വിദ്യാര്‍ഥികളെ ആശയക്കുഴപ്പത്തിലാക്കുന്ന സര്‍ക്കാര്‍ നിലപാട് അപഹാസ്യമെന്ന് എം.എസ്.എഫ്
കോഴിക്കോട്: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കിടയില്‍ ആശയക്കുയപ്പം സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നിലപാട് അപഹാസ്യമാണെന്ന് എം.എസ്.എഫ് . വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷത്തിനും പിരിമുറുക്കത്തിനും ഇടയാക്കുന്ന സാഹചര്യം സൃഷ്ടിക്കാന്‍ മാത്രമാണ് ഈ നിലപാടുകള്‍ കാരണമായതെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. രാവിലെ പരീക്ഷ മാറ്റും എന്ന രീതിയില്‍ വന്ന വാര്‍ത്ത വൈകുന്നേരം മുഖ്യമന്ത്രി തന്നെ തിരുത്തിയതാണ് ആശങ്കകള്‍ക്ക് കാരണമായത്. യൂനിവേഴ്‌സിറ്റി പരീക്ഷകള്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഏകീകൃത സ്വഭാവത്തില്‍ ഉചിതമായ സന്ദര്‍ഭത്തില്‍ നടത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും നേതാക്കള്‍ പറഞ്ഞു.
പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് കെ.എസ്.ആര്‍.ടി.സി സ്റ്റുഡന്റ് ഓണ്‍ലി സംവിധാനം ഒരുക്കുക, ക്വാറന്റൈനിലുള്ളതും നാട്ടിലേക്ക് വരാന്‍ കഴിയാത്തതുമായ വിദ്യാര്‍ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷകള്‍ നടത്തുകയും ഫലം ഒരുമിച്ച് പ്രഖ്യാപിക്കുന്നതിന് മൂല്യനിര്‍ണയത്തില്‍ ജാഗ്രത കാണിക്കുക,കണ്ടെയ്ന്‍ മെന്റ് -റെഡ്‌സോണ്‍ മേഖലകളില്‍ നിന്നും വരുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷ റൂമുകള്‍ സജ്ജീകരിക്കുക തുടങ്ങി പത്തിന നിര്‍ദേശങ്ങളും എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, എ.പി അബ്ദുസമദ്, അഫ്‌നാസ് ചോറോട് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."