ്പോള്‍ സുസ്ഥിരവികസനത്തിലൂന്നിയ ജീവിതം നയിക്കേണ്ട മനുഷ്യര്‍ അസ്ഥിരയുടെ നടുവിലേയ്ക്കു വലിച്ചെറിയപ്പെടുന്നു. സമൂഹത്തിന്റെ നാനാഭാഗത്തും കണ്ണോടിച്ചുനോക്കിയാല്‍ ഇതിനു നിരവധി ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും.
സാമ്പത്തികമായി ചൂഷണംചെയ്യപ്പെടുന്നവരുടെ, ജാതികളുടെയും മതത്തിന്റെയുംപേരില്‍ അസഹിഷ്ണുത അനുഭവിക്കുന്നവരുടെ, ഗുണനിലവാരമില്ലാത്ത വിദ്യാഭ്യാസം നല്‍കപ്പെടുന്നതുമൂലം, രാഷ്ട്രപുനര്‍നിര്‍മാണത്തിനു സാധിക്കാതെ വഴിതിരിഞ്ഞുപോകുന്ന യുവതീയൂവാക്കളുടെ, ലൈംഗികമായി ചൂഷണംചെയ്യപ്പെടുന്നവരുടെ, ബലാത്സംഗത്തിന് ഇരയായി ജീവിതംനഷ്ടപ്പെടുന്നവരുടെ, ലഹരിമരുന്നകള്‍ക്ക് അടിമയാകുന്ന വ്യക്തികളുടെ... അങ്ങനെ വലിച്ചെറിയപ്പെടുന്നവരുടെ പട്ടിക നീണ്ടുപോകുന്നു.
രണ്ടുരീതില്‍ വലിച്ചെറിയപ്പെടുന്ന മനുഷ്യരാണു സമൂഹത്തിലുള്ളത്. സ്വന്തംപ്രവൃത്തികളുടെ ഫലമായി തിന്മകളുടെ നടുവില്‍ ജീവിക്കുന്നവരും സഹജീവിയായ മനുഷ്യരുടെ കടന്നാക്രമണത്തിന്റെ പരിണിതഫലമായി സമൂഹത്തില്‍ യാചനയുടെ തെരുവിലേയ്ക്കു വലിച്ചെറിയപ്പെടുന്നവരും.
മനസു നന്നായാല്‍ മാത്രമേ നല്ലജീവിതത്തിന് അടിത്തറ നിര്‍മിക്കുവാന്‍ കഴിയൂ. തെറ്റുംശരിയും തിരിച്ചറിയാന്‍ കഴിയുന്ന മനസാണു വേണ്ടത്. തെറ്റു തിരിച്ചറിയുമ്പോള്‍ പ്രവൃത്തികളുടെ ദിശയും ബോധവും ശരിയുടെ പാതയില്‍ സഞ്ചരിക്കുമെന്നുള്ളത് ഉറപ്പാണ്. പ്രതിച്ഛായനഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടാതെ, പ്രതികാരംചെയ്യുന്ന ഹൃദയമുള്ളവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടാതെ സുസ്ഥിരവികസനജീവിതം നയിക്കാന്‍ ഈ തിരിച്ചറിവു സഹായിക്കും.
നല്ലരീതിയില്‍ വസ്ത്രംധരിക്കുന്നതുകൊണ്ടല്ല മനുഷ്യന്‍ മാന്യനാകുന്നത്. മറിച്ച്, പ്രതീകം അല്ലെങ്കില്‍ സ്വഭാവമാണു മാന്യമാരെ സൃഷ്ടിക്കുവാന്‍ ഉപകരിക്കുന്നതെന്നു സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ ബ്രിട്ടീഷ് പൗരനോടു പറഞ്ഞത് ഇവിടെ ഓര്‍ക്കാം. മനുഷ്യനും അവന്റെ പ്രവൃത്തിയും തീര്‍ത്തും വ്യത്യസ്തമായ വിഷയങ്ങളാണ്. ക്രിയയുടെ കര്‍ത്താവ് എന്നുപറയുന്നതു മനുഷ്യനും, പ്രവൃത്തിയുടെ ഫലം മനുഷ്യന്‍ അനുഭവിക്കേണ്ട സംഗതിയുമാണ്. ക്രിയ തെറ്റാണെന്നു പൂര്‍ണബോധ്യമുണ്ടെങ്കില്‍ ആ തെറ്റിലേയ്ക്കു തന്റെ ജീവിതത്തെ മനഃപൂര്‍വ്വമായി വലിച്ചെറിയുന്ന മനുഷ്യര്‍ എത്രയെത്രപേരാണ്.!
നവമാദ്ധ്യമങ്ങളുടെ വളര്‍ച്ച (കവര്‍ച്ച!) കാരണം നിരവധി യൂവതീയുവാക്കളാണു ജീവിതത്തിന്റെ അവസാനമണി മുഴങ്ങാന്‍ സാഹചര്യം ഒരുക്കിയത്. വിദ്യാഭ്യാസം നേടേണ്ട സമയത്തു പാഠപുസ്തകം അടച്ചുവച്ചു 'മുഖപുസ്തകം' തുറന്നുനോക്കി സമയം പാഴാക്കിക്കളയുന്നു നമ്മുടെ കൂട്ടുകാര്‍. മദ്യപാനത്തിന്റെ ലഹരി, അനാവശ്യമായ മോട്ടോര്‍ വാഹന ലഹരി തുടങ്ങിയവ കാരണം ജീവിതം അവസാനിപ്പിച്ചവരും സ്വന്തംഭവനങ്ങളില്‍ കഴിയുന്നതിനു പകരം ആശുപത്രികളില്‍ അനന്തമായി കഴിയുന്നവരും ആയിരങ്ങളാണ്.
