കൊവിഡ് കാലത്തും ഓര്‍മിക്കേണ്ട സൗഹാര്‍ദ പാഠങ്ങള്‍
ലോക മഹായുദ്ധങ്ങള്‍ക്ക് സാധിക്കാത്തത് കൊറോണ എന്ന രോഗാണുവിനു സാധിച്ചിരിക്കുന്നു. ഒരു സോപ്പ് കുമിളയോട് തന്നെ തോറ്റുപോകുന്ന ഈ മഹാമാരി ഇതിനകം തന്നെ മൂന്നുലക്ഷത്തില്‍ കൂടുതല്‍ പേരുടെ മരണത്തിനിടയാക്കി. ഏറെ പിടിച്ചുനിന്ന നമ്മുടെ സ്വന്തം ഇന്ത്യപോലും രോഗികളുടെ എണ്ണത്തില്‍ ചൈനയേയും മറ്റും കടന്നിരിക്കുന്നു. ബഹിരാകാശങ്ങളില്‍ വെന്നിക്കൊടി നാട്ടിയെന്നും ചന്ദ്രനെ കാല്‍ക്കീഴിലാക്കിയെന്നും അഹങ്കരിച്ച മനുഷ്യന്‍, മാസ്‌ക് എന്ന പേരിലുള്ള ഒരു മുഖംമൂടിക്കായി കെഞ്ചിനടക്കുന്നത് കാണേണ്ടിവന്ന കാലമായി ഇത്. ഇത്തരം മഹാവ്യാധികള്‍ക്ക് ജാതിയോ മതമോ, വര്‍ഗമോ, വര്‍ണമോ ധനിക-ദരിദ്ര വ്യത്യാസങ്ങളോ ഒന്നുമില്ലെന്നു ഒരിക്കല്‍കൂടി നമുക്ക് പാഠമാവുന്നു.
പക്ഷെ, അനുഭവങ്ങള്‍ പാഠങ്ങളാക്കാന്‍ നാം എന്നും വിമുഖരാണ്. പരസ്പരം കുറ്റപ്പെടുത്തുന്നതിലാണ് നമുക്ക് ഏറെ താല്‍പര്യം. മഹാപ്രളയം വലിയ പാഠമാണ് നല്‍കിയത്. ആര്‍ത്തിരമ്പി കുതിച്ചുവന്ന വെള്ളച്ചാട്ടത്തില്‍ ജാതിയും മതവും മറന്നു നമുക്കു ഒരുമിച്ചു നില്‍ക്കേണ്ടിവന്നു. 'ഇത് പൊതുവഴിയല്ല' എന്നും, 'അന്യമതസ്ഥര്‍ക്ക് പ്രവേശനമില്ല' എന്നും എഴുതിവെച്ച ബോര്‍ഡുകള്‍പോലും മലവെള്ളപ്പാച്ചിലില്‍ എങ്ങോട്ടെന്നറിയാത്തവണ്ണം കുത്തിയൊലിച്ചുപോയി.
എന്നാല്‍, 38 ശതമാനം വോട്ട് മാത്രം നേടി അധികാരത്തിലേറിയവര്‍ ഭരണത്തിന്റെ തുടക്കം മുതല്‍തന്നെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നയങ്ങള്‍ ആരംഭിച്ചിരുന്നു. വ്യത്യസ്ത നിയമങ്ങള്‍ പുറത്തിറക്കി അവരുടെ ജീവിതം ദുരതത്തിലാക്കി. മുസ്‌ലിംകളെ പാകിസ്താനിലേക്കയക്കണമെന്നു ബി.ജെ.പി നേതൃനിരയിലുള്ളവര്‍ തന്നെ ആഹ്വാനം മുഴക്കി. അതിനിടയിലാണ് ലോകത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളില്‍ എന്നപോലെ നമ്മുടെ മഹത്തായ രാജ്യത്തിലും കൊറോണ പിടിമുറുക്കിയത്.
