ശ്രീശ്രീ രവിശങ്കറിന്റെ ലോക സാംസ്‌കാരിക സമ്മേളനം; യമുനാതീരത്തിന് ഗുരുതരനാശം സംഭവിച്ചതായി വിദഗ്ധസമിതി
ന്യൂഡല്‍ഹി: ശ്രീ ശ്രീ രവിശങ്കര്‍ നടത്തിയ ലോക സാംസ്‌കാരിക സമ്മേളനത്തിലൂടെ യമുനാതീരത്തിന് ഗുരുതര നാശം സംഭവിച്ചതായി വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. തീരം പൂര്‍വസ്ഥിതിയിലാക്കണമെങ്കില്‍ 13.29 കോടി ചെലവ് വരുമെന്ന് വിദഗ്ധ കമ്മിറ്റി ഗ്രീന്‍ ട്രൈബ്യൂണലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് നേരെയാക്കുന്നതിന് 10 വര്‍ഷത്തെ സമയമെടുക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ജലവിഭവ വകുപ്പ് സെക്രട്ടറി ശശി ശേഖറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ആര്‍ട്ട് ഓഫ് ലിവിങ് യമുനാതീരം നശിപ്പിച്ചതായി പറയുന്നത്. യമുനയുടെ പടിഞ്ഞാറ് വശത്തുള്ള ഏകദേശം 120 ഹെക്ടറോളം (300 ഏക്കര്‍) സ്ഥലത്ത് പരിപാടി നടത്തിയതിലൂടെ ഗുരുതര നാശം സംഭവിച്ചു. അതുപോലെ കിഴക്കു വശത്തുള്ള 120 ഏക്കര്‍ സ്ഥലത്തിനും നാശമുണ്ടായി.
കഴിഞ്ഞ വര്‍ഷമാണ് ആര്‍ട്ട് ഓഫ് ലിവിങിന്റെ നേതൃത്വത്തില്‍ യമുനാതീരത്ത് ലോക സാംസ്‌കാരിക സമ്മേളനം നടത്തിയത്. മൂന്ന് ദിവസത്തെ പരിപാടിയായിരുന്നു ഇത്. പാരിസ്ഥിതിക നിയമങ്ങള്‍ പാലിക്കാതെ നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ഗ്രീന്‍ ട്രൈബ്യൂണല്‍ ആര്‍ട്ട് ഓഫ് ലിവിങിന് അഞ്ച് കോടി രൂപ പിഴയിട്ടിരുന്നു. തുടര്‍ന്ന് പഠനം നടത്തിയ വിദഗ്ധ കമ്മിറ്റി യമുനക്ക് ഗുരുതര നാശമുണ്ടായതായും യമുനാതീരത്തിന്റെ പുനര്‍ നിര്‍മാണത്തിനായി ആര്‍ട്ട് ഓഫ് ലിവിങ് 100-120 കോടി നല്‍കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. അതിനു ശേഷമാണ് ഏഴംഗ വിദഗ്ധ കമ്മിറ്റിയെ പഠനം നടത്താന്‍ ഏല്‍പ്പിച്ചത്. റിപ്പോര്‍ട്ടില്‍ യമുനാതീരം പൂര്‍ണമായും നശിച്ചതായി കമ്മിറ്റി കണ്ടെത്തുകയായിരുന്നു. 47 പേജുകളടങ്ങിയ റിപ്പോര്‍ട്ടാണ് കമ്മിറ്റി സമര്‍പ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."