ജില്ലയില്‍ കവര്‍ച്ച പെരുകുന്നു; ഇരുട്ടില്‍ തപ്പി പൊലിസ്
കാസര്‍കോട്: ജില്ലയില്‍ അടിക്കടി കവര്‍ച്ചകള്‍ പെരുകുമ്പോഴും പ്രതികളെ കണ്ടെത്താനാവാതെ പൊലിസ് ഇരുട്ടില്‍തപ്പുന്നു. ആറുമാസത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒട്ടനവധി ഭവന ഭേദനങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളിലും കവര്‍ച്ചകള്‍ നടന്നെങ്കിലും പ്രതികളെ കണ്ടെത്തിയത് ചുരുക്കം സംഭവങ്ങളില്‍ മാത്രം. കാഞ്ഞങ്ങാട്, ഉപ്പള, മഞ്ചേശ്വരം, ബദിയടുക്ക, കാസര്‍കോട് മേഖലകളില്‍ ഉള്‍പ്പെടെ ഒട്ടനവധി കവര്‍ച്ചകളാണ് നടന്നത്. പൂട്ടിയിട്ട വീടുകളിലും വീട്ടുകാര്‍ വീടുപൂട്ടി പുറത്തു പോയ സമയങ്ങളിലുമാണ് പല ഭവന ഭേദനങ്ങളും ഉണ്ടായത്.
മിക്ക വീടുകളില്‍നിന്നും സ്വര്‍ണാഭരണങ്ങളും പണവും ഉള്‍പ്പെടെ വന്‍ കവര്‍ച്ച നടന്നെങ്കിലും ഇത്തരം കേസുകളില്‍ തുമ്പൊന്നും ലഭിക്കാതെ അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുകയാണ്.
ബദിയടുക്ക പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടു വര്‍ഷത്തിനിടയില്‍ നടന്ന പത്തോളം കേസുകളില്‍ മൂന്നെണ്ണം മാത്രമെ തെളിയിക്കാന്‍ കഴിഞ്ഞുള്ളു. മറ്റു പലതും തെളിവില്ലെന്ന കാരണം പറഞ്ഞ് പൊലിസ് അന്വേഷണം മരവിപ്പിച്ച അവസ്ഥയിലാണ്.
ടൗണിലെ മൊബൈല്‍ കട കുത്തിത്തുറന്ന് ഫോണുകള്‍ കവര്‍ന്ന കേസും മുകള്‍ ബസാറിലെ ജ്വല്ലറി കവര്‍ച്ചയും പെരഡാല ഉദനേശ്വര ക്ഷേത്രത്തിലെ ക്ഷേത്ര ഭണ്ടാരം കവര്‍ന്ന കേസും തെളിയിച്ചത് ഒഴിച്ചാല്‍ മറ്റു പല കേസുകളും തെളിയിക്കാന്‍ കഴിഞ്ഞില്ല.
മാസങ്ങള്‍ക്ക് മുമ്പ് ബദിയഡുക്ക ടൗണില്‍ കടയുടെ ചുമര്‍ തുരന്നും നീര്‍ച്ചാലില്‍ കടകളുടെ പൂട്ട് പൊളിച്ച് മോഷണം നടത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യം സമീപത്തെ സി.സി.കാമറയില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
നീര്‍ച്ചാല്‍ ടൗണിലെ മോഷണ പരമ്പരകളെ കുറിച്ച് അന്വേഷിക്കുന്നതിനിടയിലാണ് ബദിയഡുക്ക ടൗണിലെ കടയുടെ ചുമര്‍ തുരന്ന് കവര്‍ച്ച അരങ്ങേറിയത്.
രണ്ടു വര്‍ഷം മുമ്പ് ബേള കുമാര മംഗലം ക്ഷേത്രത്തിന് സമീപം ഒറ്റക്ക് താമസിക്കുന്ന വീട്ടമ്മയെ ആക്രി സാധനങ്ങള്‍ പെറുക്കുന്ന രീതിയില്‍ വീട്ടിലെത്തി കുത്തി പരുക്കേല്‍പ്പിച്ചു സ്വര്‍ണമാലകവര്‍ന്ന കേസ്, മുണ്ട്യത്തടുക്ക ഏല്‍ക്കാനയില്‍ മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം വീട്ടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസ്, ബോളുക്കട്ടയിലെ താമസക്കാരനുമായ പഞ്ചായത്ത് ജീനക്കാരന്റെയും മറ്റൊരു അധ്യാപികയുടെയും വീടുകളുടെ വാതിലിന്റെ പൂട്ട് പൊളിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസ് എന്നിവ തെളിയാതെ കിടക്കുകയാണ്.
മഞ്ചേശ്വരം ഉപ്പള മേഖലകളില്‍ നടന്ന ഒട്ടനവധി കവര്‍ച്ചാ കേസുകളിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആറുമാസം മുന്‍പ് കാഞ്ഞങ്ങാട് പൊലിസ് സ്റ്റേഷന്റെ മൂക്കിനുതാഴെ നടന്ന കവര്‍ച്ചാ കേസിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
കുശാല്‍നഗര്‍ ഇട്ടമ്മലിലെ സലീമിന്റെ വീട്ടില്‍ ആളില്ലാത്ത തക്കം നോക്കിയാണ് കവര്‍ച്ച നടന്നത്.
ഇയാളുടെ മാതാവ് മകളുടെ വീട്ടിലും സലിം ഭാര്യ വീട്ടിലും പോയ സമയത്ത് അര്‍ധരാത്രി വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്തു കയറിയ മോഷ്ടാക്കള്‍ മുറിക്കകത്തെ ഇരുമ്പ് ലോക്കര്‍ തകര്‍ത്താണ് സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ കവര്‍ച്ച നടത്തിയത്. ഇതിനു പുറമെ കാഞ്ഞങ്ങാട് മേഖലയില്‍ നടന്ന ഒട്ടനവധി വന്‍ കവര്‍ച്ചാ സംഭവങ്ങളും തെളിയാതെ കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."