HOME
DETAILS
MAL
വനിതാ പ്രാതിനിധ്യം കുറഞ്ഞെന്ന പരാതിക്ക് പരിഹാരമാകുന്നു, കെ.പി.സി.സിക്ക് രണ്ട് വനിതകളടക്കം അഞ്ചംഗ ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയായി
backup
June 09 2020 | 02:06 AM
കൊല്ലം: കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞെന്ന പരാതിക്ക് പരിഹാരമായി രണ്ട് വനിതകള്‍ ഉള്‍പ്പെടെ അഞ്ചംഗ പട്ടികക്ക് ഗ്രൂപ്പ് നേതാക്കളുടെ അംഗീകാരമായെങ്കിലും സെക്രട്ടറിമാരുടെ പേരിനെച്ചൊല്ലിയുള്ള തര്‍ക്കം മുറുകിയതോടെ പ്രഖ്യാപനവും നീളുന്നു. മുന്‍മന്ത്രി പി.കെ ജയലക്ഷ്മി, യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, കെ.പി.സി.സി മുന്‍ സെക്രട്ടറി വിജയന്‍ തോമസ്, മുന്‍ ഡി.സി.സി പ്രസിഡന്‍്‌റുമാരായ മുഹമ്മദ് കുഞ്ഞി, വി.ജെ പൗലോസ് എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ചത്. ഇതില്‍ വിജയലക്ഷ്മിയും മുഹമ്മദ് കുഞ്ഞിയും എ ഗ്രൂപ്പിന്റെയും വി.ജെ പൗലോസും ദീപ്തി മേരി വര്‍ഗീസും ഐ ഗ്രൂപ്പിന്റെയും നോമിനികളാണ്. വിജയന്‍ തോമസ് നിലവില്‍ ഒരു ഗ്രൂപ്പിലും ഉള്‍പ്പെട്ടിട്ടില്ല. ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച 36 അംഗ ജനറല്‍ സെക്രട്ടറിമാരില്‍ കോട്ടയത്ത് നിന്നുള്ള ഡോ.സോന മാത്രമായിരുന്നു ഏക വനിത. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായതോടെയാണ് വനിതാ പ്രാതിനിധ്യം കൂട്ടാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ചേര്‍ന്ന് തീരുമാനിച്ചത്. കഴിഞ്ഞ പട്ടികയില്‍ ജനറല്‍ സെക്രട്ടറിമാരാകുമെന്ന് പ്രതീക്ഷിച്ചിരുന്നവരായിരുന്നു വിജയന്‍ തോമസും മുഹമ്മദ് കുഞ്ഞിയും. പദവി ലഭിക്കാതെ വന്നതോടെ വിജയന്‍ തോമസ് ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമായിരുന്നു. മുഹമ്മദ് കുഞ്ഞിക്ക് ആര്യാടന്‍ മുഹമ്മദിന്റെ ഇടപെടലായിരുന്നു വിനയായത് എന്നാണ് പാര്‍ട്ടിയിലെ സംസാരം. ഇതിനിടെ ഗ്രൂപ്പ് നേതാക്കളുടെ ശുപാര്‍ശ കൂടിയതോടെ കെ.പി.സി.സി സെക്രട്ടറിമാരുടെ പട്ടിക 60 ല്‍ നിന്നും 86 ല്‍ എത്തിയെന്നാണ് വിവരം. ലിസ്റ്റില്‍ കടന്നു കൂടാന്‍ മത, സമുദായ നേതാക്കളുടെയും വന്‍ വ്യവസായികളുടെയും ശുപാര്‍ശകളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കേരളത്തില്‍ ഉള്ളതിനാല്‍ ഏത് സമയത്തും ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതില്‍ തടസമില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും അവസാന നിമിഷം തഴയപ്പെട്ട കെ.വി തോമസ് ഇതിനോടൊപ്പം കെ.പി.സി.സി വൈസ് പ്രസിഡന്റായേക്കുമെന്നാണ് സൂചന. എന്നാല്‍ വര്‍ക്കിങ് പ്രസിഡന്റ്, യു.ഡി.എഫ് കണ്‍വീനര്‍ പദവികളിലൊന്നിലാണ് കെ.വി തോമസിന്റെ നോട്ടം. മുന്നണി കണ്‍വീനര്‍ സ്ഥാനത്തേക്കാകട്ടെ എം.എം ഹസന് നറുക്ക് വീണേക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."