മടക്കര തുറമുഖം മുഖം മിനുക്കുന്നു
മടക്കര: ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ മടക്കര മുഖം മിനുക്കുന്നു. തുറമുഖത്ത് എത്തുന്ന മത്സ്യത്തൊഴിലാളികളും മത്സ്യം വാങ്ങാനെത്തുന്നവരും അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്കാണ് ഇതുവഴി പരിഹാരമാവുക. പാര്‍ക്കിങ് ഏരിയ നവീകരണം, സ്ത്രീകളുടെ ശൗചാലയം, വലിയ ബോട്ടുകളെത്തുന്നതിനായുള്ള ചാനല്‍ തുടങ്ങിയവയുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്.
ഇവിടെ പാര്‍ക്കിങ് ഏരിയയില്‍ പാകിയ ഇന്റര്‍ലോക്ക് പലയിടങ്ങളിലും തകര്‍ന്നു കിടക്കുകയായിരുന്നു. ഉദ്ഘാടനത്തിന് മുന്നോടിയായാണ് ഇന്റര്‍ലോക്കുകള്‍ പാകിയത്. എന്നാല്‍ അതിനടിയിലെ പൂഴി താഴ്ന്നു തുടങ്ങിയതോടെ പലയിടങ്ങളും കുഴികള്‍ രൂപപ്പെട്ടു. മത്സ്യങ്ങള്‍ കയറ്റാനെത്തുന്ന വാഹനങ്ങള്‍ ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി കടന്നു പോയിരുന്നത്. ചിലയിടങ്ങളില്‍ ഇന്റര്‍ലോക്കുകള്‍ പൂര്‍ണമായും ഇളകിയത് മൂലം കാല്‍നടയാത്രക്കാര്‍ പോലും അപകടത്തില്‍പ്പെടുന്നത് പതിവായിരുന്നു. ഇതിനു പരിഹാരം കാണുന്നതിനായി കോണ്‍ക്രീറ്റ് സ്ലാബുകള്‍ നിര്‍മിക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.ട്രോളിങ് നിരോധനമായതിനാല്‍ തുറമുഖം ഇപ്പോള്‍ സജീവമല്ല. അതിനാല്‍ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായി പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നാണ് വിവരം.
കൂടാതെ സ്ത്രീകളുടെ ശൗചാലയ നിര്‍മാണത്തിന്റെ പ്രവൃത്തിയും പുരോഗമിച്ചുവരികയാണ്. മണല്‍ത്തിട്ടകള്‍ വഴിമുടക്കുന്നത് തുറമുഖത്തേക്കുള്ള ബോട്ടുകളുടെ വരവിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിനും വലിയ ബോട്ടുകള്‍ക്ക് എത്തിച്ചേരുന്നതിനുമായി പ്രത്യേക ചാനല്‍ നിര്‍മാണവും ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."