പഞ്ചായത്ത് സെക്രട്ടറിയുടെ മുറിയില്‍ പട്ടികജാതി നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു
കാട്ടാക്കട: പൊതുവഴി തടസപ്പെടുത്തി സ്വകാര്യവ്യക്തി മതില്‍ കെട്ടുന്നത് പഞ്ചായത്ത് തടയാത്തതില്‍ പ്രതിഷേധിച്ച് പട്ടികജാതി സംഘടനാ നേതാവ് മാറനല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ മുറിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൊതുപ്രവര്‍ത്തകനും എസ്.സി മോര്‍ച്ച നേതാവുമായ ചീനിവിള ഋഷിരാജ് ഭവനില്‍ എസ്. രാജന്‍ (49) ആണ് പഞ്ചായത്ത് സെക്രട്ടറിയുടെ മുറിയില്‍ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചത്.
വിവരമറിഞ്ഞ് ഓടിയെത്തിയ മാറനല്ലൂര്‍ പൊലിസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് തീകൊളുത്താനുള്ള ശ്രമം തടയുന്നതിനിടെ സാരമായ പരുക്കേറ്റു. രാജനേയും ഒപ്പമുണ്ടായിരുന്നന നെല്ലിക്കാട് സുരേഷ് ഭവനില്‍ കെ. സുരേഷ് കുമാറിനെ (45)യും മാറനല്ലൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. പൊതുവഴി തടഞ്ഞ് മതില്‍ കെട്ടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് രാജനും സുഹൃത്തും കഴിഞ്ഞ മാസം പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചിരുന്നു. ഇവരുടെ പരാതി നിലനില്‍ക്കെ സ്വകാര്യ വ്യക്തി മതില്‍ കെട്ടാന്‍ ആരംഭിച്ചു. ഇന്നലെ രാവിലെ പഞ്ചായത്ത് ഓഫിസില്‍ ഇന്ധന കുപ്പിയുമായാണ് രാജനും സുരേഷും കടന്നുവന്നത്. രാജന്റെ വരവില്‍ പന്തികേട് തോന്നിയ പഞ്ചായത്ത് സെക്രട്ടറി എ.ടി ബിജുകുമാര്‍ സമീപത്തെ പൊലിസ് സ്റ്റേഷനിലേക്ക് വിവരം അറിയിച്ചു.
ഉടന്‍ തന്നെ രാജന്‍ കൈയില്‍ കരുതിയിരുന്ന മണ്ണെണ്ണ സ്വന്തം ദേഹത്തേക്ക് ഒഴിച്ചു. ഓടിയെത്തിയ എ.എസ്.ഐ മണികുട്ടന്‍, ഗ്രേഡ് എസ്.ഐ വിന്‍സെന്റ് എന്നിവര്‍ ചേര്‍ന്ന് മണ്ണെണ്ണയില്‍ കുതിര്‍ന്നുനിന്ന രാജനെ പിടികൂടി തീപ്പെട്ടി പിടിച്ചുവാങ്ങി. അതിനിടയില്‍ എ.എസ്.ഐ മണിക്കുട്ടന്റെ കണ്ണില്‍ ഇന്ധന മിശ്രിതം തെറിച്ചുവീണു.
ഗ്രേഡ് എസ്.ഐ വിന്‍സെന്റിനും പിടിവലിക്കിടയില്‍ സാരമായി ക്ഷതമേറ്റു. രണ്ട് പൊലിസ് ഉദ്യോഗസ്ഥരെയും ഉടന്‍ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ചീനിവിള സ്വദേശിനിക്ക് മതില്‍ നിര്‍മാണത്തിന് നിയമങ്ങള്‍ പാലിക്കാതെയാണ് സെക്രട്ടറി അനുമതി നല്‍കാനൊരുങ്ങുന്നതെന്ന് നാട്ടുകാര്‍ക്കിടയിലും ആക്ഷേപമുണ്ട്. മതില്‍ കെട്ടിയാല്‍ ചീനിവിള, അഴകം റോഡിന്റെ വികസനം തടസപ്പെടുമെന്നും പത്ത് മീറ്റര്‍ മാറ്റി മതില്‍ കെട്ടാന്‍ പെര്‍മിറ്റ് നല്‍കണമെന്നുമായിരുന്നു രാജന്റെ ആവശ്യം. സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം സ്ഥലത്തെത്തി പരിശോധന നടത്തിയ അസി. എന്‍ജിനിയര്‍ 4.85 മീറ്റര്‍ മാറ്റി മതില്‍കെട്ടാന്‍ അനുമതി നല്‍കാവുന്നതാണെന്ന് കാണിച്ച് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി.
ഇന്നലെ നടക്കാനിരുന്ന പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തിന് അനുസൃതമായി നടപടി സ്വീകരിക്കാനിരിക്കെ സ്വകാര്യ വ്യക്തി ഇന്നലെ മതില്‍ കെട്ടാന്‍ ആരംഭിച്ചു. ഇതില്‍ പ്രകോപിതനായാണ് പൊതുപ്രവര്‍ത്തകനായ രാജന്‍ ആത്മഹത്യക്ക് ശ്രമിച്ചത്.
പഞ്ചായത്ത് ഇടപെട്ട് മതില്‍കെട്ടല്‍ തടഞ്ഞതായി സെക്രെട്ടറി എ.ടി ബിജുകുമാര്‍ പറഞ്ഞു. സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലും പൊലിസുകാര്‍ക്ക് പരുക്കേല്‍ക്കാനിടയായ സംഭവത്തിലും രാജനും സുരേഷിനുമെതിരേ മാറനല്ലൂര്‍ പൊലിസ് കേസ് റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."