ട്രംപിന്റെ പുറപ്പാട് ശീതയുദ്ധത്തിനോ, മൂന്നാം ലോകയുദ്ധത്തിനോ?
ഈയടുത്തകാലത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്ന ഓരോ വാര്‍ത്തകളും അമേരിക്കന്‍ മേധാവിത്വ ഏകധ്രുവ ലോകത്തുനിന്നും 1991-നു മുമ്പുള്ള ദ്വിലോക ധ്രുവകാലഘട്ടത്തിന്റെ തിരിച്ചുവരവിനോ അതോ സര്‍വനാശയുദ്ധത്തിന്റെ കാഹളമാണോ ലോകം പ്രതീക്ഷിക്കുന്നത് എന്നെല്ലാം സംശയിക്കുന്നവിധത്തിലാണ്. സോഷ്യലിസ്റ്റ് ചേരിയുടെ തകര്‍ച്ചയ്ക്കുശേഷം 'അമേരിക്കന്‍ നീതി ലോകനീതി' എന്ന ചോദ്യം ചെയ്യാനാളില്ലാത്ത ലോകനിയമം ശക്തമായ രീതിയില്‍ ചോദ്യംചെയ്യപ്പെടുന്നത് ലോകശക്തി ചേരിയുടെ ധ്രുവീകരണവും അങ്ങനെ സംഘര്‍ഷാവസ്ഥയിലേക്കും ആയിക്കൊണ്ടിരിക്കുകയാണ്.
ഇത്ര രൂക്ഷമായ അവസ്ഥയിലേക്ക് എത്തിച്ച പ്രധാനപ്പെട്ട സംഭവങ്ങളില്‍ ഒന്ന്, അമേരിക്ക തന്നിഷ്ടപ്രകാരം സിറിയന്‍ അതിര്‍ത്തിപ്രദേശത്ത് കടന്നുകയറി സിറിയയുടെ ഷറാവത്ത് വ്യോമതാവളത്തില്‍ ബോംബിട്ട് കൂട്ടക്കൊല നടത്തിയതാണ്. സിറിയയുടെ ദീര്‍ഘകാലത്തെ സൈനികനയതന്ത്ര സഖ്യരാഷ്ട്രമായ റഷ്യ അമേരിക്കയുടെ ഈ കടന്നാക്രമണത്തെ ശക്തമായരീതിയില്‍ താക്കീത് ചെയ്യുകയും മേലാല്‍ ഇത്തരം ആക്രമണം കൈയുംകെട്ടി നോക്കിനില്‍ക്കില്ല എന്ന തരത്തില്‍ കടുപ്പിച്ച സ്വരത്തില്‍ പറയുകയും ചെയ്തത് ലോക പൊലിസിന്റെ ധാര്‍ഷ്ട്യത്തിന് ഈയടുത്തകാലത്തൊന്നും കേള്‍ക്കാത്ത താക്കീതായിരുന്നു.
സിറിയ സ്വന്തം പൗരന്മാര്‍ക്കുനേരെ ഇദ്‌ലിബിലെ ഖാന്‍ ശൈഖില്‍ രാസയുദ്ധ ആക്രമണം നടത്തിയെന്നും അതിന്റെ പ്രതികാരമാണ് ചെയ്തതെന്നുമാണ് ഔദ്യോഗികമായി അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാഷ്യം. സിറിയയെ ആക്രമിക്കുന്നതിനുമുമ്പ് കാര്യങ്ങള്‍ അന്വേഷിക്കാനോ നിജസ്ഥിതി മനസ്സിലാക്കാനോ മെനക്കെടാതെ തങ്ങളുടെ സ്വതസിദ്ധശൈലി ആക്രമണം നടത്തിയതെന്ന സ്വരംകടുപ്പിച്ചുള്ള റഷ്യന്‍ പ്രസിഡന്റ് പുടിന്റെ മറുപടി അമേരിക്കന്‍ ഏകാധിപത്യത്തിന് സഹിക്കുന്നതിലേറെയായിരുന്നു. അമേരിക്ക-റഷ്യ ബന്ധത്തിന്റെ ഏറ്റവും മോശമായ കാലഘട്ടം എന്ന ട്രംപിന്റെ പരാമര്‍ശത്തിന് ആ അര്‍ഥത്തില്‍ത്തന്നെ പുടിന്‍ മറുപടിയുംകൊടുത്തു.
ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് തന്റെ ഏറ്റവും നല്ല സുഹൃത്തായി വിശേഷിപ്പിച്ച വ്യക്തിയാണ് പുടിന്‍. പുടിന്റെ സ്‌പോണ്‍സേര്‍ഡ് സ്ഥാനാര്‍ഥിയാണെന്നും അകത്തും പുറത്തും വിജയത്തിനുവേണ്ടി കരുനീക്കങ്ങള്‍ നടത്തിയെന്നും ലോകമാധ്യമങ്ങള്‍ പ്രചരപ്പിക്കുകയുണ്ടായി. സിറിയക്കെതിരെ 8 പ്രാവശ്യം അമേരിക്ക യു.എന്‍.ഒയില്‍ വാളോങ്ങിയപ്പോള്‍ 8 പ്രാവശ്യവും എതിര്‍ക്കുകയും ആവശ്യത്തിന് വീറ്റോ പ്രയോഗിക്കുകയും ചെയ്ത റഷ്യ എന്നതും ട്രംപിന് തിരിച്ചടിയായി. ചൈനയും റഷ്യയോടൊപ്പംകൂടി 7 പ്രാവശ്യം വീറ്റോ പ്രയോഗിച്ചത് കൂട്ടിവായിക്കുമ്പോള്‍ നല്‍കുന്ന സൂചന മറ്റൊന്നാണ്. ഒരാക്രമണം മുന്‍കൂട്ടി കാണുന്ന ട്രംപ് തെരഞ്ഞെടുപ്പ് കാലത്ത് നാറ്റോസഖ്യത്തിന്റെ കാലംകഴിഞ്ഞു എന്നുപറഞ്ഞിരുന്നത് ഇപ്പോള്‍ അവരുടെ സഹായം കിട്ടാന്‍ പെട്ടെന്ന് സ്വരംമാറ്റി നാറ്റോ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഭീകരര്‍ക്കെതിരേ യുദ്ധത്തിന് ആവശ്യമാണെന്നും പറയുകയുണ്ടായി. അങ്ങനെ പശ്ചിമേഷ്യ പുതിയ യുദ്ധത്തിന് വേദിയാവാന്‍ പോവുകയാണോ എന്ന് തോന്നുംവിധത്തിലാണ് ഇപ്പോഴുള്ള സംഭവവികാസങ്ങള്‍. തങ്ങള്‍ക്കിഷ്ടമില്ലാത്ത ഭരണാധികാരികളെ ഉള്ളതും ഇല്ലാത്തതും പറഞ്ഞ് ഉപരോധവും സൈനികനടപടിയും നടത്തി പുറത്താക്കുക എന്നത് വര്‍ഷങ്ങളായി അമേരിക്ക ചെയ്തുപോരുന്ന ഒരു കാര്യമാണ്. ഇറാനോടും വടക്കന്‍കൊറിയയോടുമൊപ്പം അമേരിക്ക തെമ്മാടിരാഷ്ട്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രാജ്യമാണ് സിറിയ. രാസായുധ സൂക്ഷിപ്പുകാരെന്നും ഭീകരവാദികളെന്നും പറഞ്ഞ് സിറിയക്കെതിരേ കാരണം നിരത്തുകയാണ് ലോകപൊലിസ്.
