HOME
DETAILS
MAL
അമേരിക്കയില്‍ അടച്ചിരുന്ന കാലത്തെ അനുഭവങ്ങള്‍
backup
June 07 2020 | 04:06 AM
പ്രൊജക്റ്റ് തീര്‍ന്നതോടെ മാര്‍ച്ച് ഒന്നു മുതല്‍ തന്നെ അനൗദ്യോഗികമായി അടച്ചിരിക്കലിലായിരുന്നു.പിന്നെ ഒരു വെള്ളിയാഴ്ച്ച പള്ളിയില്‍ പോയതൊഴിച്ചാല്‍ മുഴുസമയവും മൂന്നു മുറി വീട്ടില്‍ ഒറ്റക്കായിരുന്നു.
ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നിരുന്നു. ഇവിടത്തെ ഔദ്യോഗിക അടച്ചിരിക്കല്‍ പ്രഖ്യാപനത്തിന് പിന്നെയും സമയമെടുത്തു. ആരാധനാലയങ്ങള്‍ ആദ്യവും പിന്നീട് വിദ്യാലയങ്ങളും ലൈബ്രറികളുമൊക്കെയാണ് അടച്ചിട്ടത്. കടകളും സൂപ്പര്‍ മാര്‍ക്കറ്റുകളും അടക്കാന്‍ പിന്നെയും സമയമെടുത്തു.
ഓണ്‍ലൈന്‍ സര്‍വീസുകള്‍ മുമ്പേ ലഭ്യമായിരുന്നെങ്കിലും ലോക്ക്ഡൗണോടു കൂടി കൂടുതല്‍ പേര്‍ അത്തരം സേവനങ്ങളെ ആശ്രയിക്കാന്‍ തുടങ്ങി. മാംസഷോപ്പുകളില്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തവര്‍ക്കുളള വിതരണ സേവനം മാത്രമാക്കി പരിമിതപ്പെടുത്തി.ഇന്ത്യന്‍ സ്റ്റോറില്‍ സമയം 2 മണിക്കൂര്‍ കുറച്ചു. പിന്നീട് പത്ത് ദിവസത്തേക്ക് സമ്പൂര്‍ണ്ണമായി അടച്ചിടുകയും ചെയ്തു.
അടച്ചിരുന്ന കാലത്ത് അലോസരപ്പെടുത്തിയത്, കാശ്മീരില്‍ സെപ്റ്റംബറിലെ ഒരു അര്‍ദ്ധരാത്രി പൊടുന്നനെ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും രാഷ്ട്രീയ നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരുമായിരുന്ന ഫാറൂഖ് അബ്ദുല്ല, മുഫ്തി മുഹമ്മദ്, ഉമര്‍ അബ്ദുല്ല തുടങ്ങിയവരെ വീട്ടുതടങ്കലിലാക്കിയതുമായിരുന്നു. ആറ് മാസത്തോളം അവര്‍ അനുഭവിച്ച മനഃസംഘര്‍ഷമെത്രയായിരിക്കുമെന്നു രണ്ടു മാസങ്ങള്‍ കൊണ്ടുതന്നെ നമ്മളെ പഠിപ്പിച്ചു.പൊതുവെ താടിയും മീശയും വളര്‍ത്താത്ത ഉമര്‍ അബ്ദുല്ലയുടെ നീണ്ട താടി വെച്ച ഫോട്ടോ, ട്വീറ്റ് ചെയ്തത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ ശ്രീമതി മമതാ ബാനര്‍ജി ആയിരുന്നു. നിര്‍ബന്ധിത വീട്ടിലെ ഇരുത്തം, മനുഷ്യരുടെ ശീലങ്ങള്‍ പോലും മാറ്റും. കാശ്മീര്‍ താഴ്വരയിലെ മനുഷ്യര്‍ സെപ്റ്റംബര്‍ 2019 മുതല്‍ കടന്നു പോയിരിക്കാവുന്ന അവസ്ഥകള്‍, ഇന്നു രാജ്യത്തെ എല്ലാ ജനങ്ങളും ചെറിയതോതിലാണെങ്കിലും മനസ്സിലാക്കിയിരിക്കുന്നു. ഫലസ്ഥീനിലെയും സിറിയയിലെയും മറ്റു യുദ്ധഭൂമികളിലെയും വീട്ടിലിരിക്കുന്ന മനുഷ്യരുടെ ജീവിതത്തിന്റെ നേരിയ സുഖകരമായ ഒരറ്റത്ത് തങ്ങളുടെ ജീവിതം ചേര്‍ത്തുവെക്കാന്‍ ഇന്നു ലോകത്തിലെ മനുഷ്യര്‍ക്കെല്ലാം സാധിച്ചിരിക്കുന്നു.'നമ്മളനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകഥകളാണെന്ന' ബെന്യാമിന്റെ 'ആടുജീവിത'ത്തിലെ വചനം പോലെ കെട്ടുകഥകളെ യാഥാര്‍ത്ഥ്യത്തിലേക്ക് പരാവര്‍ത്തനം ചെയ്യപ്പെടുത്തിയ കാലം കൂടിയായി മാറി സമകാലം.
