സര്‍ക്കാരിന് മൂന്ന് വര്‍ഷത്തെ വരുമാന നഷ്ടം
#അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം സംസ്ഥാനത്തെ നഗരസഭകളിലേയും കോര്‍പറേഷനുകളിലേയും വസ്തു നികുതി പരിഷ്‌കരണം നടപ്പാക്കാനായില്ല.
ഇതോടെ സര്‍ക്കാരിനുണ്ടായത് മൂന്ന് വര്‍ഷത്തെ വരുമാന നഷ്ടം. നഗരസഭകളിലും കോര്‍പറേഷനുകളിലും 2013 ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നികുതി പരിഷ്‌കരണം നടപ്പാക്കാനായിരുന്നു നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ കാണിച്ച വീഴ്ച മൂലം 65 നഗരസഭകളിലും അഞ്ച് കോര്‍പറേഷനുകളും ഇത് നടപ്പിലാക്കിയില്ല.സംസ്ഥാനത്തെ 22 നഗരസഭകളും, ഒരു കോര്‍പറേഷനും മാത്രമാണ് സമയത്തിന് ഡാറ്റാഎന്‍ട്രി പൂര്‍ത്തിയാക്കി നികുതി ഈടാക്കിയത്.
കെട്ടിടങ്ങള്‍ക്ക് തറ വിസ്തീര്‍ണം കണക്കാക്കി വസ്തു നികുതി പരിഷ്‌കരണം 2013 ഏപ്രില്‍ മുതല്‍ ഈടാക്കാനായിരുന്നു തീരുമാനം. ഡാറ്റാ എന്‍ട്രി ചെയ്യാത്തതിനാല്‍ ഓരോ വര്‍ഷവും വലിയ തുകയാണ് കെട്ടിട നികുതിയായി ഗുണഭോക്താക്കള്‍ നല്‍കേണ്ടി വന്നിരുന്നത്. നികുതി വര്‍ധന പൊതുജനത്തിന് ദുരിതവുമായി. ഇതോടെയാണ് 2016 ഏപ്രില്‍ ഒന്നുമുതല്‍ നികുകി സ്വീകരിച്ചാല്‍ മതിയെന്ന് തീരുമാനിച്ചത്.
ഇതോടൊപ്പം 2013 മുതല്‍ വര്‍ധിപ്പിച്ച നികുതി നല്‍കിയവരുടെ തുക 2016 വരെ വരും വര്‍ഷങ്ങളിലെ ഇളവ് നല്‍കാനും തീരുമാനിച്ചു. ഇതോടെ സര്‍ക്കാരിനുണ്ടാകുന്നത് ലക്ഷങ്ങളുടെ വരുമാന നഷ്ടമാണ്.
വസ്തു നികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി വരുന്ന വസ്തു നികുതി, സേവന ഉപനികുതി,സര്‍ചാര്‍ജ്,ലൈബ്രറി സെസ് തുടങ്ങിയവയുടെ കുടിശ്ശിക ഒന്നായോ മാര്‍ച്ച് മുതല്‍ 10 മാസത്തിനുളളില്‍ തുല്യ ഗഡുക്കളായോ അടയ്ക്കുന്നവര്‍ക്ക് പിഴ ഒഴിവാക്കി നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ അടവ് തെറ്റിയാല്‍ പിഴ ഈാടക്കും. സഞ്ചയ സോഫ്റ്റ് വെയറില്‍ ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തുവരികയാണ്.
മുഴുവന്‍ നഗരസഭകളും ഡാറ്റാ എന്‍ട്രി സെപ്തംബറിനകം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഡാറ്റാ എന്‍ട്രി ചെയ്യുന്നതില്‍ സോഫ്റ്റ് വെയര്‍ പ്രശ്‌നങ്ങളാണ് നികുതി പരിഷ്‌കരണം നടപ്പിലാക്കാന്‍ കഴിയാത്തതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."