മുന്‍കൂട്ടി വിവരമറിയിച്ചു നടത്തിയ ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനം പോലും പ്രതിക്കൂട്ടിലായി. അത് തടയാനുള്ള ഒരു നടപടിയും സ്വീകരിക്കാതിരുന്ന ഭരണനേതൃത്വം, അതിന്റെ പേരില്‍ നാട്ടില്‍ ഒരു ഹിന്ദു-മുസ്‌ലിം ലഹളക്ക് കാഞ്ചിവലിച്ചിരിക്കുകയാണെന്നു വരെ തോന്നി. രണ്ടു സന്യാസിമാരെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കള്ളക്കടത്തുകാരെന്നു സംശയിച്ച് പാല്‍ഘറില്‍ ജനക്കൂട്ടം തല്ലിക്കൊന്നത് അതിനിടയിലാണ്. ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹറില്‍ രണ്ടു ഹൈന്ദവ പുരോഹിതന്മാരെ ഒരു കൂട്ടം പേര്‍ ആക്രമിച്ചു വകവരുത്തിയതും വാര്‍ത്തയായി. രണ്ടിടത്തും അക്രമികള്‍ മുസ്‌ലിംകളാണെന്നു വരുത്തിത്തീര്‍ക്കാന്‍ ചാനലുകളില്‍പ്പോലും വ്യാപകമായ ശ്രമങ്ങളുണ്ടായി. എന്നാല്‍ അക്രമി സംഘത്തില്‍ മിക്കവരും സംഘ്പരിവാറുകാരാണെന്നു വന്നപ്പോള്‍ ആ പ്രചാരണത്തിനും കാറ്റ് പോയി.
ജനമാകെ വര്‍ഗീയ ചിന്തകള്‍ കൈവെടിഞ്ഞു ഒറ്റക്കെട്ടായി കൊവിഡിനെതിരേ പൊരുതി നില്‍ക്കുമ്പോള്‍ ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും പ്രതികാര നടപടികളും കരിനിയമ പ്രകാരമുള്ള അറസ്റ്റുകളും നിര്‍ബാധം നടക്കുന്നു. മുസ്‌ലിം ന്യൂനപക്ഷത്തെ കുറ്റപ്പെടുത്തി വാര്‍ത്തകള്‍ പടച്ചുവിടുന്ന ചാനലുകളെ വെറുതെ വിടുമ്പോള്‍, ഭരണകൂട ഭീകരതക്കെതിരേ ശബ്ദമുയര്‍ത്തിയ ഡല്‍ഹിയിലെ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാനെതിരേ പോലും രാജ്യദ്രോഹത്തിന് കേസെടുത്തു. ഇത്തരം വികല ചിന്തകള്‍ക്കെല്ലാം അതീതമാണ് ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുമത വിശ്വാസികളടക്കമുള്ള ഇന്ത്യയുടെ മതേതര മനസ്സെന്നു മനസ്സിലാക്കാന്‍ കഴിയാത്ത ഒരു ഭരണ നേതൃത്വമായിപ്പോയി, നമ്മുടേത്.
2002ലെ ഗുജറാത്ത് കലാപം ഓര്‍ക്കുക. അതിന്റെ ഭീകരത പ്രകടമാക്കുന്ന ഒരു ചിത്രമായിരുന്നു കുത്തബുദ്ദീന്‍ അന്‍സാരി എന്ന ഒരു ചെറുപ്പക്കാരന്‍. അക്രമികള്‍ക്ക് മുമ്പില്‍ കൈകൂപ്പി രക്ഷിക്കണേ എന്നു വിലപിക്കുന്ന കണ്ണീര്‍ചിത്രം. അന്നു കലാപത്തില്‍ പ്രധാനപങ്ക് വഹിച്ച അശോക് പാര്‍മറിനു പിന്നീട് മനംനൊന്തു. താന്‍ എന്തൊക്കെയോ ചെയ്തുപോയെന്നു വിലപിച്ച ചെരിപ്പുകുത്തിയായ ഇതേ പാര്‍മര്‍ തന്നെയാണ,് പിന്നീട് അന്‍സാരി അഹമദാബാദിലെ ചംപാല്‍ഘറില്‍ ആരംഭിച്ച ചെരിപ്പുകട ഉദ്ഘാടനം ചെയ്തതും. എന്നാല്‍ രാഷ്ട്രത്തിന്റെ മൊത്തം സ്ഥിതി എന്താണ്? ഇന്ത്യയില്‍ ന്യൂനപക്ഷ പീഡനം നടക്കുന്നതായി ഐക്യരാഷ്ട്രസഭാ സമിതി തന്നെ കണ്ടെത്തിയ ഒരസാധാരണ സ്ഥിതിവിശേഷത്തില്‍ വന്നു നില്‍ക്കുകയാണ് നാം. ന്യൂസിലന്‍ഡില്‍ പള്ളികളില്‍ ജുമുഅ പ്രാര്‍ഥനക്കായി എത്തിയവര്‍ക്ക് നേരെ തോക്കുധാരി നിറയൊഴിച്ചതറിഞ്ഞപ്പോള്‍ ഓടിയെത്തി മുസ്‌ലിംകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച വനിതാ പ്രധാനമന്ത്രിയെപ്പറ്റിയൊന്നും സംഘികള്‍ക്ക് കേട്ടറിവില്ലെന്നു തോന്നുന്നു.