കഴിഞ്ഞ ജൂണ്‍ 26 ന് അന്താരാഷട്ര മയക്കുമരുന്നുവിരുദ്ധദിനം ലോകമെമ്പാടും ആചരിക്കുകയുണ്ടായി. ലഹരിയുപയോഗം ജനങ്ങളുടെയിടയില്‍ വര്‍ധിച്ചുവരുന്നതായാണു കണക്കുകള്‍ പറയുന്നത്. ഈ വര്‍ധന തടയുവാനും ലഹരിയുപയോഗം ഇല്ലായ്മ ചെയ്യുവാനും ശക്തമായ ബോധവല്‍ക്കരണം നടത്തണമെന്ന യാഥാര്‍ഥ്യം മനസിലാക്കി ഐക്യരാഷ്ട്രസഭ 1987 മുതല്‍ ആചരിച്ചു വരുന്നതാണ് ഈ ദിനം. ' ശ്രദ്ധിക്കു, ആദ്യം' എന്നതാണ് ഈ വര്‍ഷത്തെ ആപ്തവാക്യം.
ഏകദേശം 208 മില്യണ്‍ ജനങ്ങള്‍ ലോകമെമ്പാടും ലഹരിപദാര്‍ഥങ്ങളുപയോഗിക്കുന്നതായി 2007 ല്‍ ഐക്യരാഷ്ട്രസഭ നടത്തിയ പഠനങ്ങള്‍ പറയുന്നു. എല്ലാവര്‍ഷവും രണ്ടു ലക്ഷമാളുകള്‍ ലഹരിയുപയോഗത്തിന്റെ പരിണിതഫലമായി മരിക്കുന്നതായി ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ രീതിയില്‍ കഥപോയാല്‍ 2050 ആകുമ്പോള്‍ ലഹരി ഉപയോഗത്തിന്റെ കണക്ക് 25 ശതമാനം വര്‍ദ്ധിക്കും.
നമ്മുടെ രാജ്യത്തും ലഹരിപദാര്‍ഥ ഉപയോഗത്തിന്റെ കണക്കു മോശമല്ല. 2011 മുതല്‍ 2013 വരെയുള്ള കാലയളവില്‍ 1,05,173 ടണ്‍ ലഹരി പദാര്‍ഥങ്ങള്‍ രാജ്യമെമ്പാടും നടത്തിയ പരിശോധനയില്‍ പിടിച്ചെടുക്കപ്പെട്ടിട്ടുണ്ട്. രാജ്യത്ത് 10.7 മില്യണ്‍ ആളുകള്‍, പ്രത്യേകിച്ചു യുവതീയുവാക്കള്‍, ലഹരിക്കടിമകളായിട്ടുണ്ടെന്നാണു കണക്ക്. മിസോറാം, പഞ്ചാബ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ലഹരി ഉപയോഗം കാണപ്പെടുന്നത്. പഞ്ചാബില്‍ 75 ശതമാനം യുവാക്കള്‍ (പ്രത്യേകിച്ച് 20 നു താഴെയുള്ള കൗമാരപ്രായക്കാര്‍) ലഹരിപദാര്‍ഥമുപയോഗിക്കുന്നുണ്ട്. 20 സ്ത്രീകളില്‍ ഒരാളെങ്കിലും ലഹരി ഉപയോഗിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരം കൂടി അറിയുമ്പോള്‍ നമ്മുടെ രാജ്യം എവിടെ വരെ എത്തിനില്‍ക്കുന്നു എന്നു കൂടി കാണാന്‍ കഴിയും.
ഈയിടെ വിമര്‍ശനത്തിന് ഇരയാവുകയും കോടതി കയറിയിറങ്ങുകയും ചെയ്ത സിനിമയായ ' ഉദ്ധ പഞ്ചാബ് ' എന്ന സിനിമ ലഹരി ഉപയോഗത്തിന്റെ കഥ ആസ്പദമാക്കിയാണു നിര്‍മിച്ചിട്ടുള്ളത്.
കഴിഞ്ഞദിവസം ദില്ലിയിലെ മലയാളിവിദ്യാര്‍ഥിയായ രജത്‌മേനോന്റെ മരണം ലഹരി മരുന്നുവില്‍പ്പനക്കാരുടെ കറുത്തകൈകള്‍ മുഖേനയായിരുന്നുവെന്നു കേട്ടപ്പോള്‍ രാജ്യം തലകുനിച്ചില്ലേ! ദില്ലിയിലെ ലഹരി ഉപയോഗം ദൈനം ദിനം വര്‍ദ്ധിച്ചുവരികയാണ്. ലഹരിയുടെ കഥ അവസാനിക്കുന്നില്ല. സ്വന്തം തലച്ചോറിനെ ലഹരിക്ക് പണയപ്പെടുത്തി ജീവിതത്തെ വലിച്ചെറിയുന്ന മനുഷ്യരുടെ കഥ ഇനിയുമുണ്ട്.
(അവസാനിച്ചു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."