പൊന്നാനിയില്‍ മോഷണം പതിവാകുന്നു; ഇരുട്ടില്‍ തപ്പി പൊലിസ്
പൊന്നാനി: പൊന്നാനിയില്‍ മോഷണം തുടര്‍ക്കഥയാകുന്നു. സര്‍ക്കിള്‍ പരിധിയില്‍ മാസങ്ങള്‍ക്കിടെ ചെറുതും വലതുമായ നിരവധി മോഷണങ്ങളാണ് നടന്നത്. വീടും ആരാധനാലയങ്ങളും കയറിയുള്ള കവര്‍ച്ചയും തട്ടിപ്പറി ഉള്‍പ്പെടെയുള്ള മോഷണങ്ങള്‍ വര്‍ധിച്ചിട്ടും നടപടികള്‍ എവിടെയുമെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം മാറഞ്ചേരി പനമ്പാട് അടച്ചിട്ട വീട്ടില്‍ നിന്നും ഏഴുപവന്‍ സ്വര്‍ണാഭരണങ്ങളും എല്‍.സി.ഡി.ടി വിയുമുള്‍പ്പെടെ മോഷണം പോയിരുന്നു. ഈ സംഭവത്തിന് രണ്ട് ദിവസം മുമ്പ് ബിയ്യം വലിയ പാലത്തിന് സമീപത്തെ പലചരക്ക് കടയിലും മോഷണം നടന്നു. പതിനായിരം രൂപയും പന്ത്രണ്ടായിരം രൂപയുടെ മൊബൈല്‍ റീചാര്‍ജ് കൂപ്പണുകളും കടയില്‍ നിന്നും അപഹരിച്ചു. കടയുടെ പിന്‍ഭാഗത്തെ ഓട് ഇളക്കി മാറ്റിയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു.
ആഴ്ചകള്‍ക്ക് മുമ്പാണ് വെളിയങ്കോട് മൂന്ന് വീടുകളില്‍ ഒരേ രാത്രിയില്‍ മോഷണം നടന്നത്. ഒരു മാസം മുമ്പ് പൊന്നാനി അങ്ങാടിയിലെ പലചരക്ക് കടയുടമയില്‍ നിന്നും 68,000 രൂപ തട്ടി പറിച്ച് ഓടിയ സംഭവമുണ്ടായിരുന്നു. ഇതേദിവസം തന്നെ ചന്തപ്പടിയിലെ മറ്റൊരു കടയില്‍ മോഷണശ്രമം നടക്കുകയും ചെയ്തു. രണ്ടുമാസം മുമ്പ് ചന്തപ്പടിയിലെ പൗര്‍ണമി തിയേറ്ററിന് സമീപത്തെ വീട്ടില്‍ നിന്നും സ്വര്‍ണവും ലാപ്‌ടോപ്പുമുള്‍പ്പെടെ കളവ് പോയെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഇത്തരത്തില്‍ അടുത്തകാലത്തായി നൂറുകണക്കിന് മോഷണങ്ങളാണ് മേഖലയിലുണ്ടായത്. മോഷണം നടന്ന വീട്ടുകാര്‍ പരാതി നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നതൊഴിച്ചാല്‍ മോഷ്ടാക്കളെ പിടികൂടുന്നതിനുള്ള യാതൊരു നടപടിയും കൈകൊള്ളുന്നില്ലെന്നാണ് ആരോപണം.
മാസങ്ങള്‍ക്കു മുമ്പ് താലൂക്കിലെ അമ്പലങ്ങളിലും പള്ളികളിലും മോഷണപരമ്പര അരങ്ങേറിയിരുന്നു. ആന്റി ടെംപിള്‍ തെഫ്റ്റ് സ്‌ക്വാഡ് രൂപീകരിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. നടപടികള്‍ കാര്യക്ഷമമാവാത്തതിനാലാണ് മോഷണങ്ങള്‍ പെരുകാന്‍ ഇടയാക്കുന്നത്. പൊലിസ് ജീവനക്കാരുടെ അപര്യാപ്തതയാണ് അന്വേഷണങ്ങള്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് പൊലിസ് നേരിടുന്ന തടസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."