ഒറ്റക്കിരിക്കുന്ന എനിക്ക് കൂട്ട് പലപ്പോഴും പുസ്തകങ്ങളായിരുന്നു . കയ്യിലുണ്ടായിരുന്ന പുസ്തകങ്ങളെല്ലാം ഒന്നര മാസത്തോടെ വായിച്ചു തീര്‍ന്നു.തീരുമെന്ന പേടിയുണ്ടായപ്പോള്‍ അവസാന പുസ്തകം വളരെ പതുക്കെ പാഠപുസ്തകം വായിക്കുന്ന സൂക്ഷ്മതയോടെ വായിച്ചു.ലൈബ്രറി അടച്ചതിനാല്‍ അവിടെ പോവാനും നിര്‍വാഹമില്ല.
ഇബുക്കുകള്‍ വായിച്ചധികം ശീലമില്ലാത്ത ഞാന്‍ ആ ശീലം കുറേശെക്കുറേശ്ശെ കരഗതമാക്കി.'ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്' എന്നാണല്ലോ ഇംഗ്ലീഷ് പഴമൊഴി.'ചത്ത മര' പുസ്തകങ്ങളില്‍ നിന്നും 'യന്ത്ര' പുസ്തകങ്ങളിലേക്കുള്ള കാലം ആവശ്യപ്പെട്ട പരിണാമം.ചില സാധനങ്ങളെങ്കിലും ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്തു കിട്ടുമ്പോള്‍ പ്രതീക്ഷിച്ചതു പോലെയായിരുന്നില്ല. അതുകൊണ്ടു പലപ്പോഴും ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ചു പുതിയ ഭക്ഷണ പരീക്ഷണങ്ങള്‍ നടത്താന്‍ സാഹചര്യങ്ങള്‍ നിര്‍ബന്ധിപ്പിച്ചു എന്നു പറയുന്നതാവും ശരി.
വായന എന്നും മനഃസ്സുഖം തരുന്ന വിനോദമായിരുന്നു. എഴുതാന്‍ തുനിയുമ്പോഴെല്ലാം പിറകോട്ടു വലിച്ചിരുന്നത് , വായിച്ചുതീരുവാനുള്ള പുസ്തകങ്ങളും എഴുത്തുകളുമായിരുന്നു . അടച്ചിരിക്കല്‍ കാലത്ത് ചെറുതായി എഴുതുകയും ചെയ്തു.അടച്ചിരിപ്പിന്റെ ആദ്യ രണ്ടു മാസങ്ങളില്‍ മനുഷ്യരെ എന്നല്ല , ജീവികളെപ്പോലും കാണാറുണ്ടായിരുന്നില്ല. ലോക്ക്ഡൗണായതിനാലെന്ന വണ്ണം വരാന്‍ വൈകിയ വസന്തത്തിന്റെ കൂടെ എത്തിയ അണ്ണാറക്കണ്ണന്മാരും ചെറിയ കുരുവികളും വരാന്തയില്‍ വൈകുന്നേരങ്ങളില്‍ എത്തി നോക്കാന്‍ തുടങ്ങി . ആദ്യ ദിനങ്ങളിലെ തണുപ്പ് കുറഞ്ഞുവന്നപ്പോള്‍ വരാന്തയില്‍ വന്നിരിക്കാമെന്നായി. മുന്നിലെ മേപ്പിള്‍ മരത്തില്‍ ഇലകള്‍ തളിര്‍ക്കാന്‍ തുടങ്ങി, കൂടെ കിളികളും.പുല്‍ത്തകിടിയും തഴച്ചുവളര്‍ന്നു.
വരാന്തയുടെ മുന്നില്‍ ഇടതു ഭാഗത്തുള്ള ചെറിയമരത്തില്‍ റോസ് നിറത്തിലുള്ള പൂക്കള്‍ വിരിഞ്ഞു.രണ്ടു മാസത്തിന്റെ അടച്ചിരിപ്പിന്റെ വിരസതയില്‍ ആളുകള്‍ പട്ടികളെയും കുട്ടികളെയും കൊണ്ട് നടക്കാന്‍ തുടങ്ങിയപ്പോള്‍ , വീട്ടിനു മുന്നിലെത്തിയാല്‍ പലരും ഈ മരത്തിനു മുന്നില്‍ ഫോട്ടോക്കു പോസ് ചെയ്തു.മഞ്ഞു പെയ്യുന്ന ഡിസംബറില്‍ ഈ മരത്തില്‍ വെളുത്ത മഞ്ഞുകട്ടകള്‍ ചെറിപ്പഴങ്ങള്‍ പോലെ തൂങ്ങി നിന്നിരുന്നത് ഞാനപ്പോഴോര്‍ത്തു. സഹധര്‍മ്മിണിക്കു നഷ്ടമായ അമേരിക്കയിലെ മഞ്ഞുകാലവും വസന്തകാലവും ചിത്രങ്ങളിലൂടെയും അവള്‍ക്കുള്ള ഫോണ്‍ വിളികളിലൂടെയും കൊടുക്കാന്‍ ശ്രമിച്ചു.
