അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാറിന്റെ പൂട്ട്
കോഴിക്കോട്: അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്ക് പൂട്ടിടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് സര്‍ക്കാര്‍ സംവിധാനമായ അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന അംഗീകരമില്ലാത്ത ഓണ്‍ലൈന്‍ സെന്ററുകള്ക്കെതിരേയാണ് നടപടി. സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളില്‍ സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നവര്ക്കെതിരേയാണ് ഇപ്പോള്‍ ഐ.ടി മിഷന്റെ നിര്‍ദേശ പ്രകാരം നടപടി വരുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ ഇ ഡിസ്ട്രിക്ട് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതായും അമിത ഫീസ് ഈടാക്കുന്നതായും പരാതിയും ഉയരുന്നുണ്ട്.
ഒരാളുടെ ആധാര്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത ഓപണ്‍ പോര്‍ട്ടല്‍ മുഖേനെ ഒരു വ്യക്തിക്ക് 20 അപേക്ഷകള്‍ വരെ നിലവില്‍ സമര്‍പ്പിക്കാം. എന്നാല്‍ ഇതു അഞ്ച് അപേക്ഷയായി ചുരുക്കിയിരിക്കുകയാണ്. അതിനാല്‍ അംഗീകാരമില്ലാത്ത സെന്ററുകള്‍ക്ക് കൂടുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഓപണ്‍ പോര്‍ട്ടലില്‍ കൂടുതല്‍ രജിസ്ട്രേഷന് നടത്തേണ്ടിവരും. ഓപണ്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഒ.ടി.പി സംവിധാനം നിര്‍ബന്ധമാക്കിയാല്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ അപേക്ഷകള്‍ നല്‍കുന്നതിന് പരിമിതിയുണ്ടാവും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന അനുമതി നല്‍കരുതെന്നും നടപടി സ്വീകരിക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കാനായി സെപ്റ്റംബര്‍ 30 നകം ഫൈബര്‍ ടു ഹോം കണക്റ്റിവിറ്റിയിലേക്കു മാറാനും പദ്ധതിയുണ്ട്. എന്നാല്‍ സൗജന്യമായി നല്‍കേണ്ട ആധാര്‍ കാര്‍ഡ് സേവനത്തിന് 100 രുപ വരെ വാങ്ങുന്ന അക്ഷയ കേന്ദ്രങ്ങളുണ്ടെന്ന പരാതിയും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."