കരുത്തരായ സ്ഥാനാര്‍ഥികളും ദുര്‍ബലമായ രാഷ്ട്രീയബോധവും
തെരഞ്ഞെടുപ്പ് കമ്മിഷന്‍ തിയതികള്‍ നിശ്ചയിക്കുന്നതിനു മുന്‍പ് തന്നെ ഇരുപതു മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ് കേരളത്തിലെ ഇടതുമുന്നണി. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും സ്ഥാനാര്‍ഥി നിര്‍ണയമെന്ന കീറാമുട്ടിയുമായി കെട്ടിപ്പിണഞ്ഞു നില്‍ക്കുമ്പോള്‍ നേരത്തെ തന്നെ കളത്തിലിറങ്ങാന്‍ കഴിഞ്ഞത് എല്‍.ഡി.എഫിന് മേല്‍ക്കൈ നല്‍കിയിട്ടുണ്ട് എന്നാണ് സാമാന്യമായി കണക്കാക്കപ്പെടുന്നത്. അത് ശരിയുമായിരിക്കാം. പക്ഷെ മത്സരിക്കാന്‍ തയാറെടുത്തു നില്‍ക്കുന്ന സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണ് എന്ന് പരിശോധിക്കുമ്പോള്‍ ഇടതുമുന്നണി അഭിമുഖീകരിക്കുന്ന പരാധീനതകള്‍ കൂടി നമുക്ക് കാണാതിരിക്കാനാവുകയില്ല. ആരെയൊക്കെയാണ് എല്‍.ഡി.എഫ് കളത്തിലിറക്കിയത് ? ഇവരെക്കൊണ്ടാണോ മുന്നണി ഡല്‍ഹി പിടിക്കാന്‍ പോകുന്നത് ? ഇവരാണോ മുന്നണിക്ക് കേരളത്തില്‍ കിട്ടാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ഥികള്‍ ?
ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പുകളിലൊന്നാണ് വരാന്‍ പോകുന്നത്. ഒരു വശത്ത് നരേന്ദ്രമോദിയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഹൈന്ദവ തീവ്ര ഫാസിസ്റ്റ് രാഷ്ട്രീയവും. മറുവശത്ത് മതേതര ശക്തികള്‍ മോദിക്കെതിരായും നില്‍ക്കുന്നു. മതേതര രാഷ്ട്രീയം ഒറ്റക്കെട്ടായി ഏകമനസോടെ മോദിക്കെതിരായി നില്‍ക്കുന്നില്ല എന്നതു ശരിതന്നെ. എങ്കിലും രണ്ടു ചേരികളിലായി നില്‍ക്കുകയാണ് ഇന്ത്യാ മഹാരാജ്യം എന്നതില്‍ തര്‍ക്കമില്ല.
ബി.ജെ.പി വിരുദ്ധ ചേരിയുടെ ഏറ്റവും പ്രബലമായ പ്രതിനിധാനം കോണ്‍ഗ്രസാണ് എന്നതിലും തര്‍ക്കമില്ല. നരേന്ദ്രമോദിക്കെതിരില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്ന നേതാവ് രാഹുല്‍ ഗാന്ധിയാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഒരു മതേതര രാഷ്ട്രീയ കൂട്ടായ്മയാണ് ഈ നിര്‍ണായക സന്ധിയില്‍ ഫാസിസ്റ്റ് വിരുദ്ധ ചിന്താഗതിക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന ബദല്‍. ഈ ബദലിനെ ഇടതുപക്ഷവും അംഗീകരിക്കുന്നു. ബി.ജെ.പിയ്ക്ക് ബദല്‍ ഇടതുപക്ഷം എന്നൊക്കെ ബോര്‍ഡുകളെഴുതി വയ്ക്കുന്നുണ്ടെങ്കിലും തങ്ങള്‍ ഒരു ബദലേയല്ലെന്ന് ഇന്ത്യയിലെ എല്ലാ ഇടതുപക്ഷകക്ഷികള്‍ക്കുമറിയാം. ഇരുകമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും അത് കൂടുതല്‍ നന്നായറിയാം.
