നിപാ പോരാളികള്‍ക്ക് സ്‌നേഹാദരം
കോഴിക്കോട്: നിപാ വൈറസ് ബാധയെ പിടിച്ചുകെട്ടാന്‍ മരണമുഖത്തു നിന്ന് പോരാടിയവര്‍ക്ക് കോഴിക്കോടിന്റെ സ്‌നേഹാദരം. ആരോഗ്യവകുപ്പ് മന്ത്രി മുതല്‍ ശുചീകരണ തൊഴിലാളികളെ വരെയുള്ളവരെയാണു ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശംസാപത്രം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരിച്ചത്.
നിപാ വൈറസിനെതിരേ സംസ്ഥാനത്തു ശക്തമായ പ്രതിരോധം സൃഷ്ടിക്കാനായതിനെ ലോകാരോഗ്യസംഘടന വരെ പ്രശംസിച്ചതു വലിയ നേട്ടമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏതു സാഹചര്യത്തെയും നേരിടാന്‍ സംസ്ഥാനത്തെ ആരോഗ്യവകുപ്പ് സജ്ജമാണെന്ന് സ്ഥിരീകരിക്കുന്നതിനുള്ള അവസരമായും നിപാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാറിയിരിക്കുകയാണ്. 16 വിലപ്പെട്ട മനുഷ്യജീവനുകള്‍ അകാലത്തില്‍ പൊലിഞ്ഞതിന് എന്തു നഷ്ടപരിഹാരം നല്‍കിയാലും നികത്താനാകുന്നതല്ല. മലേഷ്യയിലും ബംഗ്ലാദേശിലും നിപാ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ നിരവധി പേര്‍ക്കാണു ജീവന്‍ നഷ്ടപ്പെട്ടത്. ഇതെല്ലാം കണ്ടറിഞ്ഞ് വെല്ലിവിളി നിറഞ്ഞ സാഹചര്യത്തെ കൂട്ടായ്മയിലൂടെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം നടത്തിയതാണ് കേരളത്തിനു നേട്ടമായതെന്നു മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യരംഗത്തു കേരളം വികസിത രാജ്യങ്ങളോടൊപ്പം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. കൂടിയ ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക്, പ്രസവത്തിനിടെയുള്ള മരണനിരക്കിലെ കുറവ്, പ്രാഥമിക ചികിത്സാ സംവിധാനം, സൗജന്യമായും കുറഞ്ഞ നിരക്കിലും അവശ്യമരുന്നുകളുടെ ലഭ്യത എന്നിവയെല്ലാം കേരളത്തിന്റെ നേട്ടങ്ങളാണ്. എന്നാല്‍ ഇത്തവണ അതില്‍ നിന്ന് വ്യത്യസ്തമായി മാരകമായി പടരുമായിരുന്ന വൈറസ് ബാധയെ പ്രാഥമിക ഘട്ടത്തില്‍ കീഴ്‌പ്പെടുത്തിയാണ് ശ്രദ്ധേയമായത്. സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ മുന്‍പൊരിക്കലും കണ്ടില്ലാത്ത നിപാ വൈറസിനെതിരേ ശക്തമായ പ്രതിരോധം സൃഷ്ടിക്കാന്‍ കഴിഞ്ഞു.
ഇതു നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ച് വലിയ നേട്ടമാണെന്നതില്‍ തര്‍ക്കമില്ല. ഏത് അടിയന്തര ഘട്ടവും നേരിടാന്‍ നമ്മുടെ ആരോഗ്യരംഗം സജ്ജമാണെന്നതിന്റെ സ്ഥിരീകരണമാണിത്. നിപായെ നേരിടുന്നതിനു പ്രയത്‌നിച്ചവരെ ആദരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രിമാരായ കെ.കെ ശൈലജ, ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, അഡിഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ആരോഗ്യവകുപ്പ് ഡയറക്റ്റര്‍ ഡോ. ആര്‍.എല്‍ സരിത, ജില്ലാ കലക്ടര്‍ യു.വി ജോസ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ, രക്തസാക്ഷ്യം വഹിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജേന്ദ്രന്‍, സൂപ്രണ്ട് ഡോ. സജിത്ത് കുമാര്‍, ഡോ. അനൂപ്കുമാര്‍, ഡോ. അരുണ്‍കുമാര്‍ ഉള്‍പ്പെടെയുള്ള 275 പേരെയാണ് അനുമോദനപത്രം നല്‍കി ആദരിച്ചത്.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. എം.പിമാരായ എം.കെ രാഘവന്‍, എം.ഐ ഷാനവാസ്, എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, ഡോ. എം.കെ മുനീര്‍, പുരുഷന്‍ കടലുണ്ടി, സി.കെ നാണു, പാറക്കല്‍ അബ്ദുല്ല, ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, മനയത്ത് ചന്ദ്രന്‍, ടി.പി ജയചന്ദ്രന്‍ മാസ്റ്റര്‍, പി. ശങ്കരന്‍ തുടങ്ങിയ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി സ്വാഗതവും ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."