കാരാട്ടിലേത് ഏറ്റവും വലിയ പുഴ കൈയേറ്റം: ടി. സിദ്ദീഖ്
വടകര: കേരളം കണ്ടതില്‍വച്ച് ഏറ്റവും വലിയ പുഴ കൈയേറ്റമാണ് വടകര കാരാട്ടില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടത്തിയതെന്ന് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്. വടകരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മുകാരനായ വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തിലാണ് കൈയേറ്റം നടന്നിരിക്കുന്നത്. നൂറുകണക്കിന് ലോഡ് മണ്ണും വെയിസ്റ്റുമിട്ട് പുഴയും പുഴയോരവും നികത്തിയിരിക്കുകയാണ്. കണ്ടല്‍ കാടുകള്‍ ഉള്‍പ്പെടെ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം റവന്യൂ വകുപ്പും പൊലിസും നഗരസഭയും കുറ്റകരമായ അനാസ്ഥയാണ് വിഷയത്തില്‍ കാണിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പുഴ നികത്തിയ സ്ഥലത്തുനിന്ന് പിടിച്ചെടുത്ത വാഹനങ്ങളും മറ്റ് ഉപകരണങ്ങളും കേസെടുക്കാതെ വിട്ടുനല്‍കിയ പൊലിസുകാര്‍ക്കെതിരേ നടപടി വേണം. ജെ.സി.ബി, ടിപ്പര്‍ ലോറി, പണിയുപകരണങ്ങള്‍ എന്നിവ പൊലിസ് കസ്റ്റഡിയിലെടുത്തെങ്കിലും ഉന്നത പൊലിസ് ഇടപെടലിനെ തുടര്‍ന്ന് വിട്ടുനല്‍കുകയായിരുന്നു. നഗരസഭ, പൊലിസ്, റവന്യൂ വകുപ്പ് എന്നിവര്‍ കൈയേറ്റത്തിന് ചൂട്ടുപിടിച്ചിട്ടുണ്ട്. നികത്തിയ മണ്ണ് നീക്കം ചെയ്ത് പുഴയോരം പൂര്‍വസ്ഥിതിയിലാക്കണം.
എന്നാല്‍ സംഭവത്തെ ന്യായീകരിച്ച് സി.പി.എമ്മുകാരനായ വാര്‍ഡ് കൗണ്‍സിലര്‍ രംഗത്തുവന്നത് കൈയേറ്റത്തില്‍ അവരുടെ പങ്കാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുറംപോക്കില്‍ നിയമം ലംഘിച്ച് ദൃശ്യകലാ സമിതിയുടെ പേരില്‍ കെട്ടിടവും നിര്‍മിച്ചിട്ടുണ്ട്. കൈയേറ്റത്തെ കുറിച്ച് സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും ടി. സിദ്ദീഖ് ആവശ്യപ്പെട്ടു.
കാരാട്ട് പുഴയില്‍ നടന്ന കൈയേറ്റത്തിനെതിരേ 'പുഴ ജീവദായിനി, അതിനെ കൊല്ലരുത്' എന്ന പ്രമേയത്തില്‍ 21ന് വെള്ളിയാഴ്ച 10ന് ജലഹസ്തവും നദീ സംരക്ഷണ പ്രതിജ്ഞയും സംഘടിപ്പിക്കും.
കൈയേറ്റം നടന്ന പ്രദേശത്തു നടക്കുന്ന പരിപാടി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. ഇ. നാരായണന്‍ നായര്‍, പുറന്തോടത്ത് സുകുമാരന്‍, ശശിധരന്‍ കരിമ്പനപ്പാലം, ബാബു ഒഞ്ചിയം, ടി. കേളു, കളത്തില്‍ പീതാംബരന്‍, ടി.വി സുധീര്‍കുമാര്‍, രാധാകൃഷ്ണന്‍ കാവില്‍, കെ.പി കരുണന്‍, സുനില്‍ മടപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."