സി.പി.എമ്മിന് ഇപ്പോഴത്തെ ലോക്‌സഭയില്‍ ഒന്‍പത് എം.പി മാരാണുള്ളത്, സി.പി.ഐക്ക് ഒന്നും. അതില്‍തന്നെ ത്രിപുരയില്‍ നിന്നുള്ള രണ്ട് എം.പിമാരെ വീണ്ടും തെരഞ്ഞെടുക്കാനാവുമെന്ന യാതൊരു പ്രതീക്ഷയും സി.പി.എമ്മിനില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പാര്‍ലമെന്ററി പ്രാതിനിധ്യത്തിന്റെ എണ്ണം രണ്ടക്കം കടക്കണമെങ്കില്‍ അനുഷ്ഠിക്കേണ്ട പെടാപ്പാടുകള്‍ അറിയാവുന്നതുകൊണ്ടാണ് ഇരുകമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ബംഗാളിലും തമിഴ്‌നാട്ടിലുമടക്കം പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് കൂടി ഉള്‍പ്പെട്ട മുന്നണിയില്‍ ഒച്ചയുമനക്കവുമില്ലാതെ അടങ്ങിയൊതുങ്ങിക്കഴിയുന്നത്. നരേന്ദ്രമോദിക്ക് പകരം പ്രധാനമന്ത്രിയായി ഇരു പാര്‍ട്ടികളും രാഹുല്‍ ഗാന്ധിയെ കാണുന്നു, കോണ്‍ഗ്രസിന്റെ നേതൃത്വത്തെ അവര്‍ അംഗീകരിക്കുന്നു.
ആരാണ് പ്രധാനശത്രു
ദേശീയതലത്തില്‍ ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസാണെന്ന് നിര്‍വിശങ്കം അംഗീകരിക്കുന്ന ഇടതുപക്ഷത്തിനെങ്ങനെയാണ് കേരളത്തില്‍ കോണ്‍ഗ്രസ് എന്ന ശത്രുവിനെതിരില്‍ ഫലപ്രദമായി പൊരുതാന്‍ സാധിക്കുക? ഇത് കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പല്ല, ഇന്ത്യ ആരാല്‍ ഭരിക്കപ്പെടണമെന്ന് തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണ്. അതുകൊണ്ട് തന്നെ സമ്മതിദായകരെ അഭിമുഖീകരിക്കുമ്പോള്‍ കൃത്യമായ ഉത്തരം പറയാന്‍ ഇടതുപക്ഷത്തിന് സാധിക്കുമെന്ന് തോന്നുന്നില്ല. അതായത് തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടാന്‍ കേരളത്തിലെ എല്‍.ഡി.എഫിന് സാധിക്കുകയില്ല. അതിനവര്‍ ശ്രമിക്കുന്നുമില്ല എന്നതിന്റെ ഉദാഹരണമാണ് ഇപ്പോഴത്തെ സ്ഥാനാര്‍ഥി നിര്‍ണയം.
കൃത്യമായ രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യേണ്ട പൊതു തെരഞ്ഞെടുപ്പിനെ പ്രാദേശിക രാഷ്ട്രീയത്തിന്റെ ഇത്തിരിവട്ടത്തിലേക്ക് ലഘൂകരിക്കുകയും സ്ഥാനാര്‍ഥികളുടെ ജനസമ്മതിയുടെ അടിസ്ഥാനത്തില്‍ ജയിച്ചു കയറാമെന്ന് കരുതുകയുമാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ ചെയ്യുന്നത്. അതുകൊണ്ടാണ് ജയിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതുന്ന ചിലരെ ഇരുകമ്മ്യൂണിസ്റ്റുകളും സ്ഥാനാര്‍ഥികളാക്കിയത്. അവരില്‍ ചിലര്‍ എം.എല്‍.എ എന്ന നിലയില്‍ ജനസമ്മതി നേടിയവരാവാം, വേറെ ചിലര്‍ പണമിറക്കി വോട്ട്‌നേടാന്‍ സാധിക്കുന്നവരാവാം.
