വിദേശത്ത് പോയ ഭരണപക്ഷത്തെ ഒരംഗം തിരിച്ചെത്തിയതിലൂടെ എല്‍.ഡി.എഫിന്റെ തന്ത്രം പാളി മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ അവിശ്വാസ പ്രമേയം വോട്ടിങ്ങിലൂടെ തള്ളി
മാവൂര്‍: യു.ഡി.എഫിനും എല്‍.ഡി.എഫിനും തുല്യ അംഗബലമുള്ള മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ ഭരണ പക്ഷത്തെ ഒരംഗം വിദേശത്ത് പോയ അവസരം നോക്കി എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടിങ്ങിലൂടെ തള്ളി.
ആകെ പതിനെട്ട് സീറ്റുള്ള ഗ്രാമപഞ്ചായത്ത് ഭരണ സമിതിയില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ഒന്‍പത് വീതം അംഗങ്ങളാണുള്ളത്. ഇതേതുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫ് ഭരണം നിലനിര്‍ത്തിയിരുന്നത്. ഇതിനിടെ യു.ഡി.എഫിന്റെ പത്താംവാര്‍ഡ് അംഗമായിരുന്ന ജയശ്രീ ദിവ്യപ്രകാശ് ഒരുമാസത്തെ സന്ദര്‍ശനത്തിന് വിദേശത്ത് പോയതായിരുന്നു.
വിദേശത്ത് ജോലിചെയ്യുന്ന ഭര്‍ത്താവിന്റെ അടുത്ത് പോകാന്‍ പഞ്ചായത്തീരാജ് അനുസരിച്ച് ഒരുമാസത്തെ ലീവ് വാങ്ങി പോകുന്ന മെമ്പര്‍ക്ക് ഭരണസമിതിയിലെ എല്‍.ഡി.എഫ് അടക്കമുള്ള അംഗങ്ങള്‍ യാത്രയയപ്പ് നല്‍കിയതാണ്. മെമ്പര്‍ വിദേശത്തെത്തിയെന്ന് ഉറപ്പുവരുത്തിയശേഷം പുതുക്കുടി സുരേഷിന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫിലെ ഒന്‍പത് അംഗങ്ങളും ചേര്‍ന്നാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഷോപ്പിങ് കോംപ്ലക്‌സ് നര്‍മാണത്തിലും പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസനിധി വിതരണത്തിലും അഴിമതിയുണ്ടെന്നാരോപിച്ചായിരുന്നു അവിശ്വാസ പ്രമേയം. വിദേശത്തെത്തിയ യു.ഡി.എഫ് അംഗം വിവരമറിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയതോടെ ഭരണം പിടിച്ചെടുക്കാമെന്ന എല്‍.ഡി.എഫ് നേതൃത്വത്തിന്റെ മോഹത്തിനു മങ്ങലേറ്റു.
ഇന്നലെ കാലത്ത് 10മണിമുതല്‍ മൂന്നുമണിക്കൂര്‍ നടന്ന ചര്‍ച്ചക്കൊടുവില്‍ പ്രസിഡന്റിനെതിരേയുള്ള അവിശ്വാസ പ്രമേയത്തിന്‍മേല്‍ വോട്ടെടുപ്പ് നടന്നു. ഇരുവിഭാഗത്തിനും ഒന്‍പത് വീതം വോട്ടായതിനാല്‍ അവിശ്വാസപ്രമേയം തള്ളുകയായിരുന്നു.
യു.ഡി.എഫ് ഭരണസമിതി അംഗങ്ങളെ ആനയിച്ച് മാവൂരില്‍ ആഹ്ലാദപ്രകടനം നടത്തി. സി.പി കൃഷ്ണന്‍, ഗിരീഷ് കമ്പളത്ത്, കെ ആലിഹസ്സന്‍, തേനുങ്ങല്‍ അഹമ്മദ് കുട്ടി, പി മണി, മലയില്‍ അബ്ദുറഹ്മാന്‍ ഹാജി, പി.എം അബ്ദുറഹ്്മാന്‍, ഒ.എം നൗഷാദ്, ഷാക്കിര്‍ പാറില്‍, ഇസ്മായില്‍ മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ യു.എ ഗഫൂര്‍, സുബൈദ കണ്ണാറ, സാജിത പാലിശ്ശേരി, ജയശ്രീ ദിവ്യപ്രകാശ്, മൈമൂന കടുങ്ങാഞ്ചേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മാവൂരില്‍ നടന്ന പൊതുസമ്മേളനത്തില്‍ യു.ഡി.എഫ് ചെയര്‍മാന്‍ ചിറ്റടി അഹമ്മദ് കുട്ടിഹാജി അധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് സി മുനീറത്ത്, വൈസ് പ്രസിഡന്റ് വളപ്പില്‍ റസാഖ്, കെ ഉസ്മാന്‍, വാസന്തി വിജയന്‍, എന്‍.പി അഹമ്മദ്, കെ.എം അപ്പുക്കുഞ്ഞന്‍, വി.കെ റസാഖ് പ്രസംഗിച്ചു. വി.എസ് രഞ്ജിത്ത് സ്വാഗതവും ടി. ഉമ്മര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."