നിരോധിത പാന്‍ ഉല്പന്നങ്ങളുടെ വില്പന മലയോരത്തു സജീവം
കുന്നുംകൈ: സര്‍ക്കാരും പഞ്ചായത്തുകളും നിരോധനം ഏര്‍പ്പെടുത്തിയ വിവിധയിനം പാന്‍ മസാലകളുടെ വില്പന മലയോരത്തു സജീവമാകുന്നു. നിരോധിത പാന്‍ മസാലകളായ പാന്‍പരാഗ്, മധു, ഗുര്‍ക്ക എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഉല്പന്നങ്ങള് വാങ്ങാന്‍ ആവശ്യക്കാരേറെയാണ്. ചിറ്റാരിക്കല്‍, പാലക്കുന്ന്, പരപ്പച്ചാല്‍, ഭീമനടി, നര്‍ക്കിലക്കാട് എന്നീ പ്രദേശങ്ങളിലെ ചെറിയ കടകള്‍ കേന്ദ്രീകരിച്ചാണു വില്പന നടക്കുന്നത്. ചില പ്രദേശങ്ങളില്‍ നടന്നും വില്പന നടത്തുന്നുണ്ടെന്നാണ് വിവരം.
കഴിഞ്ഞ മാസം മലയോരത്തെ ഒരു കച്ചവട സ്ഥാപനത്തില്‍ നിന്നു പാന്‍ മസാലകള്‍ ചിറ്റാരിക്കല്‍ പൊലിസ് പിടിച്ചെടുത്തിരുന്നു. കര്‍ണാടകയില്‍ നിന്നു ചെറിയ തുകക്കു കിട്ടുന്ന ഇത്തരം ഉല്പന്നങ്ങള് വന്‍ തുക ഈടാക്കിയാണ് കച്ചവടക്കാര്‍ ലാഭം കൊയ്യുന്നത്. ഇതിനു പിന്നില്‍ വലിയ റാക്കറ്റു തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണു വില്പനയെങ്കിലും വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇതിന്റെ ഉപയോഗം കൂടുന്നുവെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.
ഇതിനെതിരേ ആരോഗ്യ വകുപ്പും പൊലിസും ഇത്തരം സ്ഥാപനങ്ങളില്‍ റെയ്ഡ് ശക്തമാക്കുകയും നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."