ഇനിയും ചിലര്‍ കൈക്കരുത്തിന്റെ ബലത്തില്‍ പിടിച്ചുനില്‍ക്കുന്നവരാവാം. ഇവരിലൊരാളുടെ സ്ഥാനാര്‍ഥിത്വത്തിലൂടെയും ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി കാണാന്‍ ശ്രമിക്കുന്നില്ല. ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ പ്രതിസന്ധികളെയല്ല ഇടതുമുന്നണിയിറക്കിയ സ്ഥാനാര്‍ഥികള്‍ അഡ്രസ്സ് ചെയ്യുന്നത്. ബി.ജെ.പിയെ താഴെയിറക്കുക എന്ന രാഷ്ട്രീയ പ്രശ്‌നത്തെയല്ല അവര്‍ അഭിമുഖീകരിക്കുന്നത്. ജനസമ്മതിയുള്ള ഒരാളെ സ്ഥാനാര്‍ഥിയാക്കി നിര്‍ത്തി കോണ്‍ഗ്രസിനെ നിലംപരിചാക്കുക എന്നതു മാത്രമാണ് അവരുടെ ലക്ഷ്യം. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പി മുദ്രാവാക്യത്തിന്റെ നാടന്‍ പതിപ്പായ കോണ്‍ഗ്രസ് മുക്ത കേരളം തന്നെയാണിത്. ഇരുകൂട്ടരുടെയും ലക്ഷ്യമൊന്ന്, കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുക! കുറേക്കൂടി ആഴത്തില്‍ ചിന്തിച്ചാല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെ നിരാകരിക്കുക; ഇപ്പോഴത്തെ ഇന്ത്യന്‍ അവസ്ഥയില്‍ ഇങ്ങനെയൊരു നയം കൈക്കൊള്ളുന്നതിന്റെ അപകടങ്ങള്‍ കാണാതിരുന്നു കൂടാ.
ഒരേസമയം കോണ്‍ഗ്രസിനെ അംഗീകരിക്കുകയും അതിശക്തമായി അതിനെ നിരാകരിക്കുകയും ചെയ്യുന്നതിന്റെ ആശയക്കുഴപ്പത്തില്‍ നിന്നും അന്തസംഘര്‍ഷങ്ങളില്‍ നിന്നും ഇടതുപക്ഷത്തിന് അത്ര എളുപ്പത്തില്‍ വിമുക്തമാവാന്‍ കഴിയുമെന്ന് തോന്നുന്നില്ല. സമ്മതിദായകരെ ഇക്കാര്യം പറഞ്ഞു ബോധ്യപ്പെടുത്തുക പ്രായോഗിക രാഷ്ട്രീയത്തില്‍ വളരെ പ്രയാസകരമായ സംഗതിയാണ്. അതിലേറെ പ്രയാസകരമാണ് അതിലടങ്ങിയിട്ടുള്ള വൈരുധ്യങ്ങളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മറികടക്കുവാന്‍ കഴിയുക എന്നത്. ഉദാഹരണത്തിന് തിരുവനന്തപുരം പാര്‍ലമെന്ററി നിയോജക മണ്ഡലത്തില്‍ കുമ്മനം രാജശേഖരനാണ് ബി.ജെ.പി സ്ഥാനാര്‍ഥിയെങ്കില്‍ അദ്ദേഹത്തെ തോല്‍പ്പിച്ച് ശശി തരൂരിനെ വിജയിപ്പിക്കുക എന്നതാണ് ഒരു മതേതരവാദിയുടെ ബാധ്യത. ആ നിലയ്ക്ക് ചിന്തിക്കുമ്പോള്‍ ശശി തരൂരിനെതിരായി വീഴുന്ന ഓരോ വോട്ടും ബി.ജെ.പിയുടെ സാധ്യത വര്‍ധിപ്പിക്കുകയേയുള്ളൂ. മതേതരത്വവും ഫാസിസവും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ് അവിടെ നടക്കുന്നത്. ഈ പോരാട്ടത്തില്‍ സി. ദിവാകരന്റെ സ്ഥാനാര്‍ഥിത്വത്തിന് എന്തു പ്രസക്തി? ഇടതുപക്ഷ വീക്ഷണവും ജനാധിപത്യബോധവുമുള്ള ഒരാളെ ധര്‍മസങ്കടത്തിലകപ്പെടുത്തുക മാത്രമേ ചെയ്യുന്നുള്ളൂ സി. ദിവാകരന്‍. ഈ ധര്‍മസങ്കടത്തെ മറികടക്കാന്‍ സ്വാഭാവികമായും ഇടതുപക്ഷ രാഷ്ട്രീയം ചെയ്യുക ശശി തരൂരിനെയും കോണ്‍ഗ്രസിനെയും കറുത്ത ചായത്തില്‍ വരയ്ക്കുക മാത്രമായിരിക്കും. അദ്ദേഹത്തെ നിരാകരിക്കുന്നതിന് കാരണവും യുക്തിയും വേണമല്ലോ. ഇതാണ് എല്ലാ മണ്ഡലത്തിലും ഇടതുപക്ഷം ചെയ്യേണ്ടി വരിക.
കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്ന മതേതരബദലിനെ, പ്രതിലോമരാഷ്ട്രീയത്തിന്റെ പ്രായോഗിക രാഷ്ട്രീയമായി ചിത്രീകരിക്കാന്‍ ഇടതുപക്ഷ നേതാക്കളും പ്രവര്‍ത്തകരും നിര്‍ബന്ധിതരാവും. കോടിയേരിയുടെയും പിണറായിയുടെയും കാനത്തിന്റെയും മറ്റു ഇടതുനേതാക്കളുടെയുമെല്ലാം കോണ്‍ഗ്രസ് വിരുദ്ധ പ്രസംഗങ്ങളും എഴുത്തുകളും പരോക്ഷമായി ബി.ജെ.പിയ്ക്കാണ് ഗുണം ചെയ്യുന്നത്. കോണ്‍ഗ്രസ് മോശമാണെന്ന് പറയുന്തോറും, അല്ലെങ്കില്‍ ഇരുകൂട്ടരും ഒരേപോലെ എതിര്‍ക്കപ്പെടേണ്ടവരാണെന്ന് വാദിക്കുന്തോറും ബി.ജെ.പിയ്ക്ക് സാധാരണക്കാരില്‍ സ്വീകാര്യത വര്‍ധിക്കുകയേയുള്ളൂ. ബി.ജെ.പിയ്‌ക്കെതിരായുള്ള പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് തങ്ങള്‍ എന്നവകാശപ്പെടുന്ന ഇടതുപക്ഷം ഇതിലടങ്ങിയിട്ടുള്ള അപകടം തിരിച്ചറിയുന്നേയില്ല.
വിന്നബിലിറ്റിയിലേക്ക്
ചുരുക്കുമ്പോള്‍
ഹൈന്ദവ ഫാസിസത്തിനെതിരായുള്ള മതേതര ശക്തികളുടെ പോരാട്ടം എന്ന നിലയിലാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള പ്രസക്തി. ഈ പോരാട്ടത്തില്‍ നരേന്ദ്രമോദിക്കെതിരായി ഉയരേണ്ട കൈകളാണ് കേരളത്തില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥികളുടേത്. അതായത് അവര്‍ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകങ്ങളാണ്. അവരെ എതിര്‍ക്കാന്‍ ജനസമ്മതിയുള്ള സ്ഥാനാര്‍ഥി എന്ന തുരുപ്പ് ചീട്ടിറക്കി കളിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ ഇടതുപക്ഷം ചെയ്യുന്നത്, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രസക്തിയെ പ്രാദേശിക വികസനം, സാമുദായിക പിന്തുണ തുടങ്ങിയ താരതമ്യേന അപ്രധാനമായ വിഷയങ്ങളിലേക്ക് ചുരുക്കുകയാണ്. കോഴിക്കോട്ട് എ. പ്രദീപ്കുമാറിന് അദ്ദേഹം ചെയ്ത വികസന പ്രവൃത്തികളുടെ പേരില്‍ വോട്ട്‌ചെയ്യണോ പത്തനംതിട്ടയില്‍ വീണാ ജോര്‍ജിനെ മതസാമുദായിക പരിഗണനയുടെ പേരില്‍ പിന്തുണയ്ക്കണോ എന്നതിലല്ല യഥാര്‍ഥ വിഷയം. മറിച്ചു നരേന്ദ്രമോദി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ തോല്‍പ്പിക്കണോ എന്നതാണ്. നിര്‍ഭാഗ്യവശാല്‍ ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ നിശ്ചയമായും ഉയര്‍ന്നുവരേണ്ട ഫാസിസ്റ്റ് വിരുദ്ധ ചിന്തയെ പ്രാദേശികതയിലേക്കും സാമുദായികതയിലേക്കും മറ്റും ചുരുക്കിക്കളയാന്‍ നിര്‍ബന്ധിതമായി. ഇതു വലിയ പ്രതിസന്ധിയാണ് ഇടതുപക്ഷത്തിന് ഉണ്ടാക്കിയിട്ടുള്ളത്. പ്രായോഗിക തലത്തിന് അതുളവാക്കുന്ന ഫലം ഹൈന്ദവ ഫാസിസം നമ്മുടെ ആലോചനകളില്‍ പുറകോട്ട് മാറ്റപ്പെടുന്നു എന്നതാണ്. മറ്റേതു തെരഞ്ഞെടുപ്പുംപോലെ സ്ഥാനാര്‍ഥിയുടെ ജനസമ്മതിയ്ക്ക് ഊന്നല്‍ കിട്ടുകയാണ്. ജയസാധ്യത, വിന്നബിലിറ്റി എന്നെല്ലാം പറയുമ്പോള്‍ തെരഞ്ഞെടുപ്പിന്റെ മര്‍മം അവഗണിക്കപ്പെടുകയും മറ്റു വിഷയങ്ങള്‍ മേല്‍ക്കൈ നേടുകയുമാണ് ചെയ്യുന്നത്. ബി.ജെ.പിയെപ്പോലെ തന്നെ കോണ്‍ഗ്രസും തോല്‍പ്പിക്കപ്പെടേണ്ടവരാണ് എന്ന സന്ദേശമാണ് പ്രസരിപ്പിക്കപ്പെടുക. സൂക്ഷ്മതലത്തില്‍ എത്രയൊക്കെ ബി.ജെ.പി വിരോധം പറഞ്ഞാലും, ഇത് ഹൈന്ദവ ഫാസിസത്തിനു ഗുണമാണുണ്ടാക്കുക. ഈ വിഷമാവസ്ഥ ഭാവിയില്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെ നിലനില്‍പ്പിനു തന്നെ അപകടം ചെയ്യും.
പി.വി അന്‍വറിനെപ്പോലെയുള്ള ആളുകളെ സ്ഥാനാര്‍ഥികളാക്കുന്നിടത്ത് , ഇടതുപക്ഷത്തിന്റെ ഈ പരാധീനത കൂടുതല്‍ പ്രകടമാവുന്നു. ഒരു നിലയ്ക്കും പി.വി അന്‍വര്‍ ഇടതുപക്ഷ മൂല്യങ്ങളുടെ പ്രതിനിധാനമല്ല; വികസനത്തെക്കുറിച്ചും പാരിസ്ഥിതിക ബോധത്തെക്കുറിച്ചുമെല്ലാം തികഞ്ഞ പ്രതിലോമകാഴ്ചപ്പാട് വച്ചു പുലര്‍ത്തുന്ന ഒരുതരം അധമരാഷ്ട്രീയത്തിന്റെ വക്താവാണ് അദ്ദേഹം. പി.വി അന്‍വറുമായി കേരളത്തിലെ സി.പി.എം പണ്ടേതന്നെ ചങ്ങാത്തത്തിലാണ് എന്നതിന്റെ തെളിവാണ്, മുമ്പൊരിക്കല്‍ കേരള നിയമസഭയിലേക്ക് ഏറനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് റിബലായി മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന് പാര്‍ട്ടിക്കാര്‍ നല്‍കിയ പിന്തുണ. ഇടതുപക്ഷത്തിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായിരുന്ന സി.പി.ഐ പ്രതിനിധി കെട്ടിവച്ച തുക കിട്ടാതെ അതിദയനീയമായി തോറ്റുപോയി. അന്‍വറിന്റെ പണക്കൊഴുപ്പിനും ജനവിരുദ്ധ രാഷ്ട്രീയനയങ്ങള്‍ക്കും സി.പി.