നമ്പര്‍ വണ്‍ (വൈരുധ്യങ്ങളുടെ) കേരളം
ഒരു നഗരത്തില്‍ അനീതി നടന്നാല്‍, ഇരുട്ടുന്നതിന് മുന്‍പ് അതു കത്തിയെരിയണം എന്ന് പറയുന്ന ബ്രെഹ്തിന്റെ വചന ശകലം എല്ലാവര്‍ക്കും ചിരപരിചിതമാണ്. പക്ഷേ, ആ നഗരം ഏതാണെന്ന് എവിടെയും ബ്രെഹ്ത് പറഞ്ഞിട്ടില്ല. അതെന്തായാലും ഒരു കാര്യം ഉറപ്പാണ് - ആ നഗരം കേരളത്തിലാവില്ല. അതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണങ്ങളില്‍ ഒന്നു മാത്രമാണ്, ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ പരിണിത ഫലമായി ദേവികയുടെ ആത്മഹത്യ. നമ്പര്‍ വണ്‍ ആയി ഓടിയെത്താനുള്ള ഓട്ടത്തിനിടയില്‍, നമ്മള്‍ മറന്നുപോയത് വീണുകിടക്കുന്ന ദേവികമാരെയായിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് മുന്‍പുള്ള ഓണ്‍ലൈന്‍ സംപ്രേഷണം, പരീക്ഷണാടിസ്ഥാനത്തിലായിരുന്നു എന്നാണ് സര്‍ക്കാര്‍ പിന്നീട് പറഞ്ഞത്. യഥാര്‍ഥത്തില്‍ ആ പരീക്ഷണത്തില്‍ പരീക്ഷിക്കപ്പെട്ടത്, അടിസ്ഥാന ജനവിഭാഗങ്ങളുടെ ആത്മാഭിമാനം തന്നെയായിരുന്നു.
അതിനു ശേഷവും, നിരവധി നിയമപരവും രാഷ്ട്രീയവുമായ സമ്മര്‍ദങ്ങള്‍ക്ക് ശേഷമാണ് പലരിലേക്കും അടിസ്ഥാന സൗകര്യങ്ങള്‍ എത്തുന്നത് തന്നെ. അത്തരത്തിലുള്ള ആദ്യത്തെ സംഭവമായിരുന്നില്ല ദേവികയുടേത്. നാടു മുഴുവന്‍ രോഹിത് വെമൂലെയുടെ ഫ്‌ളക്‌സുകള്‍ ഉയര്‍ത്തിയവര്‍ തന്നെയാണ്, ബോധപൂര്‍വം വിനായകനെ മറന്നുകളഞ്ഞത്. വിനായകന്റെ ആത്മഹത്യ, പൊലിസ് കസ്റ്റഡിയുടെ അനന്തര ഫലമായിരുന്നു. പ്രതിസ്ഥാനത്ത്, ഭരണകൂടവും.
കോട്ടയത്തും മലപ്പുറത്തുമായി രണ്ട് ദുരഭിമാന കൊലപാതകങ്ങള്‍ നടന്നതും സാക്ഷര, പുരോഗമന കേരളത്തില്‍ തന്നെയാണ്. വടയമ്പാടിയിലെ ജാതി മതില്‍ ഇരകളുടെ പ്രതിഷേധത്തില്‍ തകര്‍ക്കപ്പെടുകയായിരുന്നു. അതില്‍ പങ്കെടുത്തവര്‍ക്ക് എതിരേയുള്ള കേസുകള്‍ ഇപ്പോഴും നടക്കുകയാണ്. അവസാനം, വാഴക്കയ്യില്‍ ഒരു ദലിത് ശരീരം തൂങ്ങിയാടുന്ന ദൃശ്യം കാണുമ്പോഴും, അതിനെ അത്ഭുതമില്ലാതെ ഏറ്റുവാങ്ങുന്ന നിലയിലേയ്ക്ക് എത്രയോ വര്‍ഷങ്ങളായി കേരളീയ പൊതുബോധം പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നു.