വീട്ടിനകത്തിരിക്കുമ്പോള്‍ കുട്ടികളായിരിക്കണം ഏറ്റവും ബുദ്ധിമുട്ടിയിട്ടുണ്ടാവുക. വിശാലമാവേണ്ട ബാല്യത്തെ ചുമരുകള്‍ക്കുള്ളില്‍ ഒതുക്കേണ്ടിവരുമ്പോഴുള്ള പാരതന്ത്ര്യമായിരുന്നു അവര്‍ക്കത്. സര്‍ക്കാരും അധികാരികളും നിയന്ത്രണങ്ങളില്‍ കുറച്ചു അയവു വരുത്തിയപ്പോള്‍ കുട്ടികളായിരുന്നു ആദ്യം പുറത്തിറങ്ങിയത്. അവര്‍ സൈക്കിളിലും സ്‌കേറ്റിംഗ് ബോര്‍ഡിലും മീന്‍പിടുത്തത്തിലും തങ്ങളുടെ വിരസദിനങ്ങളെ തിരിച്ചുപിടിക്കാന്‍ തുടങ്ങി.അന്തര്‍മുഖരായ ആളുകള്‍ എന്നും ഇഷ്ടപ്പെട്ട ഏകാന്തതയില്‍ മറ്റുള്ളവരും വന്നു ഇടപെട്ടില്ലെങ്കില്‍ അവരുടെ സുവര്‍ണ്ണ കാലമാണ് ഇക്കാലം. ബഹിര്‍മുഖരുടെ തുറുങ്കുകാലവും. ആള്‍ക്കൂട്ടത്തില്‍ മാത്രം ജീവിച്ചവര്‍ക്കു ഈ പുതിയ ജീവിതത്തോട് സമരസപ്പെടാന്‍ സമയമെടുത്തിരിക്കണം . ഡാമിന്റെ ഷട്ടര്‍ തുറന്നതു പോലെ , നിയന്ത്രണാനന്തരം അവര്‍ പുറത്തേക്കു കുതിക്കുകയും ചെയ്യും.
സാമൂഹ്യമാധ്യമങ്ങളുടെ അതിപ്രസരം പൊതുഇടത്തിലാണെങ്കിലും, മനുഷ്യരെ സംസാരത്തില്‍ നിന്നും കൂടിച്ചേരലുകളില്‍ നിന്നും പൊതുവേതന്നെ മാറ്റിനിര്‍ത്തിയിരുന്നു. അല്ലെങ്കില്‍ അങ്ങനെ അവരെ ശീലിപ്പിച്ചിരുന്നു.ആളുകളെ അഭിമുഖീകരിക്കുന്നതില്‍ നിന്നും കൂടുതല്‍ ആളുകളും പിറകോട്ടുപോയിരിക്കുന്നു. ഈ ലോക്ക്ഡൗണ്‍ , കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണെങ്കില്‍ ഇങ്ങനെ ആയിരിക്കുകയില്ല ഭൂരിഭാഗം മനുഷ്യരുടെയും പ്രതികരണം എന്ന് തോന്നുന്നു. മുന്‍പൊക്കെ പൊതു ഇടങ്ങളിലും വീട്ടിലും സജീവജീവിതമായിരുന്നു. അന്യമായികൊണ്ടിരിക്കുന്ന വീടകങ്ങളിലെ ആശയവിനിമയവും ചര്‍ച്ചകളും ഇപ്പോഴത്തെ ലോക്ക് ഡൗണ്‍ തിരിച്ചുകൊണ്ടുവന്നിരിക്കുന്നു. സാമൂഹ്യമാധ്യമങ്ങളാണെങ്കിലും വീടകങ്ങളില്‍ ഇരിക്കുന്നവര്‍ അത് ഉപയോഗിക്കുന്നതിനു പരിധികളുണ്ട്. ഊഷരമായ ബന്ധങ്ങള്‍ വീണ്ടും തളിര്‍ക്കാനും പൂക്കാനും ഇക്കാലം സ്വാഭാവികമായും പ്രേരിപ്പിച്ചിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."