സ്വന്തം ജനതയെ കൂട്ടക്കശാപ്പ് ചെയ്യുന്ന ഭരണാധികാരി എന്ന് അസദിനെ വിശേഷിപ്പിക്കാറുണ്ട്. ലക്ഷണമൊത്ത ഒരു ഭരണാധികാരി എന്നൊന്നും ലോകത്ത് അസദിനെ ആരും വിശേഷിപ്പിക്കാറില്ല. തീവ്രശീഈയിസവും, ഇസ്മാഈലീ ശീഈസത്തിന്റെ വിശ്വാസങ്ങളും ഭയപ്പാടോടെയും, അറബ് ലോകത്തിന്റെ ഭീഷണിയുമായാണ് ഗള്‍ഫ് രാജ്യങ്ങള്‍ കാണുന്നത്. ഇറാന്‍-സിറിയ ശക്തികള്‍ ഒന്നിച്ചാല്‍ ഗള്‍ഫ് ഭരണകൂടങ്ങള്‍ക്ക് ഭീഷണിയാണ് എന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ കരുതുന്നു. പക്ഷേ, ഇങ്ങനെയൊക്കെ പ്രചരിപ്പിച്ച് അമേരിക്കയുടെ കണ്ണിലെ കരടായിമാറിയ സദ്ദാം ഹുസൈനെയും ഏകീകൃത ഇറാഖിനെയും നശിപ്പിക്കാന്‍ അമേരിക്കന്‍ സഖ്യത്തിനൊപ്പം നിലകൊണ്ട അറബ്‌രാഷ്ട്രങ്ങള്‍ അസദിനെതിരെ നിലകൊള്ളുന്നതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല.
രാസായുധങ്ങള്‍ ഇല്ല എന്ന സദ്ദാമിന്റെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനങ്ങള്‍ അവഗണിച്ച് സദ്ദാമിനെ നശിപ്പിച്ച് ഇറാഖ് എന്ന രാഷ്ട്രത്തെ തീവ്രവാദികളുടെയും ഐ.എസ് ഭീകരവാദികളുടെയും കൈയില്‍ എത്തിച്ച ശേഷം അവിടെ നടന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. യസീദികളെയും, ശിയാക്കളെയും കൂട്ടക്കശാപ്പ് ചെയ്യുകയും ഭീകരവാദികളെ ശക്തമായി എതിര്‍ക്കുന്ന സുന്നിസമൂഹത്തെ കഴുത്തറുത്ത് കെട്ടിത്തൂക്കുകയും ചെയ്യുന്നതും, ക്രിസ്ത്യന്‍ വീടുകള്‍ക്കുമുന്നില്‍ (നസ്രാണി) ചാപ്പകുത്തി കൊല്ലാന്‍വേണ്ടിയുള്ള ലിസ്റ്റില്‍ചേര്‍ത്ത് കൊല്ലുകയും ചെയ്യുന്നത് ഇന്നത്തെ ഇറാഖ് -അമേരിക്കന്‍ സൃഷ്ടിയാണല്ലോ. സദ്ദാമിനെയും കുടുംബത്തേയും മുച്ചൂടം നശിപ്പിച്ച് വര്‍ഷങ്ങള്‍ക്കുശേഷം തെറ്റായിപ്പോയെന്ന് കുമ്പസരിക്കുന്ന കാപട്യംകണ്ട് തലയാട്ടുന്നവര്‍ ധാരാളമുള്ള ഇക്കാലത്ത് സിറിയയെയും നശിപ്പിച്ച് തീവ്രവാദികളുടെയും ഭീകരവാദികളുടെയും വിളനിലമായി മാറാന്‍ ആ രാജ്യത്തെ തമ്മിലടിപ്പിച്ചാല്‍ മാത്രം വിജയിക്കുന്ന അമേരിക്കന്‍ രാഷ്ട്രതന്ത്രത്തിന്റെ വക്താവായ ട്രംപ് ലോകത്തെ ധ്രുവീകരിക്കുന്നത് എത്രമാത്രം ഭയാനകമാണ് എന്നത് ചിന്തിക്കേണ്ടതാണ്. ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കി അടിച്ചുകൊല്ലുന്ന അമേരിക്കന്‍ നയം ശക്തമായി എതിര്‍ക്കല്‍ റഷ്യ തുടരുകയാണെങ്കില്‍ തുടങ്ങുന്നത് 1991 സോഷ്യലിസ്റ്റ് ശക്തി നശിച്ചശേഷം നിര്‍ത്തിവച്ച ശീതസമരകാലഘട്ടമോ അല്ലെങ്കില്‍ ഭയാനകമായ യുദ്ധാവസ്ഥയോ ആയിരിക്കും. ട്രംപിന്റെ ഓരോ പ്രസ്താവനകളും രണ്ടാം ലോക യുദ്ധത്തിന്റെ മുമ്പ് ചില രാഷ്ട്രനേതാക്കള്‍ നടത്തിയ പ്രസംഗങ്ങളെ ഓര്‍മിപ്പിക്കുന്നതാണ്. ഇങ്ങനെയിരിക്കുമ്പോഴാണ് ഏറ്റവും ഭീതിജനകമായ രീതിയില്‍ കൊറിയന്‍പ്രശ്‌നം കടന്നുവരുന്നത്. തുടരെത്തുടരെയുള്ള ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം അമേരിക്കന്‍ താല്‍പ്പര്യത്തെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര മിസൈല്‍ ആണ് പുതുതായി അമേരിക്കയെ പ്രകോപിപ്പിച്ചത്.