ഫ്രീ, ഫ്രീ, നെല്‍സണ്‍ മണ്ടേല എന്ന് തിരുവനന്തപുരത്ത് അപ്പാര്‍തീഡിനെതിരേ മുദ്രാവാക്യം വിളിച്ച ബുദ്ധീജീവി ബസ്സിറങ്ങി, ദലിതര്‍ക്ക് ചിരട്ടയില്‍ ചായ കൊടുക്കുന്ന, സ്വന്തം ഗ്രാമത്തിലെ ചായക്കടയിലേയ്ക്ക് നടന്നുപോകുന്നത് ഒരു പഴയ കഥയല്ല. അതു തന്നെയാണ് ഇപ്പോഴും തുടരുന്നത്. കേരളം കാപട്യങ്ങളുടെ ഒരു കലാഗ്രാമം ആയിരിക്കുന്നത് ദലിതുകളുടെ കാര്യത്തില്‍ മാത്രമല്ല. മതം മാറിയതിന്റെ പേരില്‍ എഴുപതോളം സ്ത്രീകള്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടത് യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പിയിലെ ഏതെങ്കിലും ഗ്രാമത്തിലല്ല, എറണാകുളം ജില്ലയില്‍, ഒരു പൊലിസ് സ്റ്റേഷന്റെ മുന്നില്‍, സാമൂഹിക ക്ഷേമ വകുപ്പിന്റെ കൂടി അംഗീകാരത്തോടെ പ്രവര്‍ത്തിച്ച സ്ഥാപനത്തിലായിരുന്നു.
മതം മാറിയതിന്റെ പേരില്‍ ഒരു ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടതും മലപ്പുറം ജില്ലയില്‍ തന്നെയായിരുന്നു. അതുപോലെ തന്നെ നമ്പര്‍ വണ്‍ കേരളം മേനിനടിക്കുന്ന ഒന്നാണല്ലോ, ട്രാന്‍സ്‌ജെന്‍ഡറുകളോടുള്ള സൗഹൃദ സമീപനം.പക്ഷേ, ആദ്യമായി ഒരു ഇന്ത്യന്‍ സംസ്ഥാനത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ കൂട്ടത്തോടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ദിവസങ്ങളോളം ജയിലില്‍ കിടക്കേണ്ടിവന്നത് കേരളത്തിലാണ് എന്നതാണ് സത്യം. കേരളത്തിന്റെ പുരോഗമന ദേശീയത അതിന്റെ അപരങ്ങളെ എങ്ങനെ പരിഗണിക്കുന്നു എന്നതിന്റെ ഏതാനും ചില ഉദാഹരണങ്ങള്‍ മാത്രമാണിത്.
എന്നിട്ടും ഇതൊന്നും നമ്പര്‍ വണ്‍ കേരളത്തിന്റെ ഗരിമയെ ബാധിക്കുന്ന ഒന്നായി അതിന്റെ പ്രചാരകര്‍ക്ക് തോന്നിയിട്ടില്ലെന്ന് മാത്രമല്ല, അത്തരം കാര്യങ്ങള്‍ ഉന്നയിക്കുന്നവരെ സംഘ്പരിവാരം രാജ്യദ്രോഹികളാക്കുന്ന മാതൃകയില്‍, സംസ്ഥാന ദ്രോഹികളായി ചിത്രീകരിക്കുകയും ചെയ്യുന്നു. അടുത്ത കാലത്ത് ഫെയര്‍ ആന്‍ഡ് ലവ്‌ലി, അതിന്റെ പേരില്‍ ഫെയര്‍ ഒഴിവാക്കി രാഷ്ട്രീയശുദ്ധി (Political Correctness) കൈവരിക്കുന്നതായി ഒരു പ്രഖ്യാപനം നടത്തിയിരുന്നു. അതുപോലൊരു പരസ്യതന്ത്രമായി മാത്രമേ നമ്പര്‍ വണ്‍ കേരളത്തേയും ഇപ്പോഴത്തെ അവസ്ഥയില്‍ കാണാന്‍ കഴിയൂ.
(ഹൈക്കോടതി അഭിഭാഷകനും
ആക്ടിവിസ്റ്റുമാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."