മുസ്‌ലിം ജമാഅത്തുകളും യതീംഖാനകളും കേരളത്തില്‍ സംഘടിപ്പിക്കുന്ന സമൂഹ വിവാഹങ്ങളില്‍പ്പോലും, ഇതര മതസ്ഥര്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കാറുണ്ടെന്നും സംഘ്പരിവാറുകാര്‍ അറിയുന്നില്ല. ബംഗളൂരു കെ.എം.സി.സി. സംഘടിപ്പിച്ച സമൂഹ വിവാഹസംഗമത്തില്‍ എല്ലാ മതസ്ഥരുടെയും വിവാഹവും നടത്തിയിരുന്നു. സംഗമത്തെ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ തന്നെ നേരിട്ടു വന്നു അനുമോദിക്കുകയുണ്ടായി. 100 വര്‍ഷം പഴക്കമുള്ള കായംകുളം ചേരാവല്ലി മുസ്‌ലിം ജമാഅത്ത് അഞ്ജു അശോക്കുമാറും ശരത് ശശിയുമായുള്ള വിവാഹം ഫിത്‌റാ ഇസ്‌ലാമിക്ക് അക്കാദമി നേരിട്ടാണ് നടത്തിയത്. ഷാര്‍ജ കെ.എം.സി.സി. അത്തോളിയില്‍ ഒരുക്കിയ സമൂഹവിവാഹത്തില്‍ നിക്കാഹിനു നേതൃത്വം വഹിക്കാന്‍ പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ എത്തിയപ്പോള്‍ ശ്രീധരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ഹിന്ദു വിവാഹങ്ങളും നടന്നു.
യു.പി.യിലെ സഹറാന്‍പൂരില്‍ ഗുരുദ്വാര നിര്‍മിക്കാന്‍ സിക്കുകാര്‍ വാങ്ങിയ സ്ഥലത്തുണ്ടായിരുന്ന മുസ്‌ലിംപള്ളി അവര്‍ പൊളിച്ചപ്പോള്‍, കലാപത്തിനു കാത്തിരുന്നവര്‍ കണ്ടത് ഒരു കിലോമീറ്റര്‍ അകലെ സിക്കുകാര്‍ തന്നെ പള്ളി പണിയാന്‍ സ്ഥലം വാങ്ങി നല്‍കുന്നതായിരുന്നു. ഡല്‍ഹിയില്‍ പൗരത്വ ബില്ലിനെച്ചൊല്ലി നടന്ന കലാപത്തിനിടയില്‍ എല്ലാം നഷ്ടപ്പെട്ട മുസ്‌ലിംകള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഒരു സിക്ക് പ്രമാണി തന്റെ ഫ്‌ളാറ്റ് തന്നെ വില്‍ക്കുകയുണ്ടായി.
പകര്‍ച്ചവ്യാധികളും ദുരിതങ്ങളും ലോകത്ത് തുടര്‍ചരിത്രങ്ങളാണ്. എന്നാല്‍ ആപത്ത് കാലത്ത് പരസ്പരം കൈകോര്‍ത്ത് പിടിച്ചാല്‍ മാത്രമേ ഇതില്‍നിന്ന് നമുക്ക് കരകയറാന്‍ സാധിക്കുകയുള്ളൂ. മതത്തിന്റെയും വംശത്തിന്റെയും പേരില്‍ പരസ്പരം അധിക്ഷേപങ്ങള്‍ നടത്തുന്നത് ഇന്ന് അകപ്പെട്ടിരിക്കുന്ന കൊവിഡെന്ന പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുന്നതിന് തടസം നില്‍ക്കുകയേയുള്ളൂ. വൈറസിന് മതവും രാജ്യവും ഇല്ലെന്നുള്ളത് ഓരോരുത്തരും ഓര്‍ക്കേണ്ടതാണ്. സൗഹാര്‍ദത്തോടെയുള്ള ഇന്നലെകളാണ് നാം ചേര്‍ത്തുനിര്‍ത്തേണ്ടതും തുടരേണ്ടതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."