1950-ല്‍ ദക്ഷിണകൊറിയക്ക് സംരക്ഷകരായി അവതരിച്ച് ദക്ഷിണകൊറിയയുടെ പക്ഷംചേര്‍ന്നെന്ന് പറഞ്ഞ് ഉത്തരകൊറിയയെ ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന അമേരിക്ക ആണവപരീക്ഷണങ്ങളുടെ പേരിലാണ് ഉത്തരകൊറിയയെ ആക്രമിക്കുമെന്ന് പറയുന്നത്. അമേരിക്കയുടെ കാള്‍വില്‍സണ്‍ കപ്പല്‍ വ്യൂഹത്തെ ട്രംപ് കൊറിയന്‍ തീരത്തേക്കയച്ചു. യുദ്ധതന്ത്രത്തിന്റെ ഭാഗമായി കപ്പല്‍വ്യൂഹത്തെ ചില പിന്‍വാങ്ങലുകള്‍ നടത്തി എന്നാണ് പുതിയ വാര്‍ത്തകള്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആണവായുധമുള്ള രാജ്യമെന്ന നിലയ്ക്കും രണ്ടാമത്തെ ഇസ്‌റാഈലിന്റെ നിത്യസംരക്ഷകരെന്ന ഖ്യാതിയുമുള്ള രാജ്യമാണ് ട്രംപിന്റെ അമേരിക്ക. കൂടാതെ 1950-ല്‍ ചൈനയുടെ ഇടപെടലിന്റെ ഫലമായി വടക്കന്‍ കൊറിയയില്‍നിന്നു പിന്‍വാങ്ങേണ്ടിവന്ന അമേരിക്ക ദക്ഷിണകൊറിയയെ ആണവായുധംകൊണ്ട് നിറച്ചിരിക്കുകയാണ്. ഇത് പ്രകോപനപരമായി കാണുന്ന വടക്കന്‍കൊറിയയുടെ ഇപ്പോഴത്തെ ഏകാധിപതി കിം ജോങ് ഉന്‍ ആണവായുധം കൊണ്ട് അമേരിക്ക മറുപടികൊടുക്കുമെന്ന് പറഞ്ഞത് എങ്ങോട്ടുള്ള സൂചനയാണെന്ന് ഭയപ്പാടോടെയാണ് ലോകം കാണുന്നത്. ആണവായുധം തന്നെയാണ് തങ്ങള്‍ പ്രയോഗിക്കുകയെന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പൈല്‍സിന്റെ പ്രസ്താവന എത്ര ഭീകരമായ അവസ്ഥയാണെന്ന് മനസ്സിലാക്കാം. ദക്ഷിണകൊറിയയുടെ ആണവപോര്‍മുനകളും ഇക്കാലത്തെ അമേരിക്കന്‍ സഖ്യകക്ഷിയായ ജപ്പാന്റെ ഭീഷണിയും ചൈനയെ കൊറിയയോടൊപ്പം നിര്‍ത്തുന്നു. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ഉത്തരകൊറിയക്കെതിരെ പ്രസ്താവന ഇറക്കിയെങ്കിലും വെടിപൊട്ടിയാല്‍ എന്തു സംഭവിക്കുമെന്നുള്ളത് പ്രവചനാതീതമാണ്. പശ്ചിമേഷ്യയില്‍ റഷ്യയും ഏഷ്യാ പസഫിക്കില്‍ ചൈനയും എതിര്‍പക്ഷത്താവുമ്പോള്‍ സംഭവിക്കുന്നത് ഊഹിക്കാവുന്നതേയുള്ളു.
