ജില്ലയിലെ പൊലിസ്‌സേന അത്ര 'നീറ്റല്ല'
കല്‍പ്പറ്റ: ലൈംഗിക ആരോപണ കേസില്‍ വിചാരണ നേരിടുന്ന പൊലിസുകാരന് വനിതാ ഐ.പിയിലെ ഡ്രൈവറായി സ്ഥലം മാറ്റം നല്‍കിയതും പൊലിസിന്റെ വാട്‌സ്ആപ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ച പൊലിസുകാരനെതിരേ നടപടിയെടുക്കാത്തതും സേനക്കുള്ളില്‍ തന്നെ ആക്ഷേപത്തിനിടയാക്കുന്നു.
പൊലിസ് ഉദ്യോഗസ്ഥര്‍ക്കിടിയില്‍ തന്നെ മുറുമുറുപ്പ് ഉണ്ടാക്കിയിരിക്കുകയാണ് എസ്.പിയുടെ ഈ നടപടികള്‍. എസ്.പി ഇറക്കിയ ജി.ഒ 3292018 ഡബ്ല്യു ഉത്തരവിലാണ് വിവാദ വ്യക്തിയുടെ സ്ഥലം മാറ്റവും ഉള്‍പ്പെട്ടിരിക്കുന്നത്. മൂന്നുവര്‍ഷം മുന്‍പ് സുല്‍ത്താന്‍ ബത്തേരി സ്റ്റേഷനിലെ ഡ്രൈവര്‍ ഹെഡ് കോണ്‍സ്റ്റബിളായിരിക്കെ ലൈംഗിക ആരോപണം നേരിട്ട ഈ പൊലിസുകാരനെതിരേ അന്നുതന്നെ കേസ് ഫയല്‍ ചെയ്തിരുന്നു.
ഇപ്പോള്‍ കേസിന്റെ വിചാരണ കല്‍പ്പറ്റ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ നടന്നു കൊണ്ടിരിക്കുകയുമാണ്. ഇത്തരത്തില്‍ ഒരാളെയാണ് ജില്ലയിലെ ഏക വനിതാ സെല്ലിന്റെ ഡ്രൈവറായി നിയമിച്ചിരിക്കുന്നത്. ഇത് പൊലിസ് സേനക്കിടയില്‍ തന്നെ മുറുമുറുപ്പുണ്ടാക്കുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള പരാതികള്‍ക്ക് മേല്‍ നടപടിയെടുക്കേണ്ട വനിതാ സെല്ലില്‍ ഇത്തരത്തിലുള്ള ഒരാളെ ഡ്രൈവറായി നിയമിക്കുന്നത് സേനക്ക് തന്നെ അപമാനമാകുമെന്നാണ് പൊലിസ് സേനയില്‍ നിന്നുള്ള അടക്കം പറച്ചില്‍.
ഇത്തരക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൊലിസ് സേനക്കാകെ മാനക്കേടുണ്ടാക്കുമ്പോഴാണ് ഇവരെ ഇത്തരത്തിലുള്ള തസ്തികകളില്‍ നിയമിച്ച് ജില്ലാ പൊലിസ് മേധാവി പൊല്ലാപ്പ് പിടിക്കുന്നത്. ഇത് വരും ദിവസങ്ങളില്‍ സേനക്കുള്ളിലെ വന്‍വിവാദങ്ങള്‍ക്ക് വഴിമരുന്നിടുമെന്നാണ് സേനക്കുള്ളില്‍ നിന്ന് തന്നെ ലഭിക്കുന്ന സൂചനകള്‍.
അതുപോലെ എ.ആര്‍ ക്യാംപില്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥരടക്കമുള്ള ഔദ്യോഗിക വാട്‌സ്ആപ് ഗ്രൂപ്പില്‍ അശ്ലില സന്ദേശങ്ങള്‍ അയച്ച പൊലിസുകാരനെതിരേ നടപടിയെടുക്കാത്തതും ആക്ഷേപങ്ങള്‍ ക്ഷണിച്ച് വരുത്തുന്നുണ്ട്. എ.ആര്‍ ക്യാംപ് അസിസ്റ്റന്റ് കമാന്‍ഡന്റ് അടക്കമുള്ള ഗ്രൂപ്പിലാണ് ഇയാള്‍ അശ്ലീല വീഡിയോകള്‍ അയച്ചത്. ഇയാള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലിസ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഇതും സേനക്കുള്ളില്‍ മുറുമുറുപ്പിന് കാരണമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."