ബി.എഡ് പ്രവേശനത്തിന് സീറ്റില്ല
ബാലുശ്ശേരി : 2018-20 വര്‍ഷത്തെ ബി.എഡ് കോഴ്‌സിനുള്ള പ്രവേശന നടപടികള്‍ ഇന്നലെ അവസാനിച്ചിരിക്കെ നിരവധി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം കിട്ടിയില്ല.
മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ വന്‍ തിരക്കാണ് ഇത്തവണ ബി.എഡ് പ്രവേശനത്തിന് അനുഭവപ്പെട്ടത്. ഏകജാലക സംവിധാനത്തിലൂടെയാണ് സര്‍വകലാശാല അപേക്ഷ ക്ഷണിച്ചത്.ഓരോ സെന്ററുകളിലേക്കും അപേക്ഷിച്ച വിദ്യാര്‍ഥികളുടെ ലിസ്റ്റ് അവരുടെ ഇന്‍ഡക്‌സ് മാര്‍ക്കും റാങ്കും ചേര്‍ത്ത് സര്‍വകലാശാല അതത് സെന്ററുകള്‍ക്ക് നല്‍കി. അതില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഇത് കുറ്റമറ്റതാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടെയും പരാതി.
2 7 ന് ഓപ്പണ്‍ മെറിറ്റ് സീറ്റുകളിലും 29 ന് റിസര്‍വേഷന്‍ സീറ്റുകളിലേക്കുമാണ് പ്രവേശനം നല്‍കിയത്. ഇതിന് രാവിലെ പതിനൊന്നിന് മുമ്പായി ഓപ്ഷന്‍ നല്‍കിയ സെന്ററുകളില്‍ വിദ്യാര്‍ഥിയോ അവര്‍ ചുമതലപ്പെടുത്തിയ വ്യക്തിയോ എത്തിച്ചേരണമെന്ന നിര്‍ദ്ദേശം വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും വെട്ടിലാക്കി. അഞ്ചിലധികം സെന്ററുകളില്‍ എല്ലാ വിദ്യാര്‍ഥികളും ഓപ്ഷന്‍ നല്‍കിയിരുന്നു. ഇത്രയും സെന്ററുകളില്‍ പ്രതിനിധികളെ എത്തിക്കാന്‍ മിക്കവര്‍ക്കും കഴിഞ്ഞില്ല.
റിസര്‍വേഷന്‍ ക്വാട്ടയിലേക്കും ഇതേ രീതിയാണ് അവലംബിച്ചത്. ഇതിനാല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് പ്രവേശനം ലഭിച്ചില്ലെന്ന പരാതി രക്ഷിതാക്കളുടെ ഭാഗത്തുനിന്നും ഉയര്‍ന്നു. തിരക്ക് മുതലെടുത്ത് ഉള്‍നാടന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്ഥാപനം മാനജ്‌മെന്റ് ക്വാട്ടയിലേക്കുള്ള പ്രവേശനത്തിന് ഒന്നേകാല്‍ ലക്ഷം രൂപ തലവരിപ്പണം ആവശ്യപ്പെട്ടതായി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു.
2019 മുതല്‍ ബി.എഡ് കോഴ്‌സ് നിര്‍ത്തലാക്കി ഡിഗ്രിപഠനത്തിന്റെ തുടര്‍ച്ചയായി സെന്‍ട്രലൈസ്ഡ് സംവിധാനമാക്കുകയാണെന്ന പ്രചാരണമാണ് ഇത്തവണ തിരക്ക് ഉണ്ടാവാനിടയാക്കിയതെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. കോഴ്‌സ് രണ്ട് വര്‍ഷമാക്കിയതോടെ എന്‍.സി.ടി.ഇ പ്രവേശനം പകുതിയാക്കി ചുരുക്കിയതും തിരക്കിന് കാരണമായി. പി.ജി കോഴ്‌സിന് അപേക്ഷിക്കാനുള്ള തിയതിയും അവസാനിച്ചതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടപ്പെടുമെന്ന സ്ഥിതിയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."