എം നല്‍കിയ പിന്തുണയാണ് അതില്‍നിന്ന് വ്യക്തമാവുന്നത്. ഈ പിന്തുണയാണ് ഒടുവില്‍ അദ്ദേഹത്തെ നിലമ്പൂരില്‍ എം.എല്‍.എ ആക്കിയതിനും ഇപ്പോള്‍ പൊന്നാനിയിലേക്ക് എഴുന്നള്ളിക്കുന്നതിനും പിന്നിലെ ഒരേയൊരു ഘടകം. അടുത്ത കാലത്ത് മുസ്‌ലിംലീഗിനെ തോല്‍പ്പിക്കാന്‍ ഇടതുപക്ഷം വിശേഷിച്ചും സി.പി.എം പുരോഗമന മൂല്യങ്ങളെ കൈയൊഴിച്ച് പണക്കൊഴുപ്പിനെ എപ്രകാരം ആശ്രയിക്കുന്നു എന്നതിന് മലബാറില്‍നിന്ന് നിരവധി ഉദാഹരണങ്ങള്‍ എടുത്തു കാണിക്കാന്‍ കഴിയും. അന്‍വറിനെപ്പോലെയുള്ളവരുടെ സ്ഥാനാര്‍ഥിത്വങ്ങള്‍ വഴി, ഈ തെരഞ്ഞെടുപ്പില്‍ സ്വാഭാവികമായും ഉയര്‍ന്നുവരേണ്ട ഫാസിസ്റ്റ് വിരുദ്ധ ആശയങ്ങള്‍ വിസ്മരിക്കപ്പെടും. ആലപ്പുഴയില്‍ എ.എം ആരിഫ് വന്നപ്പോള്‍ കെ.സി വേണുഗോപാല്‍ പിന്മാറി എന്ന് മേനി നടിക്കുന്നവര്‍ മര്‍മപ്രധാനമായ ഒരു തെരഞ്ഞെടുപ്പിനെ ഇമ്മട്ടില്‍ പ്രാദേശിക സമ്മര്‍ദങ്ങളിലേക്ക് ചുരുക്കുന്നതിന്റെ ഭാവിയിലെ വിപദ്‌സാധ്യതകള്‍ കാണുന്നില്ലെന്നതാണ് സത്യം.
അടവുനയങ്ങളുടെ
അപകടങ്ങള്‍
പ്രായോഗികതലത്തില്‍ ഇപ്പോഴത്തെ 'അടവുനയങ്ങള്‍' കേരളത്തില്‍ ഇടതുപക്ഷത്തിന് കുറച്ചൊക്കെ ഗുണം ചെയ്തുകൂടായ്കയില്ല. വിശേഷിച്ചും ഗ്രൂപ്പ് വൈരങ്ങള്‍ കൊണ്ടും ഉള്‍പ്പാര്‍ട്ടിത്തര്‍ക്കങ്ങള്‍കൊണ്ടും അധികാരക്കൊതികൊണ്ടും സ്ഥാനാര്‍ഥി നിര്‍ണയംപോലും പൂര്‍ത്തീകരിക്കാനാവാതെ യു.ഡി.എഫ് ഉപ്പുവച്ച കലംപോലെ ജീര്‍ണിച്ചു കിടക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയെ പടിക്കു പുറത്തു നിര്‍ത്തുക എന്ന മുഖ്യദൗത്യത്തെക്കുറിച്ചല്ല ഉല്‍കണ്ഠപ്പെടുന്നത്, മറിച്ച് സ്വന്തം ഗ്രൂപ്പിന് സ്ഥാനാര്‍ഥിത്വം തരപ്പെടുത്തിയെടുക്കുന്നതിനെ ചൊല്ലിയാണ്. സ്വയം സ്ഥാനാര്‍ഥിയാവണം എന്ന് നിനച്ചാണ്. കേരള കോണ്‍ഗ്രസ് ഏതാണ്ട് പിളര്‍ന്നു കഴിഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് എപ്രകാരമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലും ഇന്ത്യയുടെ ചരിത്രത്തിലും പ്രസക്തമാവുന്നത് എന്ന് ഒട്ടും ചിന്തിക്കാതെ കോണ്‍ഗ്രസും സഖ്യകക്ഷികളും പതറി നില്‍ക്കുമ്പോള്‍ എന്തും സംഭവിക്കാമെന്നേ പറഞ്ഞുകൂടൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."