ദീര്‍ഘകാലമായി ചൈന അമേരിക്കയോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന, കൊറിയയില്‍നിന്നു മുഴുവന്‍ ആണവായുധങ്ങളും ഇല്ലാതാക്കുക എന്നുള്ളതിന് ചൈനയുടെ സഖ്യരാഷ്ട്രമായ വടക്കന്‍കൊറിയയെ മാത്രം ലക്ഷ്യമാക്കുന്നത് ചൈന എങ്ങനെ അംഗീകരിക്കും. ശീതയുദ്ധകാലത്ത് ദക്ഷിണകൊറിയയെ ആണവായുധം നിറച്ചതും ഏകദേശം 24,000 നടുത്ത് അമേരിക്കന്‍ സൈനികരെ ദക്ഷിണകൊറിയയില്‍ നിര്‍ത്തുകയും ചെയ്ത് ഇരു രാഷ്ട്രങ്ങള്‍ക്കും ഭീഷണിയായി മാറിയതാണ് ഇവിടെയുള്ള ചേരിതിരിവിന് പ്രധാനകാരണം.
ഇങ്ങനെ ഈ കൊറിയന്‍ പ്രതിസന്ധിയില്‍ കൊറിയയും ചൈനയും മറുപക്ഷത്ത് നില്‍ക്കുക കൂടി ചെയ്താല്‍ ലോകത്തെ ഏക ധ്രുവക്രമം എങ്ങോട്ടാണ് പോകുന്നത് എന്നത് നിസ്തര്‍ക്കമാണ്.
അമേരിക്കയുടെ നീക്കത്തിനനുസരിച്ച് കൂടുതല്‍ മിസൈല്‍ പരീക്ഷണങ്ങളും സൈനിക അഭ്യാസവും നടത്തി മറുപടി കൊടുക്കുകയാണ് വടക്കന്‍ കൊറിയ. കൊറിയന്‍ യുദ്ധത്തിലെ കരാറിലെ പ്രധാന വ്യവസ്ഥയായിരുന്ന പുതിയ ആയുധങ്ങള്‍ ഇല്ലാതാക്കുന്നത് പരസ്യമായി ലംഘിച്ച് ദക്ഷിണകൊറിയയെ ആണവായുധമണിയിച്ചതിന് ട്രംപിനുള്ള മറുപടിയാണ് തങ്ങളുടെ സൈനികനീക്കമെന്ന് കിം ജോങ് ഉന്‍ന്റെ വടക്കന്‍കൊറിയ പറയുന്നത്.
ആണവായുധമെന്ന് വളരെ കരുതി ഉപയോഗിക്കേണ്ട പദം ലോകരാഷ്ട്രങ്ങള്‍ വളരെ ലാഘവത്തോടെ ഉപയോഗിക്കുന്നത് ഇന്ന് ലോകത്തിന് എത്രമാത്രം ഭീഷണിയാണ്.
വംശീയതയും സാമ്രാജ്യത്വവും തിരഞ്ഞെടുപ്പ് വിജയത്തിനുപയോഗിച്ച അതേ ലാഘവത്തോടെ ആഗോളവിഷയങ്ങള്‍ക്കു ട്രംപ് ഉപയോഗിക്കുന്നതും അതുപോലെത്തന്നെ നയചാരുത ഒട്ടുമില്ലാത്ത ഭരണാധികാരികള്‍ വടക്കന്‍ കൊറിയയെപ്പോലെ ആണവായുധത്തിന്റെ അവസ്ഥ എന്തെന്ന് വെളിപ്പെടുത്താതെ ഒരു രാഷ്ട്രത്തിലുണ്ടാവുകയും ചെയ്ത് പരസ്പരം ആണവയുദ്ധത്തിന്റെ പേരുപറഞ്ഞ് പോരുകൂട്ടുകയും ചെയ്യുമ്പോള്‍ വന്‍ രാഷ്ട്രങ്ങള്‍ പക്ഷംചേരുകയും ചെയ്യുമ്പോഴുണ്ടാകുന്ന ലോകക്രമം വന്നാല്‍ അത് എന്തിന്റെ കാഹളമായിരിക്കുമെന്ന് പ്രവചിക്കാന്‍ സാധ്യമല്ല എന്നാണ് ഇപ്പോഴത്തെ അവസ്ഥ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."